നാടിന്റെ നൊമ്പരമായി വി കെ സന്തോഷ്

പെരുമ്പാവൂർ
തെരഞ്ഞെടുപ്പുരംഗത്ത് സജീവമായിരുന്ന വി കെ സന്തോഷിന്റെ വേർപാട് നാടിനെ ദുഃഖത്തിലാഴ്ത്തി. ചൊവ്വ രാത്രി വൈകിയും എൽഡിഎഫ് പ്രവർത്തകരെ വിളിച്ച് ചിട്ടയായ പ്രവർത്തനത്തിന് ഫോണിലൂടെ നിർദേശം നൽകിയിരുന്നു. സ്ഥാനാർഥികളുടെ നാമനിർദേശപത്രിക തയ്യാറാക്കുന്നതുമുതൽ നഗരസഭയുടെ എൽഡിഎഫ് പ്രകടനപത്രിക തയ്യാറാക്കുന്നതിനും സജീവമായി.
അഭിഭാഷകൻ എന്നനിലയിലുള്ള പ്രവർത്തനത്തെക്കാൾ ഏറെ സമയവും ചെലവിട്ടത് പൊതുപ്രവർത്തനത്തിലായിരുന്ന. ശ്രീശങ്കരാ കോളേജിൽനിന്ന് എസ്എഫ്ഐയിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ സന്തോഷ് കെഎസ്‌യുവിന്റെ മർദനത്തിനിരയായിട്ടുണ്ട്. കൂവപ്പടി പഞ്ചായത്ത് അംഗം, ലോക്കൽ സെക്രട്ടറി, പെരുമ്പാവൂർ ഏരിയ കമ്മിറ്റി അംഗം, പി കെ ഗോപാലൻനായർ സ്മാരക ലൈബ്രറി പ്രസിഡന്റ് എന്നീ ചുമതലകളാണ് സന്തോഷിനെ ജനകീയനാക്കിയത്. സന്തോഷിന്റെ താൽപ്പര്യപ്രകാരം രണ്ടു കണ്ണുകളും അങ്കമാലി എൽഎഫ് ആശുപത്രിക്ക് നൽകി.
പെരുമ്പാവൂർ കോടതി സമുച്ചയം, സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ്, മരുതു കവലയിലെ വസതി എന്നിവിടങ്ങളിലെ പൊതുദർശനത്തിനുശേഷം സംസ്കാരം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ആർ മുരളീധരൻ, പുഷ്പ ദാസ്, ആർ അനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ, ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം എന്നിവർ അന്ത്യോപചാരമർപ്പിച്ചു.








0 comments