വികസനത്തുടർച്ചയ്‌ക്ക് കുഞ്ഞിമംഗലം

പി വി ജയശ്രീ ടീച്ചർ
ശ്രീകാന്ത് പാണപ്പുഴ
Published on Dec 04, 2025, 02:00 AM | 1 min read
കുഞ്ഞിമംഗലം
കണ്ടൽക്കാടുകളാൽ പച്ചവിരിച്ച കുഞ്ഞിമംഗലത്തിന്റെ രാഷ്ട്രീയ മണ്ണ് എന്നും ചുവന്നതാണ്. അതുകൊണ്ടുതന്നെ കുഞ്ഞിമംഗലം ജില്ലാ പഞ്ചായത്ത് ഡിവിഷൻ എന്നും എൽഡിഎഫിനൊപ്പം ഹൃദയംപോൽ ചേർന്നുനിൽക്കുകയാണ്. കഴിഞ്ഞ തവണ സിപിഐ എമ്മിന്റെ യുവനേതാവ് സി പി ഷിജു 19,737 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെനിന്ന് വിജയിച്ചത്. എൽഡിഎഫിൽ സിപിഐ എമ്മിലെ പി വി ജയശ്രീ ടീച്ചറും യുഡിഎഫിൽ സിഎംപിയിലെ ഷാഹിന അബ്ദുല്ലയും എൻഡിഎക്കുവേണ്ടി ബിജെപിയിലെ സുമിത അശോകനുമാണ് കുഞ്ഞിമംഗലം ഡിവിഷനിൽനിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. കുഞ്ഞിമംഗലവും രാമന്തളിയും ചെറുതാഴം പഞ്ചായത്തിന്റെ ഒരു വാർഡ് ഒഴികെയുള്ള പ്രദേശങ്ങളുമുൾപ്പെടുന്ന കുഞ്ഞിമംഗലം ഡിവിഷനിലെ ഈ മൂന്നു പഞ്ചായത്തുകളും ഭരിക്കുന്നത് എൽഡിഎഫാണ്. കല്യാശേരി ബ്ലോക്ക് പഞ്ചായത്തിലെ പിലാത്തറ, ചെറുതാഴം ഡിവിഷനുകളും പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ കുഞ്ഞിമംഗലം, രാമന്തളി, കുന്നരു ഡിവിഷനുകളും ചേർന്നതാണ് കുഞ്ഞിമംഗലം ജില്ലാ പഞ്ചായത്ത് ഡിവിഷൻ. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളും സംസ്ഥാന സർക്കാരും നടത്തുന്ന നിരവധി ജനക്ഷേമ പദ്ധതികൾ ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. സമൂഹത്തിലെ ഓരോ വ്യക്തിയെയും തൊട്ടറിഞ്ഞ വികസനമാണ് ഇക്കാലയളവിൽ ഇവിടെ നടന്നിട്ടുള്ളത്. അതിന്റെ ആത്മവിശ്വാസവുമായാണ് വികസന തുടർച്ചാ മുദ്രാവാക്യമുയർത്തി എൽഡിഎഫ് തെരഞ്ഞെടുപ്പ് രംഗത്തുള്ളത്. തോൽക്കുമെന്ന് ഉറപ്പുളള സീറ്റ് സിഎംപിക്ക് കൊടുത്ത് രക്ഷപ്പെടുകയാണ് യുഡിഎഫിലെ പ്രധാന കക്ഷികളായ കോൺഗ്രസും മുസ്ലിംലീഗും ചെയ്‌തത്. ബിജെപിയാകട്ടെ പേരിന് ഒരു സ്ഥാനാർഥിയെ നിർത്തി എന്നതുമാത്രമാണ് നിലവിൽ ചെയ്തിട്ടുള്ളത്. മാട്ടൂൽ എംആർയുപി സ്കൂൾ റിട്ട. പ്രധാനാധ്യാപികയും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗവും ജില്ലാ പ്രസിഡന്റുമാണ് അതിയടം സ്വദേശിനിയായ പി വി ജയശ്രീ ടീച്ചർ.









0 comments