വെറുമൊരു മോഷ്ടാവായോരെന്നെ...

anil
avatar
എസ് എസ് അനിൽ

Published on Aug 05, 2025, 09:00 PM | 5 min read

2025 ജൂൺ 30ന് അനിൽ ധീരുഭായ് അംബാനിക്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ഒരു നോട്ടീസ് ലഭിച്ചു. ജൂൺ 23ന് തയ്യാറാക്കപ്പെട്ട നോട്ടീസ് പ്രകാരം, റിലയൻസ് കമ്യൂണിക്കേഷൻസ് ലിമിറ്റഡിൻ്റെ (ആർ കോം) വായ്പാ അക്കൗണ്ടിനെ തട്ടിപ്പ് അക്കൗണ്ടായി (Fraud account) തരം തിരിക്കാൻ എസ്ബിഐ തീരുമാനിച്ചതായും കമ്പനിയുടെയും അതിൻ്റെ മുൻ ഡയറക്ടർ അനിൽ ധീരുഭായ് അംബാനിയുടെയും പേര് റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് റിപ്പോർട്ട് ചെയ്യാനും തീരുമാനിച്ചു എന്നതായിരുന്നു നോട്ടീസിൻ്റെ ഉള്ളടക്കം.


അതിന് അംബാനിയുടെ അഭിഭാഷകയായ തരിണി ഖുറാന മുഖാന്തരം നൽകിയ മറുപടിയുടെ അവസാന വരികൾ ഇപ്രകാരമാണ്. ''ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്കെതിരെ സമർപ്പണം നടത്തുന്നതിന് അനിൽ അംബാനിക്ക് വ്യക്തിപരമായ വാദം കേൾക്കാനുള്ള അവസരം എസ്‌ബി‌ഐ അനുവദിച്ചിട്ടില്ല, അതിലൂടെ അംബാനിക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു."- 'വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ' എന്ന് ചുരുക്കം.


മറ്റൊരു പൊതുമേഖലാ ബാങ്കായ കനറാ ബാങ്കാകട്ടെ 2024 നവംബറിൽ അനിൽ അംബാനിയുടെ ആർ കോം കമ്പനിയെ തട്ടിപ്പ് അക്കൗണ്ടായി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ എസ്ബിഐ ജൂൺ 23ന് ആർ കോമിനെ തട്ടിപ്പ് കമ്പനിയായി വീണ്ടും തരം തിരിച്ച് 18 ദിവസം കഴിഞ്ഞ് ജൂലായ് 10 ആയപ്പോൾ അനിൽ അംബാനിയുടെ തട്ടിപ്പ് പട്ടം ഒഴിവാക്കിയതായിക്കാണിച്ച് കനറാ ബാങ്ക് കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുകയാണ്!


അപസർപ്പക നോവലിനെ വെല്ലുന്ന തട്ടിപ്പ് കഥ


2015ലാണ് അനിൽ അംബാനിയുടെ കമ്പനികളായ ആർ കോമും റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും എസ്ബിഐ ഉൾപ്പടെയുള്ള പല ദേശീയ അന്തർദേശീയ ബാങ്കുകളിൽ നിന്നും വായ്പ എടുക്കുന്നത്. 2016ൽ വായ്പ പൂർണമായും വിതരണം ചെയ്യപ്പെട്ടു. ഏറ്റവും കൂടുതൽ വായ്പ നൽകിയത് പതിവ് പോലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായിരുന്നു. 3628.68 കോടി രൂപ. 1832.91 കോടി ഇന്ത്യൻ രൂപക്ക് സമാനമായി വായ്‌പ നൽകിയ ഇൻഡസ്ട്രിയൽ ആൻ്റ് കമേഴ്സ്യൽ ബാങ്ക് ഓഫ് ചൈനയാണ് രണ്ടാം സ്ഥാനത്ത്.


കനറാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ശുഭ്ഹോൾഡിംഗ്, എസ് സി ലോവി അസറ്റ് മാനേജ്മെൻ്റ്, ദോഹ ബാങ്ക്, സ്റ്റാൻ്റേർഡ് ചാർട്ടേർഡ് ബാങ്ക്, എമിറേറ്റ്സ് ബാങ്ക്, ചൈന ഡെവലപ്മെൻ്റ് ബാങ്ക്, എക്സ്പോർട്ട് ആൻ്റ് ഇംപോർട്ട് ബാങ്ക് ഓഫ് ചൈന... ഇന്ത്യയിലെയും വിദേശത്തെയുമായ ധനകാര്യ സ്ഥാപനങ്ങളുടെ പട്ടിക നീളുകയാണ്. ഇപ്പറഞ്ഞ സ്ഥാപനങ്ങളെയെല്ലാം വിഢികളാക്കിയ അനിൽ അംബാനിയെന്ന കുത്തക ഭീമൻ നമ്മുടെ രാജ്യത്തെ ബാങ്കുകളിൽ നിന്നു മാത്രം കൈവശപ്പെടുത്തിയ സാധാരണക്കാരുടെ നിക്ഷേപ പണം 48,216 കോടി രൂപയാണ്. ഈ തുകയാണ് 2020ൽ ബാങ്കുകൾ കിട്ടാക്കടമായി പ്രഖ്യാപിച്ചത്. മാത്രമല്ല അംബാനിയുടെ വഴിവിട്ട ഇടപാടുകൾ കണ്ടെത്തി 2020 നവംബർ 10ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവരുടെ റെക്കോർഡുകളിൽ കമ്പനിയെ തട്ടിപ്പ് കമ്പനി അക്കൗണ്ട് (Fraud Account) എന്ന തരത്തിലേക്ക് മാറ്റുകയും ചെയ്തു.


വായ്പാ ദുരുപയോഗം, ക്രിമിനൽ വിശ്വാസ ലംഘനം, വ്യാജ ഉപകരണങ്ങൾ വഴിയുള്ള തട്ടിപ്പ്, പുസ്തകങ്ങളിലും അക്കൗണ്ടുകളിലും വരുത്തുന്ന തട്ടിപ്പ്, അനധികൃത ക്രെഡിറ്റ് സൗകര്യങ്ങൾ, പണക്ഷാമം, വ്യാജരേഖ നിർമ്മിക്കൽ, വിദേശനാണ്യം ഉൾപ്പെടുന്ന വഞ്ചനാപരമായ ഇടപാടുകൾ എന്നിവയാണ് ഒരു വായ്പയെ തട്ടിപ്പ് വായ്പയായി മാറ്റുന്നതിന് വേണ്ടി റിസർവ് ബാങ്ക് പുറപ്പെടുവിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ. അന്ന് നിലവിലുണ്ടായിരുന്ന റിസർവ് ബാങ്ക് നിയമപ്രകാരം, തട്ടിപ്പ് അക്കൗണ്ടുകൾ എഴുതിതള്ളുകയോ മുടിവെട്ട്  നടത്തുകയോ ചെയ്യുന്നത് അത്ര എളുപ്പമല്ല.


എന്നാൽ എസ്ബിഐ കണ്ടെത്തിയ അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാടെല്ലിൻ്റെ തട്ടിപ്പ് അക്കൗണ്ട് എന്ന ടാഗ്, കേവലം 24 ദിവസങ്ങൾ കഴിഞ്ഞപ്പോൾ, 2020 ഡിസംബർ അഞ്ചിന് എസ്ബിഐ പൊടുന്നനെ  നീക്കം ചെയ്തു. ഒരു അക്കൗണ്ട് തട്ടിപ്പായി പ്രഖ്യാപിക്കപ്പെട്ടാൽ അത് ഉടൻ തന്നെ 'ക്രിൽക്' [Central Repository of Information on Large Credits (CRILC)] നെ അറിയിക്കണം എന്ന ചട്ടവും പാലിക്കപ്പെട്ടില്ല. തട്ടിപ്പ് പട്ടം ഒഴിവാക്കിയതോടെ വായ്പ ഐബിസി പ്രകാരം ലേലം ചെയ്യപ്പെടുന്നു. ലേലത്തിലൂടെ പിടിച്ചെടുത്തതാകട്ടെ അനിൽ അംബാനിയുടെ ജ്യേഷ്ഠൻ മുകേഷ് അംബാനിയുടെ ജിയോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. ബാങ്കുകൾക്ക് ലഭിച്ചത് ആകെ കിട്ടാക്കടത്തിൻ്റെ കേവലം തുഛമായ സംഖ്യ മാത്രം. 99 ശതമാനമായിരുന്നു ഹെയർ കട്ട് എന്ന പേരിൽ ഒഴിവാക്കി നൽകിയത്.


ചൈനയെ പഴിചാരിയാലോ?


അനിൽ അംബാനിയുടെ കമ്പനികൾ മൂന്ന് ചൈനീസ് ബാങ്കുകളിൽ നിന്ന് (ഇൻഡസ്ട്രിയൽ ആൻ്റ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്മെൻ്റ് ബാങ്ക്, എക്സിം ബാങ്ക് ഓഫ് ചൈന) വായ്പ എടുത്തിരുന്ന വിവരം സൂചിപ്പിച്ചിരുന്നല്ലൊ? വായ്പാ സംഖ്യ കിട്ടാക്കടമായതോടെ അത് തിരിച്ചു പിടിക്കുന്നതിനായി ചൈനീസ് ബാങ്കുകൾ യുകെ കോടതിയിൽ കേസ് നൽകി. കേസിൽ വാദങ്ങൾ പലതും നിരത്തിയിട്ടും ലണ്ടൻ കോടതി 717 മില്യൻ യുഎസ് ഡോളർ (ഏകദേശം 5448 കോടി രൂപ) മൂന്ന് ചൈനീസ് ബാങ്കുകൾക്കായി നൽകാൻ ഉത്തരവിടുകയാണ് ഉണ്ടായത്. തുടർന്ന് വീഡിയോ കോൺഫെറൻസിലൂടെ ഹാജരായ അനിൽ അംബാനി വിചിത്രമായ ചില വാദങ്ങൾ ഉന്നയിച്ചു. താൻ തീർത്തും പാപ്പരാണ് എന്നും തൻ്റെ നിലവിലെ ചിലവുകൾ ഭാര്യയും കുടുംബവുമാണ് വഹിക്കുന്നത് എന്നും മാത്രമല്ല മകൻ ജെയ് അൻമോൾ അംബാനിയിൽ നിന്നും കോടിക്കണക്കിന് രൂപ വായ്പയായി എടുത്തിട്ടുണ്ടെന്നും അനിൽ അംബാനി കോടതിയിൽ പറഞ്ഞു.


മാത്രമല്ല നിയമപരമായ ചില ചിലവുകൾക്കായി തൻ്റെ എല്ലാ ആഭരണങ്ങളും ഒമ്പതു കോടി രൂപക്ക് വിറ്റുവെന്നും ഇപ്പോൾ 'അർത്ഥവത്തായ' ഒന്നും തൻ്റെ കൈവശമില്ലെന്നും അനിൽ അംബാനി അവകാശപ്പെട്ടു. ഈ വിഷയത്തിൽ ഡൽഹി ഹൈക്കോടതി ചൈനീസ് ബാങ്കുകളോട്, അനിൽ അംബാനിയുടെ കമ്പനികൾക്കെതിരെ ഇന്ത്യയിലെ കോടതികളിൽ നൽകിയ കേസുകളിൽ കക്ഷി ചേരുന്നതിനെ സംബന്ധിച്ച അഭിപ്രായം  തേടിയിരിക്കുകയാണ്. 2019ൽ ആർ കോം വായ്പയുമായി ബന്ധപ്പെട്ട് അനിൽ അംബാനി ഇന്ത്യയിൽ നൽകിയ പാപ്പർ ഹർജിയും ഇതോട് ചേർത്ത് വായിക്കണം. ഇനി ഇന്ത്യൻ മുതലാളിയെ ചൈനയിൽ നിന്ന് മോചിപ്പിക്കാൻ ദേശസ്നേഹികളായ സംഘപരിവാരങ്ങൾ മുന്നിട്ടിറങ്ങുമോ എന്ന് നിശ്ചയമില്ല.


ലണ്ടൻ കോടതിയിൽ ചൈനയിലെ സർക്കാർ ബാങ്കുകൾ ഫയൽ ചെയ്ത കേസിൽ അനിൽ അംബാനി നടത്തിയ വാദങ്ങളും, ഇപ്പോൾ എസ്ബിഐ അനിൽ അംബാനിക്ക് തൻ്റെ വാദങ്ങൾ നിരത്താൻ അനുവാദം നൽകാതെ തട്ടിപ്പ് അക്കൗണ്ടായി തരം തിരിച്ചതും, കനറാ ബാങ്ക് അനിൽ അംബാനിയെ തട്ടിപ്പ് പട്ടികയിൽ നിന്നും ഒഴിവാക്കിയതുമെല്ലാം എഴുതി തയ്യാറാക്കി കൃത്യമായ ആസൂത്രണത്തോടെ സംവിധാനം ചെയ്ത നാടകങ്ങൾ മാത്രമല്ലെ?


വ്യക്തം, വിചിത്രം!


ഇനി നമുക്ക്മേൽപ്പറഞ്ഞ വിഷയങ്ങളുടെ രത്നച്ചുരുക്കം ഒന്ന് നോക്കിയാലോ?


2015- അനിൽ അംബാനിയുടെ ആർ കോം ഉൾപ്പടെയുള്ള കമ്പനികൾക്ക് ഇന്ത്യയിലെയും വിദേശത്തേയും വിവിധ ബാങ്കുകൾ വായ്പ നൽകുന്നു.

2019- ഇന്ത്യൻ കോടതിയിൽ അനിൽ അംബാനിയുടെ പാപ്പർ ഹർജി.

2020- സെപ്തംബർ- ചൈനീസ് ബാങ്കുകൾക്ക് അനുകൂലമായി ലണ്ടൻ കോടതി ഉത്തരവ്.

2020- നവംബർ 10- എസ്ബിഐ മേൽ വായ്പ തട്ടിപ്പ് അക്കൗണ്ടായി തരം തിരിക്കുന്നു.

2020- ഡിസംബർ 5- തട്ടിപ്പ് അക്കൗണ്ട് എന്ന തരംതിരിവ് എസ്ബിഐ ഒഴിവാക്കുന്നു.

2021- അനിൽ അംബാനിയുടെ കമ്പനികളിൽ ഐബിസി നിയമ പ്രകാരമുള്ള നടപടികൾ ആരംഭിക്കുന്നു.

2023- ഡിസംബർ- വൻ മുടി വെട്ടോടെ (ഹെയർ കട്ട്) അനുജൻ അംബാനിയുടെ കമ്പനികൾ ജ്യേഷ്ഠൻ അംബാനിക്ക് നൽകുന്നു.

2024- ജൂൺ- അനിൽ അംബാനിയുടെ കമ്പനികളെ എസ്ബിഐ തട്ടിപ്പ് അക്കൗണ്ട് എന്ന് തരം തിരിക്കുന്നു.

2024- ജൂലൈ- കനറാ ബാങ്ക് പ്രസ്തുത കമ്പനികളെ തട്ടിപ്പ് അക്കൗണ്ട് തരംതിരിവിൽ നിന്നും ഒഴിവാക്കുന്നു.


വിചിത്രമായ നടപടികളിലൂടെ കാര്യങ്ങൾ വ്യക്തമാവുകയാണ്. ഇതിലൊന്നും ഒരു അസ്വഭാവികതയും നിങ്ങൾക്കാർക്കും തോന്നിയിട്ടില്ലല്ലൊ അല്ലേ? 2020ൽ തട്ടിപ്പ് പട്ടം ഒഴിവാക്കുകയും ഹെയർ കട്ട് നൽകി കൈമാറുകയും ചെയ്ത കമ്പനിയെ, അതിൻ്റെ മുൻ പ്രൊമോട്ടറായ അനിൽ അംബാനിയെ (ഇപ്പോഴത്തെ പ്രൊമോട്ടർ അദ്ദേഹത്തിൻ്റെ ജ്യേഷ്ഠൻ അംബാനിയാണ് എന്നതും മറക്കരുത്) ഇപ്പോൾ വീണ്ടും തട്ടിപ്പ് പട്ടികയിൽ ഉൾപ്പെടുത്തിയത് എന്തിനായിരിക്കും? എന്തായാലും ഇത്ര വ്യത്യസ്ഥനായ ഒരു പാവം കുത്തക മുതലാളിയെ സത്യത്തിൽ നമ്മുടെ കേന്ദ്ര ഭരണാധികാരികൾക്ക് തിരിച്ചറിയാനായതേയില്ല!


വിമാനക്കമ്പനിയുള്ള പാപ്പർ മുതലാളി


ഇതേ അനിൽ അംബാനി സ്ഥാപിച്ച റിലയൻസ് എയ്റോസ്ട്രക്ചർ ലിമിറ്റഡ് (RAL) എന്ന കമ്പനിയും ഫ്രാൻസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദസോൾട്ട് ഏവിയേഷൻ കമ്പനിയും ചേർന്ന് 2017ൽ ദസോൾട്ട് റിലയൻസ് ഏയ്റോസ്പേസ് കമ്പനി (DRAL) നാഗ്പൂർ ആസ്ഥാനമായി രൂപീകരിക്കുകയും അവിടെ ഫാൽക്കൻ സീരിസ് ജെറ്റ് വിമാനങ്ങളുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ കമ്പനിക്ക് ഏതൊക്കെ ബാങ്കുകളാണ് വായ്പ നൽകിയിരിക്കുന്നത് എന്നത് നാളുകൾ കഴിഞ്ഞേ പുറത്ത് വരികയുള്ളു. 2015ൽ ഇന്ത്യൻ പ്രധാനമന്ത്രി ഫ്രാൻസ് സന്ദർശിച്ച് ദസോൾട്ട് കമ്പനിയുമായി റഫേൽ യുദ്ധവിമാനക്കരാർ രൂപീകരിച്ചതും തുടർന്ന് റിലയൻസ് ഏയ്റോസ്പേസിന് കരാർ നൽകാൻ ശ്രമിച്ചതും അതിൽ അഴിമതി ആരോപണം ഉയർന്നതുമെല്ലാം ഇതോട് കൂട്ടി വായിക്കേണ്ടതുമാണ്.


ഹെയർ കട്ട് ഇടപാടുകളെ സംബന്ധിച്ച് അന്വേഷണം നടത്തുക


2016ൽ പാർലമെണ്ട് പാസാക്കിയ ഐബിസി (Insolvency and bankruptcy code) നിയമപ്രകാരമുള്ള 'മുടി വെട്ടി'ലൂടെ (Hair Cut) നടത്തിയ ഓരോ ഇടപാടും പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു. അങ്ങനെ ഒരു അന്വേഷണം നടന്നാൽ ഇത്തരം നിരവധി കാട്ടു കൊള്ളകളുടെ ഞെട്ടിക്കുന്ന കഥകൾ പുറത്ത് വരും. ഇങ്ങനെ ഒരാവശ്യം ഇന്ത്യയുടെ പാർലമെണ്ടിനകത്തും പുറത്തും ഉയർന്ന് വരേണ്ടിയിരിക്കുന്നു.


ശത കോടികൾ വെട്ടിച്ച് രാജ്യം വിട്ടു പോയ വിജയ് മല്യയും ലളിത് മോദിയും ലണ്ടനിൽ ഒരു ആഡംബര വിരുന്നിൽ പങ്കെടുത്ത് ആടിപ്പാടുന്ന ദൃശ്യങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായി. അമേരിക്കൻ ഗായകൻ ഫ്രാങ്ക് സിനാട്രയുടെ ''ആൻ്റ് നൗ ദി എൻഡ് ഈസ് നിയർ'' എന്ന ഗാനമാണ് അവർ പാടിയത്. എസ്ബിഐ തട്ടിപ്പ് അക്കൗണ്ടായി തരം തിരിച്ചു എന്ന അറിയിപ്പ് നൽകിയ വേളയിൽ അനിൽ അംബാനി നൽകിയ മറുപടി, അഥവാ അങ്ങനെ ഒരു മറുപടി നൽകാൻ ഇട നൽകി എസ്ബിഐ നൽകിയ കത്ത്, ഇതെല്ലാം പരിശോധിച്ചാൽ മല്യമാരും ലളിത് മോദിമാരും അംബാനിമാരും കൈകോർത്ത് പാടേണ്ടത് വർഷങ്ങൾക്ക് മുൻപ് പ്രശസ്ത കവി അയ്യപ്പപ്പണിക്കർ 'മോഷണം' എന്ന തൻ്റെ കവിതയിൽ കുറിച്ച വരികളാണ്. ഒരു പക്ഷെ ഇന്നത്തെ ഇത്തരം വൻകിട കോർപ്പറേറ്റ് മുതലാളിമാരെയും അവരോട് ചങ്ങാത്തം പുലർത്തുന്ന ഭരണാധികാരികളെയും മുൻകൂട്ടി കണ്ടായിരിക്കണം അന്ന് ഈ കവിത കുറിക്കപ്പെട്ടത്. കവിതയുടെ അവസാന വരികൾ ഒന്നുകൂടി ഓർമ്മിപ്പിച്ചു കൊള്ളട്ടെ.


''നല്ലത് വല്ലോം മോഷ്ടിച്ചാലുടനേ- അവനേ- വെറുതേ

കള്ളനാക്കും

നിങ്ങടെ ചട്ടം

മാറ്റുക മാറ്റുക ചട്ടങ്ങളെയവ

മാറ്റും നിങ്ങളെയല്ലെങ്കിൽ.''


(ബാങ്ക്‌ എംപ്ളോ‌യീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ അഖിലേന്ത്യ പ്രസിഡന്റാണ്‌ ലേഖകൻ)




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home