'ശിശുരോദനം കേൾക്കാത്ത സർക്കാർ നാടിനപമാനം' : ശിശുദിനത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ബാലസംഘത്തിന്റെ ഉപവാസം

പാലക്കാട്: അട്ടപ്പാടിയിൽ തുടർച്ചയായുണ്ടാകുന്ന ശിശുമരണങ്ങളിലും സംസ്ഥാന സർക്കാരിന്റെ അനാസ്ഥയിലും പ്രതിഷേധിച്ച് ശിശുദിനത്തിൽ ബാലസംഘം ഉപവാസം സംഘടിപ്പിക്കും. ‘ശിശുരോദനം കേൾക്കാത്ത സർക്കാർ നാടിനപമാനം’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധമെന്ന് ബാലസംഘം പാലക്കാട് ജില്ലാ കൺവീനർ പി ടി രാഹേഷ് അറിയിച്ചു.
അട്ടപ്പാടിയിൽ നാലുമാസത്തിനിടെ പത്ത് കുട്ടികളും കഴിഞ്ഞ ഒരുമാസത്തിനിടെ നാല് നവജാതശിശുക്കളുമാണ് മരിച്ചത്. ആരോഗ്യ സംവിധാനങ്ങളിലെ വീഴ്ചയും സർക്കാർ സഹായങ്ങൾ നിലച്ചതുമാണ് മരണങ്ങൾക്ക് കാരണം. ഏഴ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരെയും മൊബൈൽ ലാബിലെ ഫാർമസിസ്റ്റിനെയും സ്ഥലംമാറ്റിയശേഷം പകരം നിയമനം നടത്തിയില്ല. മൊബൈൽ ക്ലിനിക്ക്, മരുന്നുവിതരണം, ആരോഗ്യപ്രവർത്തകർക്കുള്ള ജീപ്പ് സർവീസ്, അങ്കണവാടികളിലൂടെയുള്ള പോഷകാഹാര വിതരണം എന്നിവയും നിലച്ചു.
മൂന്നുമാസം മുതൽ ഒന്നര വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രതിമാസം നൽകിയിരുന്ന 2000 രൂപയുടെ ധനസഹായം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം മുടങ്ങി. ആദിവാസി മേഖലയിലെ ആരോഗ്യ, പോഷകാഹാര പദ്ധതികൾ തകർക്കുന്ന സർക്കാർ നടപടികളാണ് ശിശുമരണങ്ങൾക്ക് വഴിയൊരുക്കുന്നതെന്ന് പി ടി രാഹേഷ് പറഞ്ഞു.
മുൻ എൽഡിഎഫ് സർക്കാർ അട്ടപ്പാടിയിൽ നടപ്പാക്കിയ പ്രത്യേക പദ്ധതികൾ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാർ ആദിവാസി കുടുംബങ്ങളോട് വിവേചനം തുടരുകയാണ്. ശിശുമരണങ്ങൾ തടയാനും കുട്ടികളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാനും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ഉപവാസം സംഘടിപ്പിക്കുന്നതെന്ന് ബാലസംഘം വ്യക്തമാക്കി.








0 comments