സംസ്ഥാനത്തെ ഏക പട്ടികവർഗ പഞ്ചായത്ത്
print edition ഇടമലക്കുടിയിൽ 1803 വോട്ടർ ; 41 സ്ഥാനാർഥികൾ

തിരുവനന്തപുരം
സംസ്ഥാനത്തെ ഏക പട്ടികവർഗ പഞ്ചായത്തായ ഇടുക്കിയിലെ ഇടമലക്കുടിയിൽ തദ്ദേശതെരഞ്ഞെടുപ്പിൽ വിധിയെഴുതുക 1,803 വോട്ടർമാർ. 893 വനിതകളും 910 പുരുഷന്മാരും. 20 വനിതകളും 21 പുരുഷന്മാരുമടക്കം ആകെ 41 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
വാർഡ് പുനർനിർണയത്തിനുശേഷം രൂപീകരിച്ച കവക്കാട്ടുകുടി കൂടി ചേർത്ത് 14 വാർഡുകളാണ് പഞ്ചായത്തിലുള്ളത്. മുഴുവൻ വാർഡുകളും പട്ടികവർഗ സംവരണമാണ്. മൂന്നാർ പഞ്ചായത്തിലെ ഒരു വാർഡാണ് 2010 ൽ ഇടമലക്കുടി പഞ്ചായത്തായി രൂപീകരിച്ചത്.
കിലോമീറ്ററുകളോളം നടന്നുവേണം പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർക്ക് പോളിങ് സ്റ്റേഷനുകളിലെത്താൻ. ഇടമലക്കുടിയിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഏഴ് സെക്ടറൽ അസിസ്റ്റന്റുമാരെ നിയോഗിക്കും.
ധീരജ് വധക്കേസ് പ്രതി യുഡിഎഫ് സ്ഥാനാര്‍ഥി
ഇടുക്കി എൻജിനിയറിങ് കോളേജിലെ എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. ആറാംപ്രതിയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ സോയിമോൻ സണ്ണിയാണ് കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാര്‍ഡായ അട്ടിക്കുളത്ത് മത്സരിക്കുന്നത്.
കഴിഞ്ഞതവണ സോയിമോന്‍ ജയിച്ച ചേലച്ചുവട് വാര്‍ഡ് ഇത്തവണ വനിതാ വാര്‍ഡായതോടെയാണ് അട്ടിക്കുളത്തേക്ക് മാറിയത്. 2022 ജനുവരി 10നാണ് ധീരജ് രാജേന്ദ്രനെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് സോയിമോൻ. കേസിന്റെ സാക്ഷിവിസ്‍താരം ജനുവരിയില്‍ തുടങ്ങും. നിഖില്‍ പൈലി ഒന്നാംപ്രതിയായ കേസില്‍ സോയിമോനൊപ്പം ആറു പ്രതികള്‍ കൂടിയുണ്ട്.









0 comments