ഇടതുവസന്തത്തിന് ഭരണിക്കാവ്

ആർ ബിനു
Published on Dec 04, 2025, 01:36 AM | 1 min read
ചാരുംമൂട്
ഭരണിക്കാവ് പഞ്ചായത്തിലെ മുഴുവൻ വാർഡും താമരക്കുളത്തെ 15, ചുനക്കരയിലെ ഒമ്പത്, വള്ളികുന്നത്തെ 11 വാർഡുകൾ ചേരുന്നതാണ് ഭരണിക്കാവ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ. എൽഡിഎഫിന്റെ ഉറച്ചകോട്ടയായ ഡിവിഷനിൽ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം അഡ്വ. സഫിയ സുധീർ ആണ് എൽഡിഎഫ് സ്ഥാനാർഥി. വിദ്യാർഥി–യുവജന സംഘടനാപ്രവർത്തനത്തിലൂടെ പൊതുരാഷ്ട്രീയത്തിലേക്ക് കടന്നുവന്ന അഡ്വ. സഫിയ ഇതിനകം ജനപിന്തുണ ആർജിച്ച പൊതുപ്രവർത്തകയാണ്. ലോയേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം, വർക്കിങ് വുമൺ കോ–ഓർഡിനേഷൻ ജില്ലാ കമ്മിറ്റിയംഗം, വനിതാസാഹിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം, ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അനുഭവസന്പത്തുമായാണ് സഫിയ മത്സരരംഗത്തെത്തുന്നത്. വനിതാ സാഹിതി ജില്ലാ പ്രസിഡന്റ്, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനം. ജില്ലാ പഞ്ചായത്ത് അംഗം നികേഷ് തമ്പി ഡിവിഷനിൽ നടത്തിയ വികസന പ്രവർത്തനങ്ങളും സഫിയയ്‌ക്ക് കരുത്താകും. ഭരണിക്കാവ് ഫെസ്റ്റ് പോലെ ജനശ്രദ്ധയാകർഷിക്കുന്ന സാംസ്കാരിക പരിപാടികൾ വലിയ സ്വീകാര്യത നേടി. സാംസ്കാരിക നിലയങ്ങൾ, സ്‌മാർട്ട് അങ്കണവാടികൾ, റോഡുകൾ അടക്കം നിരവധി വികസന പ്രവർത്തനങ്ങൾ ഡിവിഷനിൽ പൂർത്തിയാക്കി. വള്ളികുന്നം, ഭരണിക്കാവ്, ചുനക്കര പഞ്ചായത്തുകളിൽ എൽഡിഎഫ് ഭരണസമിതികൾ നടത്തിയ വികസനവും ഡിവിഷനിൽ ചർച്ചയാണ്. യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ ബി രാജലക്ഷ്മിയും എൻഡിഎ സ്ഥാനാർഥിയായി സുമ ഉപാസനയും മത്സരിക്കുന്നു.









0 comments