ആവേശ പോരിനൊടുവിൽ മെസിയുടെ അർജന്റീന

ജ്യോതിസ് [email protected]
Published on Jun 07, 2026, 12:08 PM | 5 min read
2022ൽ ഖത്തർവേദിയായ ഫിഫ ലോകകപ്പ് ചരിത്രത്തിലെ 22-ാമത് പതിപ്പായിരുന്നു. ആവേശകരമായ ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-2) പരാജയപ്പെടുത്തി അർജന്റീന തങ്ങളുടെ മൂന്നാം കിരീടം ചൂടി.
മത്സരങ്ങൾക്കായി ഖത്തറിൽ വെറും എട്ട് സ്റ്റേഡിയങ്ങൾ മാത്രമാണ് ഉപയോഗിച്ചത് (ഏഴെണ്ണവും പൂർണ്ണമായും പുതുതായി നിർമിച്ചവ). ഓരോ സ്റ്റേഡിയവും അതിന്റേതായ പ്രത്യേകതകൾ കൊണ്ട് ശ്രദ്ധേയമായിരുന്നു

അൽ ജനൂബ് സ്റ്റേഡിയം
ലോകപ്രശസ്ത ഇറാഖി- ബ്രിട്ടീഷ് വനിതാ ആർക്കിടെക്റ്റായ സാഹാ ഹാദിദ് (Zaha Hadid) ആണ് സ്റ്റേഡിയം ഡിസൈൻ ചെയ്തത്. ഖത്തറിലെ പരമ്പരാഗത മത്സ്യബന്ധന ബോട്ടുകളുടെ (Dhow boats) പായകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇതിന്റെ രൂപകല്പന.

കണ്ടെയ്നർ സ്റ്റേഡിയം 974
കൃത്യം 974 ഷിപ്പിംഗ് കണ്ടെയ്നറുകൾ ഉപയോഗിച്ച് നിർമിച്ച ഈ വേദി, ടൂർണമെന്റ് കഴിഞ്ഞാൽ പൂർണ്ണമായി പൊളിച്ചുമാറ്റാൻ കഴിയുന്ന ലോകകപ്പ് ചരിത്രത്തിലെ ആദ്യ സ്റ്റേഡിയമായിരുന്നു. ഖത്തറിന്റെ അന്താരാഷ്ട്ര ഡയലിംഗ് കോഡാണ് 974.

അൽ ബൈത്ത് സ്റ്റേഡിയം
ഗൾഫ് മേഖലയിലെ നാടോടികൾ ഉപയോഗിക്കുന്ന 'ബൈത്ത് അൽ ഷാഅർ' എന്ന പരമ്പരാഗത വലിയ ടെന്റിന്റെ മാതൃകയിലാണ് ഈ സ്റ്റേഡിയം നിർമിച്ചത്.

ലുസൈൽ ഐക്കണിക് സ്റ്റേഡിയം
ഫൈനൽ നടന്ന ഈ ടൂർണമെന്റിലെ ഏറ്റവും വലിയ സ്റ്റേഡിയം, ഇസ്ലാമിക കലകളിലെ സ്വർണ്ണ പാത്രങ്ങളുടെയും വിളക്കുകളുടെയും (fanar lanterns) ആകൃതിയിലാണ് ഡിസൈൻ ചെയ്തത്.

അൽ തുമാമ സ്റ്റേഡിയം
മിഡിൽ ഈസ്റ്റിലെ പുരുഷന്മാരും ആൺകുട്ടികളും ധരിക്കുന്ന 'ഗഹ്ഫിയ' (Gahfiya) എന്ന പരമ്പരാഗത തൊപ്പിയുടെ രൂപത്തിലാണ് ഈ വൃത്താകൃതിയിലുള്ള സ്റ്റേഡിയം ഒരുക്കിയത്.

എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം
'മരുഭൂമിയിലെ വജ്രം' എന്ന് വിളിപ്പേരുള്ള ഇതിന്റെ പുറംഭാഗം പകൽ സമയത്ത് സൂര്യപ്രകാശമേൽക്കുമ്പോൾ നിറം മാറുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അഹ്മദ് ബിൻ അലി സ്റ്റേഡിയം
മരുഭൂമിയിലെ മണൽക്കുന്നുകളുടെ (Sand dunes) രൂപവും ഖത്തരി സാംസ്കാരിക ചിഹ്നങ്ങളും ഉൾക്കൊള്ളുന്നതാണ് ഇതിന്റെ ഡിസൈൻ.

ഖലീഫ ഇന്റർനാഷണൽസ്റ്റേഡിയം
1976ൽ നിർമിച്ച ഈ ചരിത്ര സ്റ്റേഡിയം ഇരട്ട കമാനങ്ങളോടെ (dual arches) ലോകകപ്പിനായി പൂർണ്ണമായും നവീകരിച്ചെടുക്കുകയായിരുന്നു. കളിക്കാർക്കും ആരാധകർക്കും സുഖകരമായ അന്തരീക്ഷം ഉറപ്പാക്കാൻ എല്ലാ സ്റ്റേഡിയങ്ങളിലും അത്യാധുനിക എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
ചെറിയ രാജ്യം
ചരിത്രത്തിലാദ്യമായി മിഡിൽ ഈസ്റ്റിലും (മധ്യേഷ്യ) അറേബ്യൻ ഉപദ്വീപിലുമായി ലോകകപ്പ് അരങ്ങേറി. ഏഷ്യൻ ഭൂഖണ്ഡത്തിൽ നടക്കുന്ന രണ്ടാമത്തെ ലോകകപ്പ് കൂടിയായിരുന്നു ഇത്. ഖത്തറിലെ കടുത്ത വേനൽച്ചൂട് ഒഴിവാക്കാൻ ടൂർണമെന്റ് ആദ്യമായി നവംബർ, ഡിസംബർ മാസങ്ങളിലേക്ക് മാറ്റി ചരിത്രം കുറിച്ചു. കേവലം 11,000 ചതുരശ്ര കിലോമീറ്ററിലധികം മാത്രം വിസ്തീർണ്ണമുള്ള ഖത്തർ, ലോകകപ്പിന് ആതിഥേയത്വം വഹിച്ച ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യമാണ്.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് മുമ്പ് ഒരിക്കൽപ്പോലും ലോകകപ്പ് മത്സരങ്ങൾക്ക് യോഗ്യത നേടിയിട്ടില്ലാത്ത ആദ്യ ആതിഥേയ രാജ്യമാണ് ഖത്തർ. ലോകകപ്പ് ചരിത്രത്തിലാദ്യമായി ഉദ്ഘാടന മത്സരത്തിൽ ആതിഥേയ രാജ്യം പരാജയപ്പെട്ടു (ഇക്വഡോറിനോട് 0-2ന്). സ്റ്റേഡിയങ്ങൾ തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം വെറും 75 കിലോമീറ്റർ മാത്രമായിരുന്നതിനാൽ ആരാധകർക്ക് ഒരേ ദിവസം ഒന്നിലധികം മത്സരങ്ങൾ കാണാൻ കഴിഞ്ഞു.

ലയീബ് എന്ന ഭാഗ്യചിഹ്നം
ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം 'ലയീബ്' (La’eeb) ആയിരുന്നു. അറബിയിൽ 'അതിവിദഗ്ദ്ധനായ കളിക്കാരൻ' എന്നർത്ഥമുള്ള ഇത് പരമ്പരാഗത അറബ് ശിരോവസ്ത്രത്തിന്റെ (Ghutra) രൂപത്തിലായിരുന്നു.

സൗദി നൽകിയ ഷോക്ക്
ആദ്യ പകുതിയിൽ ലയണൽ മെസി നേടിയ പെനാൽറ്റി ഗോളിലൂടെ ലീഡ് ചെയ്ത അർജന്റീനയെ രണ്ടാം പകുതിയിൽ സാലിഹ് അൽ- ഷെഹ്‌രി (Saleh Al-Shehri), സാലെം അൽ- ദവ്സാരി (Salem Al-Dawsari) എന്നിവർ നേടിയ ഗോളുകളിലൂടെ സൗദി അറേബ്യ 2-1 ന് അട്ടിമറിച്ചു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ വിജയങ്ങളിലൊന്നായി ഇത് .
ഗോൾപ്പൂരം
ടൂർണമെന്റിൽ ആകെ 172 ഗോളുകൾ പിറന്നു. 1998, 2014 വർഷങ്ങളിലെ 171 ഗോളുകളുടെ റെക്കോർഡ് തകർത്ത്, ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ലോകകപ്പായി ഇത് മാറി. ലോകകപ്പ് ചരിത്രത്തിലാദ്യമായി ടൂർണമെന്റിലെ ആദ്യ ഗോൾ ഒരു പെനാൽറ്റിയിലൂടെ പിറന്നു (ഇക്വഡോറിന്റെ എന്നർ വലൻസിയയാണ് ഗോൾ നേടിയത്).

എല്ലാ ഭൂഖണ്ഡങ്ങളും നോക്കൗട്ടിൽ
ചരിത്രത്തിലാദ്യമായി, ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള ടീമുകൾ പ്രീ- ക്വാർട്ടറിലേക്ക് മുന്നേറിയ ടൂർണമെന്റാണിത്. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനിൽ (AFC) നിന്ന് മൂന്ന് ടീമുകൾ (ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ) നോക്കൗട്ടിലെത്തിയത് ഒരു പുതിയ റെക്കോർഡായി.

ചരിത്രമെഴുതി വനിതാ റഫറി
പുരുഷ ഫിഫ ലോകകപ്പ് മത്സരത്തിൽ ആദ്യമായി ഒരു വനിത റഫറിയായി. ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രാപ്പാർട്ട് (Stéphanie Frappart) ആണ് കോസ്റ്റാറിക്കയും ജർമനിയും തമ്മിലുള്ള ഗ്രൂപ്പ് മത്സരം നിയന്ത്രിച്ച് ചരിത്രം കുറിച്ചത്.

ആഘോഷിക്കാതെ എംബോളോ
2022 ഫിഫ ലോകകപ്പിൽ കാമറൂണിനെതിരെ നേടിയ ഗോൾ സ്വിസ് സ്ട്രൈക്കർ ബ്രീൽ എംബോളോ ആഘോഷിച്ചില്ല. തന്റെ ജന്മനാടിനോടുള്ള ആദരസൂചകമായാണ് അങ്ങനെ ചെയ്തത്.കാമറൂണിലെ യാവുണ്ടെയിൽ ജനിച്ച അദ്ദേഹം ഗോൾ നേടിയ ശേഷം ക്ഷമാപണരൂപത്തിൽ ഇരുകൈകളും ഉയർത്തിപ്പിടിച്ച് തികച്ചും ശാന്തനായാണ് പ്രതികരിച്ചത്.

പെനാൽറ്റി തടയും ലിവാക്കോവിച്ച്
2022 ലോകകപ്പിൽ ഷൂട്ടൗട്ടിൽ നാലു പെനാൽറ്റികൾ തടഞ്ഞ ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ച്, സെർജിയോ ഗോയ്കോച്ചേയ (1990), ഡാനിയൽ സുബാഷിച്ച് (2018) എന്നിവരുടെ ഒരു ടൂർണമെന്റിൽ കൂടുതൽ പെനാൽറ്റി ഷൂട്ടൗട്ട് സേവുകൾ എന്ന റെക്കോർഡിനൊപ്പമെത്തി

അമ്മച്ചിറകിലേറി
ഖത്തർ ലോകകപ്പിലെ മൊറോക്കോയുടെ അത്ഭുത കുതിപ്പിന് പകിട്ടേകിയത് കളിക്കളത്തിൽ അരങ്ങേറിയ ചില വൈകാരിക നിമിഷങ്ങളായിരുന്നു. ദാരിദ്ര്യത്തോട് പൊരുതി വീട്ടുജോലി ചെയ്ത് തന്നെ വളർത്തിയ അമ്മയെ ഗാലറിയിലെത്തി സ്നേഹചുംബനങ്ങൾ നൽകിയ അഷ്റഫ് ഹക്കീമിയും, വിജയത്തിന് ശേഷം അമ്മയുടെ കൈപിടിച്ച് മൈതാനത്ത് ആനന്ദനൃത്തം വെച്ച സൂഫിയാൻ ബൗഫലും ലോകത്തിന്റെ കണ്ണുനനയിച്ചു. കളിക്കാർക്കൊപ്പം അവരുടെ അമ്മമാരെയും ഖത്തറിലേക്ക് കൊണ്ടുവരിക എന്ന പരിശീലകൻ വാലിദ് റെഗ്രാഗ്വിയുടെ തീരുമാനം ടീമിന് നൽകിയ ഊർജ്ജം ചെറുതല്ല.

മൊറോക്കൻ വിസ്മയം
ലോകകപ്പ് ചരിത്രത്തിൽ സെമി ഫൈനലിലെത്തുന്ന ആദ്യത്തെ ആഫ്രിക്കൻ- അറബ് രാജ്യമായി മൊറോക്കോ മാറി. സ്‌പെയിനെ പ്രീക്വാർട്ടറിൽ പരാജയപ്പെടുത്തി. ക്വാർട്ടർ ഫൈനലിൽ കരുത്തരായ പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് (1-0) പരാജയപ്പെടുത്തിയാണ് സെമി ഫൈനലിലേക്ക് മുന്നേറിയത്. യൂസഫ് എൻ-നെസിരി (Youssef En-Nesyr) ആണ് ഗോൾ നേടിയത്.
സെമിയിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനോട് ഏറ്റുമുട്ടിയ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് (2-0) പരാജയപ്പെടുകയായിരുന്നു. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ 2-1ന് ക്രൊയേഷ്യയോടും പരാജയപ്പെട്ടു.

റൊണാൾഡോയുടെ അഞ്ചാം ഊഴം
അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ (2006, 2010, 2014, 2018, 2022) ഗോൾ നേടുന്ന ആദ്യ പുരുഷ താരമായി പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി.
മനം കുളിർപ്പിച്ച അഞ്ചു ഗോളുകൾ
ബ്രസീലിന്റെ റിച്ചാർലിസൺ സെർബിയക്കെതിരെ നേടിയ അത്ഭുത ഗോളാണ് ടൂർണമെന്റിലെ ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്. പന്തിനെ അനായാസം വരുതിയിലാക്കി, വായുവിൽ അനായാസം ഉയർന്നുചാടി അദ്ദേഹം തൊടുത്ത ആ അത്യുജ്ജ്വല 'സിസർ കിക്ക്' ഫുട്ബോൾ ആരാധകർക്ക് ഒരു ദൃശ്യവിരുന്നായിരുന്നു.
സൗദി അറേബ്യയുടെ സലേം അൽ-ദൗസാരി അർജന്റീനയുടെ പ്രതിരോധ നിരയെ കബളിപ്പിച്ച്, പോസ്റ്റിന്റെ വലതുമൂലയിലേക്ക് പായിച്ച ആ അതിമനോഹരമായ 'കർലിംഗ് ഷോട്ട്' അവിശ്വസനീയമായ ഒരു കാഴ്ചയായിരുന്നു.

ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ പോളണ്ടിനെതിരെ പെനാൽറ്റി ബോക്സിന് തൊട്ടുപുറത്തുനിന്നും വിദഗ്ധമായി ഇടംകണ്ടെത്തി, പോസ്റ്റിന്റെ മുകൾ മൂല ലക്ഷ്യമാക്കി തൊടുത്ത തകർപ്പൻ ഗോൾ
മെക്സിക്കോയ്‌ക്കെതിരെ അർജന്റീനയുടെ ലിയോണൽ മെസ്സി 25 വാര അകലെനിന്ന് വളരെ കൃത്യതയോടെ ഉതിർത്ത സൂപ്പർ ഗ്രൗണ്ട് ഷോട്ട് ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെയാണ് വലയുടെ വലതുകീഴ്മൂലയിൽ വിശ്രമിച്ചത്.
ഇംഗ്ലണ്ടിന്റെ മാർക്കസ് റാഷ്ഫോർഡ് വെയിൽസിനെതിരെ ഏറെ അകലെനിന്നും ലഭിച്ച ഒരു ഫ്രീ-കിക്ക് അസാമാന്യ കൃത്യതയോടെയും പോസ്റ്റിന്റെ മുകൾ മൂലയിലേക്ക് തന്നെ അടിച്ചിറക്കി മനം കവർന്നു.

ഫൈനലിലെ ഗോളടി മത്സരം
നിശ്ചിത സമയത്തും അധിക സമയത്തും 3-3 എന്ന നിലയിൽ അവസാനിച്ച ഫൈനലിൽ ഫ്രാൻസിനായി കിലിയൻ എംബാപ്പെ ഹാട്രിക് നേടി. അർജന്റീനയ്ക്കായി ലയണൽ മെസി രണ്ടു ഗോളുകളും, ഏഞ്ചൽ ഡി മരിയ ഒരു ഗോളും സ്വന്തമാക്കി.

ഡീബുവിന്റെ ഐതിഹാസിക സേവും ടാറ്റൂവും
ഫൈനലിന്റെ 123-ാം മിനിറ്റിൽ ഫ്രഞ്ച് താരം കോലോ മുവാനിയുടെ ഗോൾ ഉറച്ച ഷോട്ട് തന്റെ ഇടതുകാലുകൊണ്ട് തടുത്തിട്ട അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ('ഡീബു') ഗോൾഡൻ ഗ്ലൗ സ്വന്തമാക്കി. ആ ലോകകപ്പ് നേട്ടത്തിന് ശേഷം അതേ ഇടതുകാലിൽ തന്നെ ലോകകപ്പ് ട്രോഫിയുടെ ചിത്രവും അർജന്റീനയുടെ വിജയങ്ങളെ സൂചിപ്പിക്കുന്ന മൂന്ന് നക്ഷത്രങ്ങളും (Que la pasión te lleve a la gloria" -"ആവേശം നിങ്ങളെ വിജയത്തിലേക്ക് നയിക്കട്ടെ" )എന്ന വാചകവും അദ്ദേഹം ടാറ്റൂ ചെയ്തു.

മികച്ച യുവതാരം
ടൂർണമെന്റിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം അർജന്റീനയുടെ മധ്യനിര താരം എൻസോ ഫെർണാണ്ടസ് നേടി.

മെസിയുടെ സർവ്വകാല റെക്കോർഡ്
ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ (26) കളിച്ച താരമെന്ന റെക്കോർഡും, ചരിത്രത്തിൽ രണ്ട് തവണ 'ഗോൾഡൻ ബോൾ' നേടുന്ന ആദ്യ കളിക്കാരനെന്ന നേട്ടവും ലയണൽ മെസ്സി സ്വന്തമാക്കി.

എംബാപ്പെയുടെ ഹാട്രിക്
1966-ൽ ജഫ് ഹർസ്റ്റിന് ശേഷം ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്ന ആദ്യ താരമായി ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ. എട്ടു ഗോളുകളോടെ അദ്ദേഹം ഗോൾഡൻ ബൂട്ടും സ്വന്തമാക്കി.

'ബിഷ്തും' ആഘോഷവും
ലോകകപ്പ് കിരീടമുയർത്തുമ്പോൾ ഖത്തർ അമീർ, മെസിയെ രാജകീയതയുടെ പ്രതീകമായ 'ബിഷ്ത്' (Bisht) വേഷം അണിയിച്ചു. ഡ്രസ്സിംഗ് റൂമിലെ മസാജ് ടേബിളിന് മുകളിൽ കയറിയുള്ള മെസ്സിയുടെ ആഘോഷം ആരാധകരുടെ മനംകവർന്നപ്പോൾ, ഗോൾഡൻ ഗ്ലൗ സ്വീകരിച്ച ശേഷം മാർട്ടിനെസ് വേദിയിൽ നടത്തിയ ആഘോഷം ഏറെ വിവാദമാവുകയും ചെയ്തു.











0 comments