കൊച്ചി കോർപറേഷനിൽ എൽഡിഎഫ് തുടരും : പി രാജീവ്

മട്ടാഞ്ചേരി
വൻ ഭൂരിപക്ഷത്തോടെ എൽഡിഎഫ് വീണ്ടും കൊച്ചി കോർപറേഷനിൽ അധികാരത്തിൽവരുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ് പറഞ്ഞു. തോപ്പുംപടി സിത്താരാ ഗ്രൗണ്ടിലും കൊച്ചങ്ങാടി ക്രോസ് റോഡിലും എൽഡിഎഫ് തെരഞ്ഞെടുപ്പുയോഗങ്ങൾ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ശുചിത്വ നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയെ ഒന്നാമത് എത്തിക്കാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. മാലിന്യസംസ്‌കരണരംഗത്ത് നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ മെച്ചപ്പെട്ട സ്ഥാനം നേടാൻ കൊച്ചിക്ക് കഴിഞ്ഞു. വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ കൊച്ചിക്ക് മുന്നേറാനായി. മേയർ എം അനിൽകുമാറിന്റെ നേതൃത്വപരമായ പങ്കിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായ അംഗീകാരമാണ് ലഭിച്ചത്. എൽഡിഎഫിന് വലിയ ഭൂരിപക്ഷമില്ലാതിരുന്ന കൗൺസിലായിരുന്നിട്ടും കൊച്ചിയെ നേട്ടങ്ങളിലേക്ക് നയിക്കാനായി. ഇത്തവണ ഉറച്ച ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തിലേറുമെന്നും പി രാജീവ് പറഞ്ഞു.








0 comments