ഇത് കൊച്ചിയുടെ നന്മ, മാനവികത

കൊച്ചി കോർപറേഷന്റെ എറണാകുളം നോർത്തിലെ സമൃദ്ധി @കൊച്ചി ഹോട്ടലിൽ ഉച്ചയൂണിനെത്തിയവരുടെ തിരക്ക്
"സമൃദ്ധി’ക്കാലമാണ് കൊച്ചി നഗരത്തിൽ. ഒരാളും വിശന്നിരിക്കരുതെന്ന കോർപറേഷൻ എൽഡിഎഫ് ഭരണസമിതിയുടെ കരുതലിൽ എറണാകുളം നോർത്ത് പരമാര റോഡിൽ ആരംഭിച്ച സമൃദ്ധി@കൊച്ചി ഹോട്ടൽ ലക്ഷങ്ങളുടെ വിശപ്പകറ്റുകയാണ്. കുടുംബശ്രീ വനിതകളാണ് കേരളത്തിന് മാതൃകയായ പദ്ധതിയുടെ സാരഥികളും നടത്തിപ്പുകാരും. മാനവികതയുടെ, ജനക്ഷേമത്തിന്റെ മാതൃക തുടരുകയെന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് വോട്ട് അഭ്യർഥിക്കുന്നത്. നാല് സമൃദ്ധി ഹോട്ടൽകൂടി ആരംഭിക്കുമെന്ന് പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
20 രൂപയ്‌ക്ക് ഉൗണ്, മിതമായ നിരക്കിൽ മറ്റുവിഭവങ്ങളും. രുചിയൂറും ഭക്ഷണത്തിന് പുറമേ വൃത്തി, ഗുണനിലവാരം, കുടുംബശ്രീ ജീവനക്കാരുടെ സ്‌നേഹപൂർവ ആതിഥേയത്വവും മാതൃകാ പദ്ധതിയുടെ പെരുമയേറ്റി. നാടിന്റെ അന്നദാതാവായതിനൊപ്പം 210 കുടുംബശ്രീ വനിതകൾക്ക് പുതുജീവിതവും സമ്മാനിച്ചു സമൃദ്ധി. ""ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് സമൃദ്ധി എനിക്ക് നൽകിയത്. സ്വപ്‌നമായിരുന്ന സ്വന്തം വീട്, വാഹനം എല്ലാം സാധ്യമായത് സമൃദ്ധിയിലൂടെയാണ്. എന്റെ മാത്രമല്ല എനിക്കൊപ്പം ഇവിടെ ജോലി ചെയ്യുന്നവരുടെയും കാര്യമാണിത്. വീട്, വീട്ടുവാടക, മക്കളുടെ വിദ്യാഭ്യാസം, വിവാഹച്ചെലവുകൾ, മരുന്നുമേടിക്കാൻ... എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ നല്ല രീതിയിൽ നടത്താൻ കഴിയുന്നത് സമൃദ്ധിയുള്ളതുകൊണ്ടാണ്. നല്ല ശന്പളമാണ് ലഭിക്കുന്നത്''–ജീന പറഞ്ഞു.
കുറഞ്ഞനിരക്കിൽ നല്ലഭക്ഷണമാണ് കിട്ടുന്നത്. സമൃദ്ധി മാതൃക മറ്റിടങ്ങളിലും വേണം''– മനസ്സും വയറും നിറഞ്ഞ സന്തോഷത്തിൽ ബെബറ്റോയും കൂട്ടുകാരും പറഞ്ഞു. ഇതേ അഭിപ്രായംതന്നെയാണ് സമൃദ്ധിയിൽ ഭക്ഷണം കഴിക്കാനെത്തുന്ന എല്ലാവർക്കും
‘‘ഒന്നുമില്ലായ്‌മയിലാണ് വന്നത്. ഇപ്പോൾ നല്ലനിലയിൽ ജീവിക്കാൻ കഴിയുന്നത് സമൃദ്ധി കാരണമാണ്’’– ജീനയുടെ വാക്കുകൾ ശരിവച്ചു ഒപ്പമുണ്ടായ ഫാൻസി ബെന്നി.
സമൃദ്ധി 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ ഏക ഹോട്ടൽ. 200 ഇരിപ്പിടമുള്ള, ഫുഡ് കോർട്ടോടുകൂടിയ, കുടുംബശ്രീയുടെ കേരളത്തിലെ ഏറ്റവുംവലിയ ഹോട്ടൽകൂടിയാണ്. ആദ്യമായി സെൽഫ് ബില്ലിങ് സംവിധാനം നടപ്പാക്കിയ കുടുംബശ്രീ ഹോട്ടലും ഇതാണ്. ഫോർട്ട് കൊച്ചിയിലും സമൃദ്ധി അടുത്തിടെ തുടങ്ങി. ജിസിഡിഎ ആസ്ഥാനം, കൊച്ചി കപ്പൽശാല എന്നിവിടങ്ങളിലുമുണ്ട്. ജനശതാബ്‌ദി, പരശുറാം, ഇന്റർസിറ്റി, വേണാട് ട്രെയിനുകളിൽ സമൃദ്ധി ഭക്ഷണം വിതരണം ചെയ്യുന്നു. ഐആർസിടിസി–ഇ കാറ്ററിങ് വഴിയും മറ്റു ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ലഭിക്കും.










0 comments