വികസന അനുഭവങ്ങൾക്ക് മാർക്കിട്ട് സന്തോഷ് കീഴാറ്റൂർ


സ്വന്തം ലേഖകൻ
Published on Dec 04, 2025, 01:45 AM | 1 min read
തളിപ്പറന്പ്
വികസന വഴികളിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഹൃദയപക്ഷത്തിനായി വോട്ടഭ്യർഥിച്ച് നടൻ സന്തോഷ് കീഴാറ്റൂർ. സിനിമാ ഷൂട്ടിങ്ങിന്റെ തിരക്കിൽ ഇടവേളയെടുത്താണ് താരം ബുധനാഴ്‌ച തളിപ്പറന്പിലെ തെരഞ്ഞെടുപ്പ് ആരവത്തിലേക്കിറങ്ങിയത്. നട്ടുച്ച വെയിലിന്റെ കാഠിന്യത്തെ വകവയ്‌ക്കാതെ പകൽ ഒന്നിന് കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴ കൃഷ്‌ണപിള്ള സ്മാരക മന്ദിരത്തിലെത്തിയവർക്ക് മുന്നിൽ സന്തോഷ് കീഴാറ്റൂർ വാചാലനായി. ഇൗയടുത്തകാലത്തൊന്നും ഒരു ഡോക്ടർക്കും 100രൂപപോലും ഫീസായി നൽകേണ്ടിവന്നിട്ടില്ല, എന്താ കാരണം എന്ന് ചോദിച്ചാൽ വീടിനടുത്തുള്ള കൂവോട്ടെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽപോയാൽ എന്തിനും ഏതിനും സൗജന്യമായി ഡോക്ടറും മരുന്നുണ്ട്. പിന്നെന്തിന് സ്വകാര്യ ക്ലിനിക്കുകളിൽ പണം നൽകണം. ഞാൻ കൊച്ചിയിൽ താമസിക്കുന്നതിനടുത്താണ് ബ്രഹ്മപുരം. മുൻ ഭരണസമിതികളുടെ കാലത്ത് അതൊരു മാലിന്യക്കുന്നായിരുന്നു. എന്നാൽ എൽഡിഎഫ് അധികാരമേറ്റെടുത്തതതോടെ അത് പൂങ്കാവനമായി മാറി. ഇത്തരത്തിൽ ആശുപത്രികളിൽ, റോഡുകളിൽ, സ്‌കൂളുകളിൽ എല്ലാമെല്ലാം എത്രയെത്ര വികസനങ്ങളാണ് കൺമുന്നിൽ അനുഭവവേദ്യമാകുന്നത്. നാട്ടിൽ ഞാൻ താമസിക്കുന്നത് യുഡിഎഫ് ഭരിക്കുന്ന തളിപ്പറന്പ് നഗരസഭയിലാണെന്നത് വല്ലാതെ നിരാശപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം അമ്മയ്‌ക്കൊപ്പം ശബരിമലയിൽപോയി. എന്തുമാത്രം സൗകര്യങ്ങളാണ് അവിടെ സർക്കാർ ഒരുക്കിയത്. വളരെ ചിട്ടയോടെ മികച്ച രീതിയിൽ ദർശനം സാധ്യമായി. എല്ലാ സൗകര്യങ്ങളുമുണ്ട്. എന്നാൽ മറിച്ചും ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അത്തരത്തിലുള്ള നുണകളെ അവഗണിക്കണം. ഇൗ സർക്കാരിൽ ഒരു മന്ത്രിക്കെതിരെപോലും കാന്പുള്ള ഒരു അഴിമതി ആരോപണംപോലും ഉന്നയിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല എന്നതും മനസ്സിലാക്കേണ്ടതുണ്ട്. കലാകാരന്മാരെയും ചെറുപ്പക്കാരെയും ദുർബല ജനവിഭാഗങ്ങളെയും എന്നുവേണ്ട എല്ലാ വിഭാഗത്തിനെയും ചേർത്തുപിടിക്കുന്ന ഇടതുപക്ഷം വളരെ മികച്ച ഭൂരിപക്ഷത്തോടെ ജയിക്കണമെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇൗ ജയം ആവർത്തിക്കാൻ കഴിയണമെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു. എന്തുകൊണ്ട് ഇടതുപക്ഷമെന്നും എന്തിനാണ് ഇടതുപക്ഷം തുടരേണ്ടതെന്നും അദ്ദേഹം ചുരുങ്ങിയ വാക്കുകളിൽ ജനഹൃദയങ്ങളിലേക്ക് പകർന്നു. വൈകിട്ട് കണ്ണൂർ സിറ്റിയിലും അദ്ദേഹം എൽഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി പ്രചാരണത്തിനെത്തി.








0 comments