print edition മറനീക്കി ‘കലിക്കറ്റി’ൽ കോ–ലീ–ബി സഖ്യം ; സംഘപരിവാർ വേദിയിൽ കോൺഗ്രസ്, ലീഗ് സിൻഡിക്കറ്റംഗങ്ങൾ

തേഞ്ഞിപ്പലം
കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രവുമായി തിരുവനന്തപുരം ലോക് ഭവനിൽ സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങിൽ മുസ്ലിംലീഗ്, കോൺഗ്രസ് സിൻഡിക്കറ്റംഗങ്ങൾ പങ്കെടുത്തതോടെ പ്രതിരോധത്തിലായി യുഡിഎഫ്. കലിക്കറ്റ് സർവകലാശാലയിലെ കോ-ലീ–ബി ബന്ധമാണ് മറനീക്കിയത്. ചടങ്ങിൽ പ്രതിഷേധം ഉയർത്തി ഇടതുപക്ഷ സിൻഡിക്കറ്റംഗങ്ങൾ പരിപാടി ബഹിഷ്‌കരിച്ചിരുന്നു. എന്നാൽ, ലീഗ്, കോൺഗ്രസ് അംഗങ്ങൾ വിനീതവിധേയരായി പങ്കെടുത്തു.
ലീഗ് സിൻഡിക്കറ്റംഗം ഡോ. പി റഷീദ് അഹമ്മദും കോൺഗ്രസ് സിൻഡിക്കറ്റംഗം പി മധുവുമാണ് പങ്കെടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിണക്കേണ്ടതില്ലെന്ന യുഡിഎഫ് നേതൃത്വത്തിന്റെ നിർദേശമനുസരിച്ചാണ് ഇരുവരും ചടങ്ങിൽ പങ്കാളികളായതെന്നാണ് സൂചന. ആറുമാസംമുമ്പുതന്നെ ഇ കൊമേഴ്‌സ് കുത്തകകളായ ആമസോണിൽ ലഭ്യമായ ഭക്തിയാർ കെ ദാദാഭായി, ഡോ. ജോൺ മത്തായിയെക്കുറിച്ച് എഴുതിയ ‘ഹോണസ്റ്റ് ജോൺ' എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് ലോക്ഭവനിൽ ചാൻസലർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചത്.
കലിക്കറ്റിന്റെ വൈസ് ചാൻസലർ പദവി മോഹിക്കുന്ന താൽക്കാലിക വിസി ഡോ. പി രവീന്ദ്രനായിരുന്നു മുഖ്യ സംഘാടകൻ. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനാ നേതാവായ ഇദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ കോ-ലീ–ബി അനുകൂല സർവീസ് സംഘടനാ നേതാക്കളാണുള്ളത്. ആരിഫ് മൊഹമ്മദ്‌ഖാൻ ചാൻസലറായിരുന്ന കാലത്താണ് കലിക്കറ്റിൽ കോ-ലീ-ബി സഖ്യത്തിന്റെ തുടക്കം. സെനറ്റിലേക്ക് അന്നത്തെ വിസി ഡോ. എം കെ ജയരാജ് നൽകിയ പാനൽ തള്ളി കോൺഗ്രസ്, ലീഗ് നോമിനികളെ തിരുകിക്കയറ്റി. കോൺഗ്രസ് അധ്യാപക നേതാവായ ഡോ. പി രവീന്ദ്രനെ വിസിയുമാക്കി. ഇദ്ദേഹമാകട്ടെ സംഘപരിവാർ പരിപാടികളിൽ പങ്കെടുത്ത് കൂറ് തെളിയിക്കുകയും ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനമാകെ കോ–ലീ–ബി സഖ്യം അരങ്ങുവാഴുമ്പോഴാണ് ലോക്‌ഭവനിൽനിന്ന് അവിശുദ്ധ കൂട്ടുകെട്ടിന്റെ പ്രകടമായ തെളിവ് പുറത്തുവന്നത്.









0 comments