ad
Deshabhimani

ബാങ്ക് ജീവനക്കാരും ഓഫീസർമാരും അടിമകളല്ല

bank
avatar
എസ് എസ് അനിൽ

Published on Sep 20, 2025, 08:49 AM | 3 min read

2025 സെപ്തംബർ 19 രാവിലെ 10 മണി, എറണാകുളം ജില്ലയിലെ പ്രമുഖ പൊതുമേഖലാ ബാങ്കിന്റെ നഗരത്തിലെ ശാഖയിലെ ചീഫ് മാനേജറും ഇതരസംസ്ഥാനക്കാരിയായ ഒരു വനിതാ ചീഫ് മാനേജറെ കാണാതെയായി. അവരുടെ താമസസ്ഥലത്ത് ഒരു കുറിപ്പ് എഴുതിവച്ചാണ് അവർ വീടുവിട്ടത്. ബാങ്കിൽ അനുഭവിക്കുന്ന ജോലി സംബന്ധമായ പിരിമുറുക്കമാണ് കാരണമായി രേഖപ്പെടുത്തിയിരുന്നത്. തലേന്ന് സോണൽ ജനറൽ മാനേജർ അവരെ രണ്ട് തവണ വിളിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ സോണൽ മാനേജറുടെ കീഴ്ജീവനക്കാരോടുള്ള പെരുമാറ്റത്തെ സംബന്ധിച്ച് 'വളരെ നല്ല' അഭിപ്രായമാണ് പൊതുവേ ബാങ്കിലെ ജീവനക്കാർക്കും ഓഫീസർമാർക്കും ഉള്ളത്. ഏതായാലും വൈകിട്ടായതോടെ വീട് വിട്ടിറങ്ങിയ ചീഫ് മാനേജറെ പോലീസ്  കണ്ടെത്തിയിട്ടുണ്ട്. അത് വരെ ഭയന്ന് വിറച്ചിരുന്ന ജനറൽ മാനേജർ വീണ്ടും മറ്റ് പല വിശദീകരണങ്ങളുമായി തലപൊക്കിയിട്ടുണ്ട്.


അടുത്തിടെയാണ് എറണാകുളത്ത് തന്നെയുള്ള മറ്റൊരു പൊതുമേഖലാ ബാങ്കിൻ്റെ റീജണൽ മാനേജർ ഒരു വനിതാ ജീവനക്കാരിയോട്  ഇടപാടുകാരുടെ മുന്നിൽ വച്ച് വളരെ മോശം ഭാഷയിൽ സംസാരിച്ചതും ജീവനക്കാരുടെ സംഘടന,ബിഇഎഫ്ഐ, അതിനെതിരെ പ്രതികരിച്ച് പ്രകടനം നടത്തിയതുമായ വാർത്ത മാധ്യമങ്ങളിൽ വന്നത്. അവിടത്തെ റീജണൽ മാനേജറുടെയും കീഴ്ജീവനക്കാരോടുള്ള സമീപനം 'കു'പ്രസിദ്ധമാണ്.


അതിനും ഏതാനം മാസങ്ങൾക്ക് മുൻപാണ് മറ്റൊരു പൊതുമേഖലാ ബാങ്കിലെ മേലധികാരികൾ അവിടത്തെ ഓഫീസറെ ജാതിപ്പേര് വിളിച്ചതും ശാരീരികമായി പീഡിപ്പിച്ചതുമായ വാർത്ത വന്നത്. തുടർന്ന് ഇരയായ ഓഫീസറെ ഗുജറാത്തിലെ ഒരു ഗ്രാമീണ ശാഖയിലേക്ക് ബാങ്ക് നാട് കടത്തി. അതേ ബാങ്ക് ഇപ്പോൾ പുറപ്പെടുവിച്ച വിചിത്രമായ ഒരു ഉത്തരവ് ചുവടെ കൊടുക്കുന്നു.


''....All Branch Managers are strictly warned to immediately ensure minimum 6–7 Savings Accounts and 1 Current Account daily and daily disbursing of loans to achieve their respective targets. Any further disobedience will invite serious consequences.''


ദിവസവും 7 എസ്ബി അക്കൗണ്ടും കറണ്ട് അക്കൗണ്ടും വായ്പാ വിതരണവും നിർബന്ധമായി നടത്തിയില്ലെങ്കിൽ, യാതൊരു മാനദണ്ഡവും പാലിക്കാതെ തീരുമാനിച്ച ടാർജറ്റുകൾ പൂർത്തീകരിച്ചില്ലെങ്കിൽ, ഉണ്ടാകുന്ന ഭവിഷ്യത്ത് വളരെ വലുതായിരിക്കും എന്ന് ചുരുക്കം. അതേ ബാങ്ക് അവിടെ പ്രവർത്തിക്കുന്ന റെജിസ്ട്രേഡ് ട്രേഡ് യൂണിയൻ്റെ ജനറൽ സെക്രട്ടറിക്ക് വിചിത്രമായ ഒരു കാരണം കാണിക്കൽ നോട്ടീസും നൽകി. കേന്ദ്ര റീജണൽ ലേബർ കമ്മീഷണർ തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് വിളിച്ച ചർച്ചയിൽ പങ്കെടുക്കാൻ ലീവ് എടുത്തതിനാണ് കാരണം കാണിക്കൽ നോട്ടീസ്.


കേരളത്തിൽ തന്നെ കൊല്ലങ്കോട്, കോഴിക്കോട്, കരുവന്നൂർ ശാഖകളിൽ പണിയെടുത്തിരുന്ന മൂന്ന് ഓഫീസർമാരെ, അവർ റീജണൽ മാനേജർ വിളിച്ച ഒരു വീഡിയോ യോഗത്തിൽ ശാഖയിലെ സിസ്റ്റത്തിൻ്റെ കുറ്റങ്ങൾ ചൂണ്ടിക്കാണിച്ചു എന്ന കാരണത്താൽ യഥാക്രമം പഞ്ചാബ്, ഉത്തർപ്രദേശ്, ഒറീസ സംസ്ഥാനങ്ങളിലെ ഉൾ ശാഖകളിലേക്ക് നാട് കടത്തി. 57 വയസ് കഴിഞ്ഞ വിധവയും അസുഖബാധിതയുമായ മറ്റൊരു ജീവനക്കാരിയെ സമാനമായ കാരണം ചൂണ്ടിക്കാണിച്ച് തമിഴ്നാട്ടിലെ ഒരു ശാഖയിലേക്ക് മാറ്റുകയും അവിടെ വച്ച് അസുഖം ബാധിച്ച് അവർ മരണമടയുകയും ചെയ്തു. കഴിഞ്ഞ വർഷമാണ് പെരുമ്പാവൂർ ശാഖയിലെ ചെറുപ്പക്കാരനായ ഒരു ഓഫീസർ ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിൻ്റെ ഭാര്യ ഏതാനം മാസങ്ങൾക്ക് മുൻപ് കാൻസർ ബാധിച്ച് മരിച്ചിരുന്നു. രണ്ട് ചെറിയ മക്കളെ നോക്കുന്നതിന് തൃശൂർ ജില്ലയിലേക്ക് സ്ഥലം മാറ്റ അപേക്ഷ നൽകിയത് പരിഗണിച്ചില്ല എന്ന് മാത്രമല്ല അർഹമായ ലീവപേക്ഷ പോലും നിരസിക്കുകയായിരുന്നു അധികാരികൾ. ഇത് കേരളത്തിലെ ചില ബാങ്കുകളിൽ നിന്നുള്ള വിവരങ്ങളാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നടന്ന ചില സംഭവങ്ങളെക്കുറിച്ച് A14 എന്ന ഒരു ഓൺലൈൻ പോർട്ടൽ പ്രസിദ്ധീകരിച്ച വാർത്ത ഏറെ ഞെട്ടിക്കുന്നതാണ്.


തന്റെ വിവാഹ വാർഷികമായിരുന്നിട്ടു കൂടി ഒരു യുവ ബാങ്ക് ജീവനക്കാരൻ ഭാര്യയുമായി പുറത്തുപോകുന്നതിനു പകരം ഗുജറാത്തിലെ ഒരു റെയിൽവേ ട്രാക്കിൽ നിൽക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ദേശസാൽകൃത ബാങ്കുകളിലൊന്നിലെ തന്റെ സീനിയർ ഉദ്യോഗസ്ഥൻ തന്റെ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഈ സംഭവം. “എനിക്കിനി ഇത് സഹിക്കാൻ കഴിയില്ല. ജീവിക്കാനുള്ള ആഗ്രഹം എനിക്ക് നഷ്ടപ്പെട്ടു” ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചുകൊണ്ട് അയാൾ പറഞ്ഞു. വിറയലോടെ, താൻ ട്രാക്കിൽ നിൽക്കുകയാണെന്നും അയാൾ പറഞ്ഞു. ഈ കോളും ഇതിനു മുൻപ് സീനിയർ ഉദ്യോഗസ്ഥൻ ഈ ജീവനക്കാരനെ അധിക്ഷേപിച്ചുകൊണ്ടുള്ള കോളും പുറത്ത് വന്നിട്ടുണ്ട്. ആ രാത്രിയിൽ ഫോണിൽ വിളിച്ച് അദ്ദേഹത്തോട് ചില സഹപ്രവർത്തകർ സംസാരിക്കുകയും ഒടുവിൽ ആ യുവാവ് ശാന്തനാവുകയും വീട്ടിലേക്ക് പോകാൻ തീരുമാനിക്കുകയും ചെയ്തു. 2024 ഏപ്രിൽ 26-നാണ് സംഭവം നടന്നത്.

മറ്റൊരു ബാങ്കിലെ ഒരു ചീഫ് മാനേജർ 2024 ഫെബ്രുവരിയിൽ ഗുജറാത്തിൽ ആത്മഹത്യ ചെയ്തു, അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പിൽ ജോലിയിലെ സംസ്കാരത്തെയും ജോലിഭാരത്തെയും കുറ്റപ്പെടുത്തിയിരുന്നു. "ജീവനക്കാർക്ക് അപ്രായോഗികമായ ടാർഗറ്റുകൾ നൽകി അവരെ ഭീഷണിപ്പെടുത്തരുത്, അല്ലെങ്കിൽ എന്നെപ്പോലെ മറ്റുള്ളവരും ആത്മഹത്യയിലേക്ക് നയിക്കപ്പെടും'–കുറിപ്പിൽ പറയുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം, തമിഴ്നാട്ടിലെ ഒരു ബാങ്കിന്റെ ശാഖാ മാനേജരും ജോലി സംബന്ധമായ സമ്മർദ്ദം കാരണം ആത്മഹത്യചെയ്തു. അദ്ദേഹത്തിന് ഒരുവയസ്സുള്ള മകളുണ്ട്.


മേലധികാരികളുടെ ഭീഷണിയും സമ്മർദ്ദവും ചൂണ്ടിക്കാണിച്ച് തീവണ്ടിക്കു മുൻപിൽ ചാടി ജീവിതമവസാനിപ്പിച്ച ഒരു ബാങ്ക് മാനേജർ തന്റെ ശരീരം തെരുവ് നായ്ക്കൾക്ക് എറിഞ്ഞ് നൽകണമെന്ന് കൂടി കുറിച്ച് വച്ചതായ വാർത്തയും വന്നിരുന്നു. പട്ടിക നീളുകയാണ്. 2023 ഓഗസ്റ്റിൽ ഒരൊറ്റ ആഴ്ചയിൽ അഞ്ച് ബാങ്ക് ജീവനക്കാരുടെ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2024 ഏപ്രിലിൽ രണ്ട് സംഭവങ്ങളും 2024 മെയിൽ ഒരു സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു, 2024 മെയിൽ ഒരു ബ്രാഞ്ച് മാനേജർ ഉയർന്ന ടാർഗറ്റുകളുമായി ബന്ധപ്പെട്ട സമ്മർദ്ദവും വിഷാദവും കാരണം ആത്മഹത്യ ചെയ്തു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ജോലി സംബന്ധമായ പ്രശ്നങ്ങൾ കാരണം ഇന്ത്യയിൽ അഞ്ഞൂറോളം ബാങ്ക് ജീവനക്കാർ ആത്മഹത്യ ചെയ്തുവെന്നാണ് ഒരു കണക്ക് സൂചിപ്പിക്കുന്നത്. ചിലർ മുതിർന്ന ഉദ്യോഗസ്ഥരുടെ പീഡനവും ഉപദ്രവവും ചൂണ്ടിക്കാട്ടി ആത്മഹത്യാക്കുറിപ്പുകൾ എഴുതിവെച്ചു. ചില കേസുകളിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ ആത്മഹത്യാപ്രേരണ കുറ്റത്തിന് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു, അവരിൽ ചിലർ അറസ്റ്റിലാവുകയും ചെയ്തു.


ഇന്ന് പൊലിയുമായിരുന്ന ഒരു ജീവൻ തിരിച്ച് കിട്ടി. ഇത് ഇനി ആവർത്തിക്കാൻ അനുവദിച്ചുകൂടാ‍, ബാങ്കിങ്‌ മേഖലയിലെ എല്ലാ സംഘടനകളും, രാജ്യത്താകെ അടിച്ചേൽപ്പിച്ചിരിക്കുന്ന നവലിബറൽ മുതലാളിത്ത സാമ്പത്തിക നയത്തിൻ്റെ വക്താക്കളാകാൻ ശ്രമിക്കുന്ന മനുഷ്യത്വം മരവിച്ച ചിലരുടെ നികൃഷ്ട ചെയ്തികൾക്ക് അറുതി വരുത്തുന്നതിന് ഒറ്റക്കെട്ടായി രംഗത്തിറങ്ങാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home