Deshabhimani

ഐഒഎ തെരഞ്ഞെടുപ്പ് വിവാദം; കടുത്ത അതൃപ്തി രേഖപ്പെടുത്തി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, ക്രമക്കേട് കണ്ടെത്തിയാൽ വിലക്ക്?

international olympic committee
വെബ് ഡെസ്ക്

Published on Nov 13, 2026, 10:24 PM | 2 min read

ന്യൂഡൽഹി : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇടപെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. വിവാദത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഐഒസി തെരഞ്ഞെടുപ്പ് നടപടികളിൽ വീണ്ടും വിവാദങ്ങളും തർക്കങ്ങളും ഉയരുന്നത് അത്യന്തം നിരാശാജനകമാണെന്ന് വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായയെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്നും ഐഒഎ മുന്നറിയിപ്പ് നൽകി.


സ്പോർട്സ്‌പേഴ്സൺസ് ഓഫ് ഔട്ട്‌സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) പ്രതിനിധികളുടെ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് നിലവിലെ ഐഒഎ പ്രസിഡന്റ് പി ടി ഉഷ ഐഒസിക്ക് പരാതി നൽകിയിരുന്നു. മറ്റു പരാതികളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐഒസി ഇടപെട്ടത്. തെരഞ്ഞെടുപ്പുകൾ സുതാര്യമായും രാഷ്ട്രീയ ഇടപെടലുകളില്ലാതെയും നടത്തണമെന്ന് ഐഒസി പറഞ്ഞു.


ഒളിമ്പിക് ചാർട്ടറിനും ഐഒഎ ഭരണഘടനയ്ക്കും അനുസൃതമായി സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഐഒസി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ബാഹ്യ ഇടപെടലുകൾ അനുവദിക്കരുതെന്നും പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഐഒഎയ്ക്കും തെരഞ്ഞെടുപ്പ് ഓഫീസർക്കുമാണെന്നും വ്യക്തമാക്കി.


തെരഞ്ഞെടുപ്പിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ഐഒസി കണ്ടെത്തിയാൽ ഇന്ത്യയ്ക്ക് തുടർന്നുള്ള അന്താരാഷ്ട്ര കായിക വേദികളിൽ നിന്നെല്ലാം വിലക്ക് ലഭിക്കാം. ഐഒസി മാനദണ്ഡങ്ങൾ പാലിക്കാത്ത രാജ്യങ്ങളെ വിലക്കിയ ചരിത്രമുള്ളതിനാൽ 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ശ്രമിക്കുന്നതിനിടെയുണ്ടായ ഈ വിവാദം രാജ്യത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇന്ത്യയുടെ ഒളിമ്പിക് ആതിഥേയത്വ ശ്രമങ്ങൾക്കും തിരിച്ചടിയായേക്കാം.


നവംബർ ഒമ്പതിന് നടന്ന തെരഞ്ഞെടുപ്പിൽ വനിതാ വിഭാഗത്തിലെ നാല് സ്ഥാനങ്ങളിലേക്ക് ആറുപേരാണ് മത്സരിച്ചത്. അഞ്ചാം സ്ഥാനത്തെത്തിയ പി ടി ഉഷ പരാജയപ്പെട്ടിരുന്നു. അഞ്ജു ബോബി ജോർജ് 53 വോട്ടുമായി ഒന്നാമതെത്തി. റാണി രാംപാൽ 50 വോട്ടും ഡോള ബാനർജി 45 വോട്ടും സൈന നെഹ്‌വാൾ 43 വോട്ടും നേടി തെരഞ്ഞെടുക്കപ്പെട്ടു. പി ടി ഉഷയ്ക്ക് 40 വോട്ടാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം നടന്നെന്നും ചില ഭാരവാഹികൾ പ്രത്യേക സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണം നടത്തിയെന്നുമാണ് ഉഷ പരാതിയിൽ പറയുന്നത്. തെരഞ്ഞെടുപ്പ് നടപടികളിൽ ബാഹ്യ ഇടപെടലുണ്ടായെന്നും സ്വതന്ത്രവും സുതാര്യവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നും പരാതിയിൽ പറയുന്നു.


ഡിസംബർ അഞ്ചിനാണ് ഐഒഎയുടെ പുതിയ പ്രസിഡന്റിനെയും മറ്റ് ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നത്. എസ്ഒഎം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നാമനിർദേശത്തിലൂടെ പി ടി ഉഷ വീണ്ടും ജനറൽ അസംബ്ലിയിൽ ഇടംനേടിയിട്ടുണ്ട്. തങ്ങൾക്ക് താൽപര്യമുള്ളവരെ കുത്തിനിറയ്ക്കാനായി ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാ​ഗമായാണ് തെരഞ്ഞെടുപ്പിൽ ഉയർന്നുവന്ന വിവാദങ്ങൾ. ബിജെപി സർക്കാരിന്‌ താൽപ്പര്യമുള്ള ചിലർക്കെതിരെ തിരിഞ്ഞത്‌ ഉഷയ്‌ക്ക്‌ തിരിച്ചടിയായെന്ന്‌ വിലയിരുത്തലുണ്ട്‌. 2024 പാരിസ് ഒളിമ്പിക്സിലെയും 2026 ഏഷ്യൻ ഗെയിംസിലെയും ഇന്ത്യയുടെ പ്രകടനം മോശമായത്‌ നിലവിലെ ഐഒഎ ഭാരവാഹികളെ കുറിച്ചും കായിക ഭരണരംഗത്തെക്കുറിച്ചും വലിയ അതൃപ്‌തിക്കു വഴെിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിനു പിന്നാലെ ചേരിപ്പോരും മറനീക്കി പുറത്തുവന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home