ബഡ്‌സ് ഒളിമ്പിയയിൽ പെരിയ മഹാത്മ ജേതാക്കൾ

കുടുംബശ്രീ ജില്ലാമിഷൻ സംഘടിപ്പിച്ച ബഡ്‌സ് സ്‌കൂൾ കായികമേളയിൽ വീൽചെയറിൽ കുതിക്കുന്ന പെൺകുട്ടി
നീലേശ്വരം
പരിമിതികൾ മറന്ന് ചിറകുതുന്നിയ മുന്നേറ്റങ്ങൾ... ആർപ്പുവിളിയും ആരവങ്ങളും.. മനസ്സിനൊപ്പം ഓടിയെത്താത്ത ശരീരത്തെ വരുതിയിലാക്കിയുള്ള തിളക്കമാർന്ന വിജയങ്ങൾ. നീലേശ്വരം ഇ എം എസ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ നടന്ന ബഡ്‌സ് ഒളിമ്പിയ 2.0 കായിക മേള അതിജീവനത്തിന്റെ സന്ദേശമായത് ഇങ്ങനെയെല്ലാമാണ്. പെരിയ മഹാത്മ ബഡ്‌സ് സ്‌കൂൾ 53 പോയിന്റോടെ കിരീടം നിലനിർത്തി. 50 പോയിന്റോടെ കള്ളാർ ചാച്ചാജി ബഡ്‌സ് സ്കൂൾ റണ്ണറപ്പായി. 39 പോയിന്റോടെ പനത്തടി എംസിആർസി മൂന്നാമതെത്തി. സബ് ജൂനിയർ, ജൂനിയർ, സീനിയർ, ഹയർ എബിലിറ്റി, ലോവർ എബിലിറ്റി വിഭാഗങ്ങളിലാണ് മത്സരങ്ങൾ. 35 ഇനങ്ങളിലായി 25 വിദ്യാർഥികളാണ് ട്രാക്കിലും ഫീൽഡിലുമായി മത്സരിച്ചത്. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന ബഡ്‌സ് -ബിആർസി വിദ്യാർഥികൾക്കായി കുടുംബശ്രീ നേതൃത്വത്തിൽ ഇത് രണ്ടാം തവണയാണ് മേള സംഘടിപ്പിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് എസ് പി പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷൻ കോഡിനേറ്റർ രതീഷ് പിലിക്കോട് അധ്യക്ഷനായി. അസി. ജില്ലാ മിഷൻ കോഡിനേറ്റർ സി എച്ച് ഇക്ബാൽ, നീലേശ്വരം നഗരസഭ സിഡിഎസ് ചെയർപേഴ്സൺ ബിന്ദുരാജ് എന്നിവർ സംസാരിച്ചു. അസി. ജില്ലാ മിഷൻ കോഡിനേറ്റർ കിഷോർ കുമാർ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ എസ് മനു നന്ദിയും പറഞ്ഞു.









0 comments