മരണവീട്ടിൽ വടിവാൾ വീശി ബിജെപി പ്രവർത്തകന്റെ അക്രമം; പരാതി നൽകരുതെന്ന് പട്ടികവർഗ കുടുംബങ്ങൾക്ക് ഭീഷണി

കലവൂർ : പട്ടികവർഗ വിഭാഗം താമസിക്കുന്ന വീട്ടിൽ അടിയന്തിര ചടങ്ങിനിടെ ബി ജെ പി പ്രവർത്തകൻ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആലപ്പുഴ ത്രിവേണി ജംഗ്ഷൻ സ്വദേശി സുഭാഷ് ആണ് വടിവാൾ വീശിയത്. പരാതി നൽകരുതെന്ന് പട്ടികവർഗ കുടുംബങ്ങളെ ഭീഷണിപ്പെടുത്തി.
മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ത്രിവേണി കോർത്തുശ്ശേരിയിൽ വെള്ളി പുലർച്ചെ 12.30 ഓടെയാണ് സംഭവം. പ്രദേശവാസിയായ സുഭാഷ് വടിവാൾ വീശി ഭീഷണിപ്പെടുത്തുന്ന വീഡിയോ രാവിലെ മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങി.
ആദിവാസിവിഭാഗത്തിൽപ്പെട്ട നാലു കുടുംബങ്ങൾ ആണ് താമസിക്കുന്നത്. വെള്ളിയാഴ്ച അടിയന്തിര ചടങ്ങിന് മുന്നോടിയായി പാചകം നടക്കുമ്പോൾ ആണ് ഇയാൾ വടിവാൾകാട്ടി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയത്. വടിവാൾ ഉയർത്തിയപ്പോൾ ഒന്നും ചെയ്യല്ലേ എന്ന് പറഞ്ഞ് സ്ത്രീകൾ നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം. പരാതി ഇല്ലാതാക്കാൻ ബിജെപിക്കാർ തന്നെ രംഗത്തിറങ്ങുകയും ചെയ്തു.
വീഡിയോ പ്രചരിച്ചതിനെ തുടർന്ന് മണ്ണഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ പി ജി മധുവിന്റെ നേതൃത്വത്തിൽ സുഭാഷിന്റെ വീട് റെയ്ഡ് ചെയ്‌ത് വടിവാൾ കസ്റ്റഡിയിലെടുത്തു. ആയുധം കൈവശം വച്ചതിനും വീട്ടിൽ കയറി മാരകായുധം കാട്ടി ഭീഷണിപ്പെടുത്തിയതിനും രണ്ട് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതി ഒളിവിലാണ്.








0 comments