സജീവ് ഒരു തടവൈ സൊന്നാൽ...

കാലടി
‘ജയിച്ചാലും തോറ്റാലും ഞാൻ നിങ്ങൾക്കൊപ്പമുണ്ടാകും. ഞാൻ ഒരു തടവൈ സൊന്നാൽ നൂറ് തടവൈ സൊന്ന മാതിരി...’ ശബ്‌ദത്തിൽ മാത്രമല്ല, രൂപത്തിലും ഭാവത്തിലും സ്‌റ്റൈൽ മന്നൻ രജനീകാന്തിനെ അനുകരിച്ചാണ് ടി ആർ സജീവ് എന്ന സിക്ക് സജീവ് അയ്യന്പുഴയിൽ വോട്ട് തേടുന്നത്. അയ്യമ്പുഴ പഞ്ചായത്തിലെ സംവരണ വാർഡായ ഏഴിൽ മത്സരിക്കുന്ന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാണ് നാട്ടുകാർക്ക് പ്രിയപ്പെട്ട സിക്ക് സജീവ്.
രജനീകാന്തിന്റെ രൂപവും ശബ്‌ദവും നിരവധി വേദികളിൽ അവതരിപ്പിച്ച് കൈയടി നേടിയ സജീവ് കലാകാരനായി വളർന്നത് സ്വന്തം നാടിന്റെ പ്രോത്സാഹനംകൊണ്ടാണ്. പത്തുവർഷമായി എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ വികസനനേട്ടങ്ങൾ എടുത്തുകാണിച്ചാണ് സജീവിന്റെ വോട്ടഭ്യർഥന. വോട്ടർമാർ ആവശ്യപ്പെടുന്പോൾ രജനീകാന്തിനെ അനുകരിക്കും. ഒരുദിവസം രജനീകാന്തിന് സമാനമായി വേഷമണിഞ്ഞും വോട്ടുതേടി.
വർഷങ്ങൾക്കുമുമ്പ് മിമിക്രി വേദിയിൽ സിക്കുകാരന്റെ വേഷം ചെയ്‌തിരുന്നു. അന്നുമുതലാണ് "സിക്ക് സജീവ്’ എന്ന പേര് പതിഞ്ഞത്. 33 വർഷമായി മിമിക്രിരംഗത്തുണ്ട്. ടെലിവിഷൻ ചാനലുകളിലെ കോമഡി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഒരു യമണ്ടൻ പ്രേമകഥ, വെടിക്കെട്ട്, ഇക്കാക്ക, കണ്ണാടി എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2020ൽ ഡൽഹിയിൽ നടന്ന ഹ്രസ്വചിത്ര മത്സരത്തിൽ മികച്ച നടനായി സജീവിനെ തെരഞ്ഞെടുത്തിട്ടുണ്ട്.








0 comments