കടവന്ത്ര ബ്ലാക്ക്‌മെയിലിങ് കേസ്: ഡോക്ടർക്കെതിരെ പത്തനംതിട്ടയിലും പരാതി

കൊച്ചി : തൃപ്പൂണിത്തുറ സ്വദേശിനി നൽകിയ ലൈംഗിക പീഡനപരാതിയിൽ കേസെടുത്ത ഡോ. ജോൺസൺ കെ വർഗീസിനെതിരെ മുമ്പ് ജോലി ചെയ്തിരുന്ന പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പരാതി. മോശമായി പെരുമാറിയെന്ന് ആശുപത്രി ജീവനക്കാരി മാനേജ്മെന്റിന് പരാതി നൽകിയതായി ഇൻഫോപാർക്ക് പൊലീസ് കണ്ടെത്തി. ഇൻഫോപാർക്ക് പൊലീസ് ഇതിന്റെ വിവരങ്ങൾ തേടിയിട്ടുണ്ട്. പരാതി ഉയർന്നതിനുപിന്നാലെ ഡോക്ടറെ മാറ്റിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൊച്ചിയിൽ ഡോക്ടർ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ആഭ്യന്തര പരാതിയിലും പൊലീസ് വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. ഒളിവിലുള്ള ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ എതിർത്തുള്ള റിപ്പോർട്ടിൽ ഈ വിശദാംശങ്ങൾകൂടി നൽകാനാണ് പൊലീസ് നീക്കം. യുവനടി അതുല്യചന്ദ്രയടക്കം അറസ്‌റ്റിലായ ബ്ലാക്ക്‌മെയിലിങ് കേസിലെ പരാതിക്കാരനാണ് ഡോക്ടർ. തുടർന്ന് നടിയുടെ ബന്ധുവായ അമ്പതുകാരിയുടെ പരാതിയിൽ ഡോക്ടർക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുക്കുകയായിരുന്നു.
നടിയുടെ ബന്ധുവായ അമ്പതുകാരിയെ മദ്യം നൽകി മയക്കി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഡോക്ടറുടെ ഫോണുൾപ്പെടെ ഹാജരാക്കിയാണ് ഡോക്ടർക്കെതിരെ ഇൻഫോപാർക്ക് പൊലീസിന് അമ്പതുകാരി പരാതി നൽകിയത്. ഫോണിൽനിന്ന് നിരവധി സ്‌ത്രീകളുടെ ചിത്രങ്ങൾ കണ്ടെടുത്തിരുന്നു. നടി അതുല്യ ചന്ദ്ര (32), നടൻ ബിബിൻ പെരുമ്പിള്ളി (42), കെ ബി വിഷ്ണു (31) എന്നിവരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. ബന്ധുവായ അമ്പതുകാരിക്ക് സുഖമില്ലെന്നും അടിയന്തര ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് വിളിച്ചുവരുത്തി മർദിച്ചെന്നും ബന്ധുവിനെ പീഡിപ്പിച്ചത് പുറത്തുപറയാതിരിക്കാൻ മൂന്നുകോടി രൂപ ആവശ്യപ്പെട്ടെന്നുമുള്ള ഡോക്ടറുടെ പരാതിയിലാണ് നടിയെയും കൂട്ടരെയും അറസ്‌റ്റ് ചെയ്‌തത്.







0 comments