Deshabhimani

ചേരാനല്ലൂർ വാഹനാപകടം: മുമ്പും കാറോടിച്ചിട്ടുണ്ടെന്ന് 17കാരന്റെ മൊഴി

Cheranalloor Accident jayabalakrishnan Benz car
വെബ് ഡെസ്ക്

Published on Nov 13, 2026, 11:02 PM | 1 min read

കൊച്ചി : ചേരാനല്ലൂരിൽ ബെൻസ് കാർ ഇടിച്ച്‌ തട്ടുകടയുടമ ജയബാലകൃഷ്‌ണൻ മരിച്ച കേസിൽ പ്രതിയായ പതിനേഴുകാരന്റെ മൊഴി അന്വേഷകസംഘം രേഖപ്പെടുത്തി. ജുവനൈൽ ജസ്‌റ്റിസ്‌ ബോർഡിന്റെ പ്രത്യേക അനുമതിയോടെയാണ്‌ ആലുവയിലെ ഫ്ലാറ്റിലെത്തി സിറ്റി ക്രൈം ബ്രാഞ്ച്‌ മൊഴിയെടുത്തത്‌. താൻ മുമ്പും വാഹനമോടിച്ചിരുന്നതായി പതിനേഴുകാരൻ മൊഴി നൽകിയതായാണ്‌ വിവരം. ബെൻസ്‌ കാറും ആഢംബര ബൈക്കും ഓടിച്ചിട്ടുണ്ടെന്നും അക്കാര്യം രക്ഷിതാക്കൾക്ക് അറിയില്ലെന്നും പറഞ്ഞതായാണ്‌ സൂചന. പതിനേഴുകാരന് ജാമ്യം അനുവദിച്ചത്‌ ചോദ്യം ചെയ്തുള്ള ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ഹർജി ഹൈക്കോടതി അടുത്തയാഴ്‌ച പരിഗണിക്കും.


ഒക്‌ടോബർ 25നായിരുന്നു ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്‌ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിൽ ഓടിച്ച ബെൻസ്‌ കാറിടിച്ച്‌ സ്‌കൂട്ടർ യാത്രികനായ മാഞ്ഞാലി പുത്തൻപറമ്പിൽ ജയബാലകൃഷ്‌ണൻ (55) മരിച്ചത്‌. സംഭവത്തിനുപിന്നാലെ കേസ്‌ അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായി. പതിനേഴുകാരനെ ദുർബലവകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടു. പ്രതിഷേധം ഉയർന്നതോടെയാണ്‌ കുറ്റകരമായ നരഹത്യ ചുമത്തിയത്‌. സംഭവമറിഞ്ഞെത്തിയ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്‌ജി പൊലീസ്‌ സ്‌റ്റേഷനിൽ ധിക്കാരപരമായി പെരുമാറിയത്‌ വിവാദമായിരുന്നു. ഇയാൾക്കൊപ്പമുണ്ടായ സുഹൃത്ത്‌ പൊലീസ്‌ സഹായത്തോടെ ജയബാലകൃഷ്‌ണന്റെ കുടുംബാംഗം പകർത്തിയ പ്രതിയുടെ ചിത്രം മൊബൈൽ ഫോണിൽനിന്ന്‌ നീക്കി. അപകടത്തിനുപിന്നാലെ ബെൻസ്‌ കാറിൽനിന്ന്‌ ജഡ്‌ഡിയുടെ ബോർഡും നീക്കം ചെയ്‌തു. പതിനേഴുകാരന്റെ ഇൻസ്‌റ്റഗ്രാം പേജ്‌ അഡീഷണൽ ജില്ലാ ജഡ്‌ജി ഡിലീറ്റ്‌ ചെയ്യിച്ചിരുന്നു. ജഡ്‌ജിക്ക്‌ എതിരെ തെളിവുനശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച്‌ കേസെടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home