print edition വികസനത്തേരിൽ എൽഡിഎഫ്; വിവാദച്ചുഴിയിൽ യുഡിഎഫ് , പ്രചാരണവിഷയങ്ങളില്ലാതെ ബിജെപി

തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പടിവാതിൽക്കലെത്തിയിട്ടും വിവാദച്ചുഴിയിൽ നിന്ന് കരകയറാനാകാതെ യുഡിഎഫ്. രാഹുൽ മാങ്കൂട്ടത്തിൽ എന്ന നാണക്കേടും പേറിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. പ്രാദേശിക വിഷയങ്ങൾ പോലും ഉയർത്താൻ യുഡിഎഫിന് കഴിഞ്ഞില്ല. തമ്മിലടിയും ഉൾപ്പോരും മുറപോലെ നടക്കുന്നുമുണ്ട്. എൽഡിഎഫിനെതിരായ വ്യാജപ്രചാരണങ്ങളും നിലംതൊട്ടില്ല. എന്താണ് തെരഞ്ഞെടുപ്പ് പ്രചാരണവിഷയങ്ങളെന്നുപോലും നിശ്‌ചയമില്ലാതെയാണ് ബിജെപിയുടെ പോക്ക്. സംസ്ഥാന സർക്കാരിനെ പ്രതിരോധിക്കാൻ ഇഡിയെ രംഗത്തിറക്കിയതും തിരിച്ചടിയായി. കിഫ്‌ബി വഴി മുഖച്ഛായ മാറിയ നാടിന്റെ വികസന നേട്ടങ്ങൾ വീണ്ടും സജീവ ചർച്ചയായി.
അതേസമയം കഴിഞ്ഞ ഒമ്പതര വർഷം കൊണ്ട് നടപ്പാക്കിയ സമാനതകളില്ലാത്ത വികസനവും നവകേരളം ലക്ഷ്യമിട്ട് അടുത്ത അഞ്ചു വർഷം കൊണ്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രകടനപത്രികയും മുന്നോട്ടുവച്ചാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. നാട് ചർച്ച ചെയ്യുന്നത് എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസന, ക്ഷേമ പ്രവർത്തനങ്ങൾ മാത്രമാണ്. കൺമുന്നിൽ സംഭവിച്ച വികസന, ക്ഷേമകാര്യങ്ങൾ ജനങ്ങളെ എൽഡിഎഫിനോട് ചേർക്കുന്നു.
സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ടുമാസത്തെ പെൻഷൻ തുകയായി 3600 രൂപയാണ് കഴിഞ്ഞ മാസം 63,77,935 പേരുടെ കൈയിലെത്തിയത്. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്‌തത്. സർക്കാരിന്റെ വികസന പ്രവർത്തനത്തിന്റെ ഫലം കിട്ടാത്തവരായി ഒരാൾ പോലുമില്ല. 2016 മുതൽ ഒന്നര ലക്ഷം കോടി രൂപയാണ് നാടിന്റെ പശ്‌ചാത്തല സൗകര്യ വികസനത്തിന് ചെലവഴിച്ചത്. കിഫ്‌ബി വഴി 96,000 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി.









0 comments