മാറ്റത്തിന് കാതോർത്ത് പേരാവൂർ

നവ്യ സുരേഷ്
മട്ടന്നൂർ സുരേന്ദ്രൻ
Published on Dec 02, 2025, 02:30 AM | 1 min read
പേരാവൂർ
മുൻകാലങ്ങളിലെ കൈത്തെറ്റ് തിരുത്താനൊരുങ്ങുകയാണ് പേരാവൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ. വലതിൽനിന്ന് ഇടതോരം ചേരാൻ വെമ്പൽകൊള്ളുകയാണ് പേരാവൂരിന്റെ മനസ്സ്. ഇവിടെ ഇത്തവണ വിജയക്കൊടി പാറിക്കാനുള്ള കഠിനശ്രമത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി നവ്യ സുരേഷ്. ജില്ലയിൽ ഏറ്റവും കൂടുതൽ ബ്ലോക്ക് ഡിവിഷനുകൾ ഉൾപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് പേരാവൂർ. ഇരിട്ടി ബ്ലോക്കിലെ കീഴ്പ്പള്ളി, വെളിമാനം, ആലയാട്, തില്ലങ്കേരി, പേരാവൂർ ബ്ലോക്കിലെ പാലപ്പുഴ, പേരാവൂർ, മാലൂർ, മുഴക്കുന്ന്, കാക്കയങ്ങാട് എന്നീ ഒമ്പത് ബ്ലോക്ക് ഡിവിഷനുകളാണ് ഇതിൽ ഉൾപ്പെടുന്നത്. 2010-ൽ കൊട്ടിയൂർ ഡിവിഷൻ വിഭജിച്ച് പേരാവൂർ ഡിവിഷൻ രൂപവൽക്കരിച്ചത് മുതൽ കോൺഗ്രസ് മാത്രം വിജയിച്ച ചരിത്രം തിരുത്താനാണ് എൽഡിഎഫ് ശ്രമം. ഇത്തവണ പേരാവൂരിൽ മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങിയിട്ടുണ്ട്. ഡിവിഷൻ വിഭജിച്ചതോടെ കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് ഡിവിഷനുകൾ ഇതിൽനിന്ന് ഒഴിവായിട്ടുണ്ട്. പകരം, ആലയാട്, മാലൂർ, മുഴക്കുന്ന്, കാക്കയങ്ങാട് ബ്ലോക്ക് ഡിവിഷനുകൾ കൂട്ടിച്ചേർത്തു. നിലവിൽ പേരാവൂർ ജില്ലാ ഡിവിഷനിലുൾപ്പെടുന്ന ആറളം, തില്ലങ്കേരി, മുഴക്കുന്ന്, പേരാവൂർ, മാലൂർ പഞ്ചായത്തുകൾ എൽഡിഎഫാണ് ഭരിക്കുന്നത്. വികസനകാര്യത്തിൽ ജില്ലാ പഞ്ചായത്ത് മാതൃകയായി വളരുമ്പോഴും അതിനൊപ്പം സഞ്ചരിക്കാൻ പേരാവൂർ ഡിവിഷന് കഴിഞ്ഞ കാലങ്ങളിൽ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിൽ വികസനം ചർച്ചയാകുമ്പോൾ മറുപടി നൽകാനാകാതെ യുഡിഎഫ് വിയർക്കുകയാണ്. എസ്എഫ്‌ഐ നേതാവ് നവ്യ സുരേഷിനെ രംഗത്തിറക്കിയാണ് എൽഡിഎഫ് ഡിവിഷനിൽ കനത്ത പോരാട്ടം നടത്തുന്നത്. നാടുനീളെ ലഭിക്കുന്ന സ്വീകാര്യത നവ്യ സുരേഷിന് മുതൽക്കൂട്ടാകുകയാണ്. എസ്എഫ്‌ഐ പേരാവൂർ ഏരിയാ ജോ.സെക്രട്ടറിയും ഡിവൈഎഫ്‌ഐ പേരാവൂർ സൗത്ത്മേഖലാ വൈസ് പ്രസിഡന്റുമാണ്. സജിത മോഹനനാണ് യുഡിഎഫ് സ്ഥാനാർഥി. ലതികാ സുരേഷാണ് ബിജെപി സ്ഥാനാർഥി.









0 comments