print edition നെട്ടുകാൽത്തേരിയിൽ ബ്രഹ്‌മോസ് മിസൈൽ നിർമാണ യൂണിറ്റ് ; കേരളത്തിന്റെ കുതിപ്പിന് കരുത്തേകും

തിരുവനന്തപുരം
കാട്ടാക്കട നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഭൂമിയിൽ ബ്രഹ്‌മോസ് മിസൈൽ നിർമാണ യൂണിറ്റ് വരുന്നത് കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്താകും. ബ്രഹ്മോസ് ഏറോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ നിലവിലുള്ള പ്രതിരോധ നിർമാണ പ്രവർത്തനങ്ങളുടെ വിപുലീകരണം ലക്ഷ്യമിട്ടാണ് 180 ഏക്കർ സംസ്ഥാന സർക്കാർ കൈമാറുന്നത്. ഇതിന് സുപ്രീംകോടതി അനുമതി നൽകി.
പദ്ധതിക്ക് ഭൂമി ആവശ്യപ്പെട്ട് ബ്രഹ്മോസ് വ്യവസായ വകുപ്പിനെ സമീപിച്ചിരുന്നു. തുടർന്ന് റവന്യൂ മന്ത്രികൂടി പങ്കെടുത്ത് നടത്തിയ യോഗത്തിൽ രണ്ട് സ്ഥലം കണ്ടെത്തി. അടുത്തപടിയായി ഡിആർഡിഒ സംഘവുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ നെട്ടുകാൽത്തേരിയെ തെരഞ്ഞെടുത്തു. എന്നാൽ, തുറന്ന ജയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാൽ സ്ഥലം വിട്ടുകൊടുക്കുന്നതിന് സുപ്രീംകോടതി അനുമതി ആവശ്യമായിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെയടക്കം അനുകൂല നിയമോപദേശം ലഭിച്ചതോടെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡിഒയുടെ കീഴിൽ പ്രവർത്തിക്കുന്ന ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സ് ട്രിവാൻഡ്രം ഈ ഭൂമിയിൽ അത്യാധുനിക മിസൈലുകളുടെയും സ്ട്രാറ്റജിക് പ്രതിരോധ ഉപകരണങ്ങളുടെയും നിർമാണ യൂണിറ്റാണ് സ്ഥാപിക്കുക. രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിന് കേരളത്തിലെ പ്ലാന്റിന്റെ വിപുലീകരണം സഹായകമാകും. പദ്ധതി കേരളത്തിന് വലിയ നേട്ടമാകും. 15 വർഷത്തിനുള്ളിൽ 2500 കോടി രൂപയ്ക്ക് മുകളിൽ ജിഎസ്‌ടി വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ഞൂറിലധികം ഹൈസ്കിൽ എൻനീയറിങ്, ടെക്നിക്കൽ തൊഴിലവസരങ്ങളും നിരവധി പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
തുറന്ന ജയിൽ വളപ്പിലെ 32 ഏക്കർ ഭൂമി നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനും 45 ഏക്കർ ഭൂമി ശസ്ത്ര സീമബൽ ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്‌സ് സ്ഥാപിക്കാൻ കൈമാറാനും സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ
രാജ്യത്തിന്റെ പ്രതിരോധമേഖലയെ ശക്തിപ്പെടുത്തുന്നതിന് കേരള മണ്ണിൽനിന്ന് വലിയ സംഭവനകളുണ്ടാകും. പുതിയ തൊഴിലവസരങ്ങളും നിക്ഷേപ സാധ്യതകളും സൃഷ്ടി ക്കപ്പെടുന്നത് വഴി സംസ്ഥാനത്തിന്റെ വളർച്ചയിലും പുതിയ യൂണിറ്റ് വലിയ പങ്കുവഹിക്കും.
വ്യവസായമന്ത്രി പി രാജീവ്
ബ്രഹ്മോസുമായി ഫലപ്രദമായ തുടർചർച്ചകൾ നടത്തി അതിവേഗത്തിൽ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും.









0 comments