പരിണാമസിദ്ധാന്തം മുതൽ തൂക്കുകയറിന്റെ ചിരിവരെ

അപൂർവ സ്റ്റാമ്പ്–നാണയ–കറൻസി ശേഖരവുമായി ബാലകൃഷ്ണൻ ഫോട്ടോ: ജഗത് ലാൽ
ഉണ്ണി ഈന്താട്
Published on Nov 30, 2025, 12:02 AM | 2 min read
ഡാർവിന്റെ പരിണാമസിദ്ധാന്തം മുഴുവനായി പോസ്റ്റൽ സ്റ്റാമ്പുകളിലൂടെ ഒന്നു കണ്ടുപഠിച്ചാലോ? അല്ലെങ്കിൽ ജൈവലോക വിസ്മയങ്ങളടങ്ങിയ സ്റ്റാമ്പ് ഡിക്‌ഷണറി ഒന്നു കണ്ടുനോക്കിയാലോ? അതുമല്ലെങ്കിൽ ലോകനേതാക്കളുടെയെല്ലാം ചരിത്രം നാണയശേഖരങ്ങളിലൂടെ അറിഞ്ഞാലോ?
സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും കറൻസികളുടെയും ലോകത്ത് അത്ഭുതപ്പെടുത്തുകയാണ് എൺപത്തിരണ്ടുകാരനായ ബാലകൃഷ്‌ണേട്ടൻ എന്ന കോഴിക്കോട് ചേളന്നൂർ 7/6ലെ നിപുരിയിൽ നൂഞ്ഞോടി ബാലകൃഷ്ണൻ. അദ്ദേഹത്തിന് ഇത് വെറുമൊരു ഹോബിയല്ല; ജീവിതകാലം മുഴുവൻ സ്റ്റാമ്പുകൾക്കും നാണയങ്ങൾക്കും പിന്നാലെ അലഞ്ഞുനടന്ന് ചരിത്രത്തിന്റെ ഭാഗമായി മാറിയതാണ് ഇൗ മനുഷ്യൻ.
ഹിസ്റ്ററി ഓഫ് ഇന്ത്യ, സുവോളജി, ബോട്ടണി, ആർട്ട് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി വിലമതിക്കാനാകാത്ത ആയിരക്കണക്കിന് അപൂർവ സ്റ്റാമ്പ്, നാണയ ശേഖരമാണ് ബാലകൃഷ്ണന്റെ പക്കലുള്ളത്. ലോകത്തുതന്നെ മറ്റൊരിടത്തും ഇത്തരത്തിലുള്ള കലക്‌ഷൻ ഉണ്ടാകില്ലെന്ന് അദ്ദേഹത്തിന്റെ ആത്മവിശ്വാസം.

യാത്ര തുടരുന്നു
1954ൽ തുടങ്ങിയതാണ് സ്റ്റാമ്പുകളോടും നാണയങ്ങളോടുമുള്ള പ്രണയം. പിന്നെ നീണ്ട 71 വർഷമായി അപൂർവമായവയെല്ലാം ശേഖരിക്കാനും ചിട്ടയോടെ സൂക്ഷിക്കാനുമുള്ള ശ്രമങ്ങൾ തുടരുന്നു. 82–ാംവയസ്സിലും അദ്ദേഹത്തിനിത് ജീവിതദൗത്യമാണ്. 1963ൽ സൈന്യത്തിൽ മെഡിക്കൽ കോറിൽ ജോലി ലഭിച്ച ബാലകൃഷ്ണൻ 1979ൽ അവിടത്തെ സേവനം അവസാനിപ്പിച്ചു. പിന്നീട് ഓഡിറ്റ് വകുപ്പിലേക്ക് മാറി. 2003ൽ ഒൗദ്യോഗികജീവിതം പൂർണമായും അവസാനിപ്പിച്ചു. ഇക്കാലമത്രയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ചില രാജ്യങ്ങളിലും സ്റ്റാമ്പുകളും നാണയങ്ങളും തേടി യാത്ര ചെയ്തു. യാത്ര ഇപ്പോഴും തുടരുന്നു. സർവീസിലിരിക്കുന്പോൾ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സ്റ്റാമ്പ്–- നാണയ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. വെറും കൗതുകത്തിനുവേണ്ടിയല്ല, ഈ പ്രദർശനങ്ങൾ. ഇതിലൂടെ ആളുകൾക്ക് ചരിത്രവും ജന്തു-സസ്യ വൈവിധ്യവുമെല്ലാം പഠിപ്പിച്ചുകൊടുക്കുകയാണ് അദ്ദേഹം.
പാഠപുസ്തകം
ചരിത്ര- സയൻസ് വിദ്യാർഥികൾക്ക് ഒരു പാഠപുസ്തകംതന്നെയാണ് ബാലകൃഷ്ണന്റെ സ്റ്റാമ്പ്-നാണയ ശേഖരം. ഏകകോശ ജീവികളിൽനിന്ന് മനുഷ്യനിലേക്കുള്ള പരിണാമചരിത്രം വളരെ വ്യക്തമായി അദ്ദേഹം സ്റ്റാമ്പുകളിലൂടെ കാണിക്കുന്നു. മത്സ്യത്തിൽനിന്ന് പാമ്പുകളിലേക്കുള്ള പരിണാമം, പാമ്പിൽനിന്ന് പക്ഷികളിലേക്കുള്ള പരിണാമം. ഇതെല്ലാം ഇഴപൊട്ടാതെ സ്റ്റാമ്പുകളിലൂടെ വിവരിച്ചുതരുമ്പോൾ ആരും അത്ഭുതപ്പെട്ടുപോകും.
ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്നതും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആരംഭംമുതലുള്ള ചരിത്രം പറയുന്ന നാണയങ്ങളുമെല്ലാം അദ്ദേഹത്തിന്റെ പക്കലുണ്ട്. ലോകനേതാക്കൾക്കായി പ്രത്യേക വിഭാഗംതന്നെയുണ്ട്. ‘തൂക്കുകയറിന്റെ ചിരി' എന്ന വിഭാഗം തൂക്കിലേറ്റപ്പെട്ട ഇന്ത്യയുടെ സ്വാതന്ത്ര്യസമരസേനാനികൾക്കുള്ള ആദരമാണ്. ജന്തുവർഗത്തിൽ വംശനാശം സംഭവിച്ച ജീവികളുടെയും ഇപ്പോൾ വംശനാശം സംഭവിക്കുന്നവയുടെയും പ്രത്യേക സ്റ്റാമ്പ് ശേഖരമുണ്ട്. സ്വയം പ്രകാശിക്കുന്ന ജീവികളുമായി ബന്ധപ്പെട്ട് വിദേശത്തുനിന്നുള്ള സ്റ്റാമ്പ് ശേഖരം അടക്കം ഓരോന്നും സൂക്ഷിച്ചിട്ടുണ്ട്. ഇരുനൂറിലേറെ രാജ്യങ്ങളുടെ സ്റ്റാമ്പുകൾ ബാലകൃഷ്ണന്റെ കൈവശമുണ്ട്.

60 രൂപയുടെ നാണയം
നാണയങ്ങളുടെ അത്ഭുതശേഖരത്തിൽ ഇന്ത്യയിൽ ഇറക്കിയ 60, 90, 125, 550, 800, 900, 1000 രൂപയിലുള്ള അപൂർവ നാണയങ്ങളുണ്ട്. രണ്ടുവർഷംമുന്പാണ് ബാലകൃഷ്ണൻ വിവിധ രാജ്യങ്ങളുടെ കറൻസികൾ ശേഖരിക്കാൻ തുടങ്ങിയത്. നൂറിലേറെ രാജ്യങ്ങളുടെ കറൻസികൾ കൈവശമുണ്ട്. സ്വന്തം നാടായ ചേളന്നൂരിന്റെ പിൻകോഡ് നമ്പരുള്ള കറൻസിയും തന്റെയും റിട്ട. ഹൈസ്‌കൂൾ അധ്യാപികയായ ഭാര്യ സീതാലക്ഷ്‌മിയുടെയും മക്കളുടെയും മരുമക്കളുടെയുമെല്ലാം ജനനവർഷവും മാസവും തീയതിയും ഉൾപ്പെട്ട അക്കങ്ങളിലുള്ള കറൻസികളും പതിനായിരക്കണക്കിന് കറൻസികളിൽനിന്ന് തെരഞ്ഞെടുത്ത് സൂക്ഷിച്ചിട്ടുണ്ട്.









0 comments