നീലേശ്വരത്ത് ചിത്രം വ്യക്തം

സുരേഷ് മടിക്കൈ
Published on Dec 04, 2025, 02:30 AM | 2 min read
നീലേശ്വരം
നീലേശ്വരം നഗരസഭയിൽ നാലാമൂഴത്തിലേക്കുള്ള കുതിപ്പിലാണ് എൽഡിഎഫ്. പ്രചാരണത്തിന്റെ അവസാനലാപ്പിൽ ചിത്രം കുറേക്കൂടി വ്യക്തമാണ്. പ്രചാരണത്തിൽ ഏറെ ദൂരം മുന്നിലെത്തിയിട്ടുണ്ട് എൽഡിഎഫ്. സംസ്ഥാന സർക്കാരിന്റെയും നഗരസഭയുടെയും വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും രാഷ്ട്രീയം ചർച്ചചെയ്‌തുമാണ് ഇടതുപക്ഷത്തിന്റെ പ്രചാരണം. 2010ൽ നഗരസഭാ രൂപീകരണം മുതൽ നീലേശ്വരത്ത് എൽഡിഎഫാണ് അധികാരത്തിൽ. ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ പൂർത്തിയാക്കിയാണ് എൽഡിഎഫ് ജനങ്ങൾക്ക് മുന്നിലേക്കെത്തുന്നത്. സ്ഥാനാർത്ഥികളുടെ വീടുകയറിയുള്ള വോട്ടഭ്യർഥനയും കുടുംബയോഗങ്ങളും പൂർത്തിയായി. തെരഞ്ഞെടുപ്പ് റാലി വെള്ളിയാഴ്‌ചയാണ്. നീലേശ്വരം താലൂക്കാശുപത്രിയിൽ 13 കോടിയുടെ പുതിയ സമുച്ചയം പണിയാനുള്ള നടപടി പൂർത്തിയായി വരുന്നു. തൃക്കരിപ്പൂർ മണ്ഡലത്തിൽ 31 പാലങ്ങളാണ് ഇക്കാലത്ത് അനുവദിച്ചത്. ഇതിൽ 15 എണ്ണം നിർമാണം പൂർത്തിയായി. നാല് പാലങ്ങളുടെ പണി പുരോഗമിക്കുന്നു. ഒട്ടുമിക്ക പാലങ്ങളും നഗരസഭയെ തൊട്ടടുത്ത പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്നവ. എട്ട് കോടി ചിലവിൽ നിർമിച്ച ഹൗസ് ബോട്ട് ടെർമിനൽ ഉൾപ്പെടെ ടൂറിസം രംഗത്തും വൻനേട്ടങ്ങളാണ് ഉണ്ടായത്. റിങ് റോഡ് പദ്ധതി നഗരത്തിലെ ഗതാഗത കുരുക്ക് നീക്കാൻ സഹായിക്കും. മാലിന്യ സംസ്കരണത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് നഗരസഭയുടേത്. കാർഷിക മേഖലയിലും വൻപുരോഗതി നേടാൻ സാധിച്ചു. രണ്ട് വാർഡുകൾ കൂടി വർധിച്ച് ഇത്തവണ 34 വാർഡുകളിലേക്കാണ് മത്സരം. സിപിഐ എം 31 സീറ്റിലും സിപിഐ 1, ഐഎൻ എൽ 2 എന്നിങ്ങനെയാണ് എൽഡിഎഫ് സീറ്റ് വിഭജനം. യുഡിഎഫിൽ കോൺഗ്രസ് 29 സീറ്റിലും മുസ്ലീംലീഗ് അഞ്ച് സീറ്റിലും മത്സരിക്കുന്നു. നീലേശ്വരം ടൗണ്‍ വാര്‍ഡിൽ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ വിമതയായി മഹിളാ കോണ്‍ഗ്രസ് നേതാവ് ഉഷ സുധാകരൻ മത്സരരംഗത്തുണ്ട്. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് മണ്ഡലം ട്രഷററുമായ സതി ഭരതനാണ് ഔദ്യോഗിക സ്ഥാനാര്‍ഥി.
കക്ഷിനില
ആകെ വാർഡുകൾ: 32 സിപിഐ എം – -21 സിപിഐ – -1 ഐഎൻഎൽ –1 യുഡിഎഫ് – 9 സ്വതന്ത്ര –1. ഇത്തവണ മത്സരിക്കുന്നത് ആകെ വാർഡ് –34 എൽഡിഎഫ് സിപിഐ എം – 31 സിപിഐ– 1 ഐഎൻഎൽ – 2 യുഡിഎഫ് കോൺഗ്രസ് – 29 മുസ്ലിംലീഗ് –5








0 comments