print edition എഥനോൾ ഉൽപ്പാദനത്തിന് അരിയും ചോളവും ; ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്ന് ആശങ്ക

സുനീഷ് ജോ
Published on Dec 04, 2025, 02:07 AM | 1 min read
തിരുവനന്തപുരം
രാജ്യത്ത് ചോളം, അരി എന്നിവയിൽനിന്ന് എഥനോൾ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നത് ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുമെന്ന് ആശങ്ക. എഫ്‌സിഐ ഗോഡൗണുകളിൽനിന്ന് 52 ലക്ഷം ടൺ അരിയാണ് സ്വകാര്യ ഡിസ്റ്റിലറികൾക്ക് തുച്ഛവിലയ്ക്ക് നൽകാൻ അനുമതി നൽകിയത്. 499 സ്വകാര്യ ഡിസ്റ്റിലറികളാണ് എഥനോൾ ഉൽപ്പാദിപ്പിക്കുന്നത്. മഹാരാഷ്‌ട്ര, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് ഇതിൽ കൂടുതലും. മൊത്തം പ്രതിവർഷ ഉൽപ്പാദനം 1822 കോടി ലിറ്ററാണ്. ജൂലൈയിലാണ് ഉൽപ്പാദനം ഇൗ നിലയിൽ എത്തിയതെന്ന് സർക്കാർ പറയുന്നു. 2022ൽനിന്ന് ഉൽപ്പാദനം 20 ശതമാനത്തിലേക്ക് ഉയർത്തിയെന്നാണ് വാദം. അതിൽ 245 കോടി ലിറ്ററാണ് അരിയിൽനിന്ന് ഉൽപ്പാദിപ്പിച്ചത്. ചോളത്തിൽനിന്ന് 484.35 കോടി ലിറ്ററും.
അതേസമയം ആയിരത്തോളം ഡിസ്റ്റിലറികൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ഇതിന് ആവശ്യമായ ഭക്ഷ്യധാന്യം നൽകിയാൽ പ്രതിസന്ധിയുണ്ടാകും. ഒരു ടൺ അരിയിൽനിന്ന് ശരാശരി 470 ലിറ്റർ എഥനോൾ ഉൽപ്പാദിപ്പിക്കാമെന്നാണ് കണക്ക്. പന്പുകളിൽ വിതരണം ചെയ്യുന്ന ഒരു ലിറ്റർ പെട്രോളിൽ 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളുമാണ്. ഇതിലൂടെ വാഹനങ്ങളിൽനിന്നുള്ള കാർബൺഡൈ ഓക്‌സൈഡ് പുറംതളളൽ കുറയ്ക്കാൻ കഴിയുമെന്നാണ് വാദം.
ഒരു ലിറ്റർ പെട്രോളിന്റെ ഉൗർജം ലഭിക്കാൻ 1.4 ലിറ്റർ എഥനോൾ വേണമെന്ന് വിദഗ്‌ധർ പറയുന്നു. ഒരു ലിറ്റര്‍ എഥനോള്‍ 1.5 കിലോ കാര്‍ബണ്‍ ഡൈഓക്സൈഡ് പുറത്തുവിടുമെന്നാണ് കണക്ക്. ഒരു ലിറ്റര്‍ പെട്രോള്‍ 2.2 കിലോയും. ഒരു ലിറ്റര്‍ പെട്രോളിന് തുല്യമായ ഇന്ധനശേഷി ലഭിക്കാൻ 1.4 ലിറ്റര്‍ എഥനോൾ ഉപയോഗിച്ചാൽ 2.1 കിലോ കാർബൺ ഡൈ ഓക്‌സൈഡ് പുറംതള്ളുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.










0 comments