print edition കഥകളുടെ പ്രകാശത്തിന് 96

പയ്യന്നൂർ
കഥകളിലൂടെ ജീവിതത്തിന്റെ പ്രകാശം പരത്തിയ കഥയുടെ കുലപതി ടി പത്മനാഭന് 96–-ാം പിറന്നാൾ. പോത്താങ്കണ്ടം ആനന്ദഭവനത്തിൽ സ്വാമി കൃഷ്ണാനന്ദഭാരതിയുടെ നേതൃത്വത്തിൽ 96 മൺചിരാതുകൾ തെളിച്ച് ജന്മദിനം ആഘോഷിച്ചു. ടി പത്മനാഭന്റെ ഓരോ കഥയും പകർന്നുനൽകുന്നത് പ്രതീക്ഷയും ദയയും കരുണയുമാണെന്ന് സാംസ്‌കാരിക സമ്മേളനത്തിൽ ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ് പറഞ്ഞു. നിത്യയുവത്വമാർന്ന കഥകളിൽ നിത്യചൈതന്യം നിറച്ചുനൽകുന്ന കഥാകാരനാണ് അദ്ദേഹമെന്നും സ്വരാജ് പറഞ്ഞു.
ഋഷിരാജ് സിങ്, രാജു നാരായണസ്വാമി, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, സിനിമാ സംവിധായകൻ ജയരാജ്, ടി ഐ മധുസൂദനൻ എംഎൽഎ, മുഹമ്മദ് അനീസ് എന്നിവരും സംസാരിച്ചു.
ഈ വയസ്സിലും താൻ എഴുതിപ്പോകുകയാണെന്ന് മറുപടിപ്രസംഗത്തിൽ ടി പത്മനാഭൻ പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കഥാകാരനാണ് താൻ. എന്നാൽ, പണത്തിനുവേണ്ടി എഴുതിയിട്ടില്ല; എഴുതുകയുമില്ല. ആത്മകഥ എഴുതിയിട്ടില്ല. എഴുത്തിൽ പരമാവധി സത്യസന്ധത പുലർത്തണം. അറിയാതെപോലും കളവുവരരുത്.
അതിനാലാണ് ആത്മകഥ എഴുതാത്തത്. വരുന്ന ജനുവരിയിൽ ‘സത്യം ആർക്കറിയാം' എന്ന തലക്കെട്ടോടെ പുതിയ കഥ വരുന്നുണ്ട്. ഏറ്റവും കൂടുതൽ ആസ്വദിച്ച് എഴുതിയതാണത്. ഒരു രാഷ്ട്രീയക്കഥയുമാണ്. ഗാസയിലെ കുട്ടികളുടെ തുടർച്ചയായിരിക്കും അത്. ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയാന്തരീക്ഷമാണ് അതിൽ കാണുക. ചിലപ്പോൾ താൻ അറസ്റ്റുചെയ്യപ്പെട്ടേക്കാം. എഴുതാതിരിക്കാൻ വയ്യാത്തതിനാൽ മാത്രം എഴുതിയതാണെന്നും ടി പത്മനാഭൻ പറഞ്ഞു.









0 comments