ഓഷ്യനേറിയം വിനോദസഞ്ചാര പദ്ധതി
തിരുമുല്ലവാരത്തിന് പുതിയമുഖം

കൊല്ലം
വൈകാതെ കൊല്ലം തീരത്തെ തിരുമുല്ലവാരം തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി മാറും. 300കോടിക്കടുത്ത് മുതൽമുടക്ക് വേണ്ട ഓഷ്യനേറിയം ടൂറിസം പദ്ധതിയാണ് തിരുമുല്ലവാരത്തിന്റെ മുഖം മാറ്റുക. തിരുമുല്ലവാരം അക്വോറിയം ഹാച്ചറിയോട് ചേർന്നുള്ള സർക്കാർ സ്ഥലവും തൊട്ടടുത്തായുള്ള സ്വകാര്യ ഭൂമിയും ഇതിനായി കണ്ടെത്തിയിട്ടുള്ളത്. മന്ത്രി കെ എൻ ബാലഗോപാൽ തിരുമുല്ലവാരം സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. സർക്കാർ പ്രഖ്യാപിച്ച തങ്കശേരി, തിരുമുല്ലവാരം ടൂറിസം സർക്യൂട്ട് പദ്ധതി യാഥാർഥ്യമാകുന്നതോടെയും ഇവിടേക്ക് കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കാനാകും. നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് എം മുകേഷ് എംഎൽഎ, അന്നത്തെ മേയർ പ്രസന്ന ഏണസ്റ്റ്, സ്ഥിരംസമിതി ചെയർപേഴ്‌സൺ യു പവിത്ര എന്നിവർ ചേർന്ന് നിവേദനം നൽകിയിരുന്നു. തുടർന്ന് ടൂറിസം സർക്യൂട്ടിന് അഞ്ചുകോടി സംസ്ഥാന ബജറ്റിൽ അനുവദിച്ചു. തിരുമുല്ലവാരത്ത് പാർക്കിന്റെ നവീകരണത്തിന് കൊല്ലം കോർപറേഷൻ 12ലക്ഷത്തിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിന്റെ കരാറായി. ഇവിടെ വൈകാതെ പ്രവർത്തനം ആരംഭിക്കുന്ന സ്വകാര്യ ഹോട്ടലും നിർദിഷ്‌ട തീരദേശ ഹൈവേയും വിനോദസഞ്ചാരികൾക്ക് ഏറെ പ്രയോജനമാകും. തീരദേശ ഹൈവേയ്‌ക്ക് ഭൂമി ഏറ്റെടുക്കൽ വേഗത്തിലാണ്. കടലിൽ ഏറ്റവും ആഴംകുറഞ്ഞ ഭാഗമായാണ് തിരുമുല്ലവാരം തീരം അറിയപ്പെടുന്നത്.








0 comments