Deshabhimani

അഭിനവ 'നെഹ്റു' ഭരണത്തിലെ ശിശുഹത്യകൾ

infant death

എഐ നിർമിത ചിത്രം

avatar
പി ടി രാഹേഷ്

Published on Nov 13, 2026, 11:05 PM | 3 min read

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ നെഹ്റുവിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുന്നവരാണ് നമ്മൾ. കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ചാച്ചാജിയുടെ ജന്മദിനത്തിൽ കുട്ടികൾ ആഹ്ലാദത്തോടെ ഒത്തുചേരുന്ന നിരവധി ആഘോഷ പരിപാടികൾ നടക്കാറുണ്ട്. ഓരോ വർഷവും ഇത്തരം പരിപാടികളോടൊപ്പം പങ്കുചേരുകയാണ് ബാലസംഘവും ചെയ്യാറുള്ളത്. എന്നാൽ ഈ വർഷത്തെ ശിശുദിനത്തിൽ ബാലസംഘം ആഘോഷ പരിപാടികൾക്ക് പകരം അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ ജീവിത പ്രശ്നത്തിലേക്ക് ഈ സമൂഹത്തിൻ്റെ ശ്രദ്ധ ക്ഷണിക്കുന്നതിന് വേണ്ടിയുള്ള ഉപവാസം സംഘടിപ്പിക്കുകയാണ്. കേരള സർക്കാറിന്റെ കുറ്റകരമായ അനാസ്ഥ മൂലം അട്ടപ്പാടി വീണ്ടും കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറാതിരിക്കാൻ മനസ്സിലാക്കി ഉണരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഈ ശിശുദിനത്തിൽ ബാലസംഘം കൂട്ടുകാർ ഉപവാസമിരിക്കുന്നത്.


'ശിശുരോദനം കേൾക്കാത്ത സർക്കാർ നാടിനപമാനം' എന്ന മുദ്രാവാക്യം ഉയർത്തിയാണ് അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ ജീവനുവേണ്ടിയുള്ള ഉപവാസം ബാലസംഘം സംഘടിപ്പിക്കുന്നത്. അട്ടപ്പാടിയിൽ നാലുമാസത്തിനിടെ 10 കുട്ടികളാണ് മരണപ്പെട്ടത്. ഒരു മാസത്തിനിടെ അട്ടപ്പാടിയിൽ മാത്രം നാല് നവജാതശിശുക്കൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അഗളി ധോണികുണ്ട് ചിണ്ടക്കി ഉന്നതിയിലെ രാജി-സുനീഷ് ദമ്പതികളുടെ ആൺകുഞ്ഞാണ് അവസാന ഇര. ഒമ്പത് മാസം പൂർത്തിയായ ഗർഭസ്ഥശിശു ചൊവ്വ രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.


കോട്ടത്തറ ആശുപത്രിയിലെ സ്കാനിങ് പിഴവിനെ തുടർന്ന് 15 ദിവസം പ്രായമായ ആൺകുഞ്ഞ് ഞായറാഴ്‌ച തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചു. ഒക്ടോബർ 21ന് 10 ദിവസം മാത്രം പ്രായമായ ആൺകുഞ്ഞും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. ആരോഗ്യ വകുപ്പിനുകീഴിൽ ഏഴ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ, മൊബൈൽ ലാബിലെ ഫാർമസിസ്റ്റ് എന്നിവരെയാണ് പുതിയ സർക്കാർ സ്ഥലംമാറ്റുകയും പകരം നിയമനം നടത്താതിരിക്കുകയും ചെയ്തത്. മൊബൈൽ ക്ലിനിക്ക് നിർത്തലാക്കി. മരുന്ന് വിതരണം നിലച്ചു. 24 മെന്റർ അധ്യാപകരെ പിരിച്ചുവിട്ടു. ഊരുകളിൽ ആരോഗ്യപ്രവർത്തകർക്ക് യാത്ര ചെയ്യാനുള്ള ജീപ്പ് സർവീസ് നിർത്തലാക്കി. അംഗൻവാടികൾ മുഖേനയുള്ള പോഷകാഹാര വിതരണവും നിലച്ചു. അട്ടപ്പാടിയെ പ്രത്യേക പരിഗണനയോടെ കണ്ടിരുന്ന സർക്കാർ നയം പാടെ മാറിയതിന്റെ തെളിവുകളാണിത്.


അട്ടപ്പാടിയിൽ മൂന്നുമാസം മുതൽ ഒന്നര വയസ്സുവരെയുള്ള കുട്ടികൾക്ക് എല്ലാ മാസവും നൽകി വന്നിരുന്ന രണ്ടായിരം രൂപ ധനസഹായം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത് മുതൽ നൽകുന്നില്ല. ഫണ്ടില്ലെന്നാണ് ന്യായീകരണം. കുഞ്ഞുങ്ങൾക്ക് നൽകേണ്ട ഈ സഹായവും സർക്കാർ ഉപേക്ഷിച്ചു. സംയോജിത ആദിവാസി വികസന പദ്ധതി (ഐടിഡിപി) പ്രകാരം ഈ സഹായം എൽഡിഎഫ് സർക്കാർ മുടക്കമില്ലാതെ നൽകിയിരുന്നു . എന്നാൽ കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ അട്ടപ്പാടി വീണ്ടും കുട്ടികൾ ജീവിക്കാൻ കഴിയാത്ത നാടായി മാറുകയാണ്. കുഞ്ഞുങ്ങളെ കൊല്ലുന്ന കാലന്മാരായി യുഡിഎഫ് സർക്കാർ വീണ്ടും മാറുമ്പോൾ ഇതിനെതിരെ അതിശക്തമായ പ്രതിഷേധവും, പ്രതിരോധവും ഉയർത്താൻ നമുക്കാവണം. അട്ടപ്പായിൽ ആദിവാസി വിഭാഗത്തോട് കാണിക്കുന്ന വിവേചനങ്ങളാണ് മരണപ്പെട്ട കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾക്ക് പറയാനുള്ളത്.


ദോണിക്കുണ്ടിലെ രാജിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പറഞ്ഞയച്ചത് സൗകര്യങ്ങളില്ലാത്ത ഒരു ചെറിയ ആംബുലൻസിലാണ്. കുഞ്ഞിന്റെ അസുഖം നിരവധി തവണ പറഞ്ഞിട്ടും കൊടുക്കാതിരുന്ന അനുഭവമാണ് ശിവകാമിക്ക് തൃശൂർ മെഡിക്കൽ കോളജിൽ ഉണ്ടായത്. ആരോഗ്യ സംവിധാനങ്ങളും ആദിവാസി വിഭാഗങ്ങളോട് കാണിക്കുന്ന ഈ വിവേചന സ്വഭാവം ഇതൊരു സർക്കാർ സ്പോൺസേർഡ് ശിശുഹത്യയാണെന്ന് അടിവരയിടുകയാണ്. ഇതിനെതിരെ ശബ്ദമുയർത്താൻ നല്ലവരായ മുഴുവൻ മനുഷ്യരും തയ്യാറാവണമെന്നും അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ബാലസംഘം ഉപവാസം സംഘടിപ്പിക്കുന്നത്.


ജനിക്കാനും ജീവിക്കാനും വളരാനുമുള്ള നിരവധി അവകാശങ്ങളുള്ള മനുഷ്യരാണ് കുട്ടികൾ. കുട്ടികളുടെ അവകാശ പ്രമാണ ഉടമ്പടിയായ UNCRCയിൽ ഇക്കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആദിവാസി മേഖലയെ പ്രത്യേകമായി പരിഗണിക്കുന്ന സർക്കാർ നയത്തിൽ വന്ന മാറ്റമാണ് ഈ ശിശുഹത്യയുടെ പ്രധാന കാരണം. 2013ൽ 64 കുഞ്ഞുങ്ങൾ മരണപ്പെടുന്ന സാഹചര്യം അട്ടപ്പാടിയിൽ ഉണ്ടായപ്പോൾ അന്നത്തെ പാലക്കാട് എംപി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടന്ന അനിശ്ചിതകാല ഉപവാസമാണ് ഈ വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. അങ്ങനെയാണ് അട്ടപ്പാടിയിൽ 100 തൊഴിൽദിനം അധികമായി ഉണ്ടായതും, കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ചതും. 2016ൽ മുഖ്യമന്ത്രിയായ ഉടൻ പിണറായി അട്ടപ്പാടി സന്ദർശിച്ചു. എൽഡിഎഫ് സർക്കാരിന്റെ 10 വർഷവും അട്ടപ്പാടി മുൻഗണനാ വിഷയമായിരുന്നു. വകുപ്പുകളുടെ ഏകോപനം, സമഗ്രമായ പദ്ധതികൾ, സൂക്ഷ്മമായ നിർവഹണം എന്നിവ ഉറപ്പാക്കി. മില്ലറ്റ് വില്ലേജ് പോലുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കി. ശിശു മരണം എന്നൊരു വാക്ക് പോലും ഈ 10 വർഷം ഉച്ചരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു ദിവസവും ബാലസംഘവും ഉപവാസം ഇരുന്നിരുന്നു.


കേരളത്തിൽ ഭരണം മാറി. യുഡിഎഫ് സർക്കാർ വന്നു ആറുമാസം തികഞ്ഞില്ല. അട്ടപ്പാടിയും മാറ്റം അനുഭവിച്ചു തുടങ്ങി. 10 വർഷം ഇല്ലാതിരുന്ന ശിശു മരണങ്ങൾ പെട്ടെന്നാണ് അട്ടപ്പാടിയിലെ ആദിവാസി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. യുഡിഎഫ് ഭരണത്തിനൊപ്പം അട്ടപ്പാടിയിലേക്ക് കുഞ്ഞുങ്ങളുടെ കാലനും തിരിച്ചെത്തിയിരിക്കുന്നു. അട്ടപ്പാടിയിലേത് വെറും ശിശു മരണമല്ല, ശിശുഹത്യയാണ്. യുഡിഎഫ് ഭരണമാണ് ഈ ശിശുഹത്യയുടെ ഉത്തരവാദികൾ. യുദ്ധഭൂമിയായ പാലസ്തീനിലല്ല, ഇവിടെ ഈ കേരളത്തിലെ അട്ടപ്പാടിയിലാണ് ഈ ശിശുഹത്യയെന്നത് നാം ഗൗരവത്തോടെ കാണണം. ഇതിനെതിരെ കേരളത്തിൻ്റെ മനസ്സാക്ഷി ഉണർത്താനുള്ള ശ്രമമാണ് ഈ ഉപവാസത്തിലൂടെ ബാലസംഘം നടത്തുന്നത്. അട്ടപ്പാടിയിലെ കുഞ്ഞുങ്ങൾ നമ്മുടെ സഹോദരങ്ങളാണ്. നമ്മളെപ്പോലെ ഈ ഭൂമിയിൽ കളിച്ചു വളരേണ്ട കുഞ്ഞുങ്ങൾ. അപരനോടുള്ള അടങ്ങാത്ത സ്നേഹവും, കരുതലുമാണ് ബാലസംഘം ഉയർത്തിപ്പിടിക്കുന്നത്. ലോകത്ത് എല്ലായിടത്തും അനീതികൾക്കും അസമത്വങ്ങൾക്കും എതിരെ ശബ്ദം ഉയർത്താൻ നിർഭയരായി കുട്ടികൾ കടന്നുവരുന്ന കാലമാണിത്. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ സംഘടിത പ്രസ്ഥാനമായ ബാലസംഘവും അട്ടപ്പാടിയിൽ നടക്കുന്ന അനീതിക്കും അസമത്വത്തിനുമെതിരെ മുഷ്ടിയുയർത്തുന്നത്. പ്രഥമ പ്രധാനമന്ത്രിയുടെ പിറന്നാൾ കുഞ്ഞുങ്ങൾക്ക് വേണ്ടി മാറ്റിവെച്ച് മറ്റൊരു രാജ്യവുമില്ല. പിഞ്ചുകുഞ്ഞുങ്ങളെ പനിനീർ പുഷ്പങ്ങളെ പോലെ സ്നേഹിച്ചിരുന്ന ചാച്ചാജിയുടെ പാത പിന്തുടരുന്നവരെന്ന് അവകാശപ്പെടുന്നവർ കേരളം ഭരിക്കുമ്പോൾ നടക്കുന്ന നെഹ്റുവിനെ പോലും അപമാനിക്കുന്നതാണ്. കുഞ്ഞുങ്ങളെ ഏറെ സ്നേഹിച്ചിരുന്ന നെഹ്റുവിന്റെ ജന്മദിനത്തിൽ ബാലസംഘം സംഘടിപ്പിക്കുന്ന ഈ ഉപവാസം തന്നെയാണ് അനുയോജ്യമായ നെഹ്റു അനുസ്മരണം.


(ബാലസംഘം പാലക്കാട് ജില്ലാ കൺവീനർ)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home