എല്ലാ മണ്ഡലത്തിലും വികസനമെത്തി
കാസർകോടും മഞ്ചേശ്വരവും കുതിച്ചു

മലയോര ഹൈവേ മൊറത്താണയിൽനിന്നുള്ള കാഴ്‌ച
കാസർകോട്
കിഫ്‌ബിയെ നിയമസഭയിൽ നിശിതമായി വിമർശിച്ച മുസ്ലിംലീഗ് നേതാവ് എൻ എ നെല്ലിക്കുന്നിന്റെ കാസർകോട് മണ്ഡലത്തിലും കിഫബി ഫണ്ടിൽ ലഭിച്ചത് കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ. കല്ലടുക്ക– ചെർക്കള സംസ്ഥാന പാതയ്‌ക്ക് 39.76 കോടിയും കല്ലടുക്ക– പെർള– ഉക്കിനടുക്ക റോഡിന് 27.39 കോടി രൂപയും ബദിയടുക്ക– ഏത്തടുക്ക– സുള്ള്യപ്പദവ് റോഡിന് 45.57 കോടിയും നൽകി. ഇതിനും പുറമെ മലയോര ഹൈവേയുടെ ഭാഗമായ എടപ്പറന്പ– കോളിച്ചാൽ റോഡിന് 85.15 കോടിയും അനുവദിച്ച് പ്രവൃത്തി പൂർത്തീകരിച്ചു. ഇതിനുപുറമെ ആശുപത്രികൾക്കും പാലങ്ങൾക്കുമായി 66 കോടി രൂപയും അനുവദിച്ചു. സ്‌കൂളുകൾക്ക് മാത്രം 20 കോടിയിലേറെ രൂപയും നൽകി. കാസർകോട്, ചെർക്കള സെൻട്രൽ, പെർഡാല ഹയർസെക്കൻഡറികളുടെയും തളങ്കര, കാറഡുക്ക വൊക്കേഷണൽ ഹയർസെക്കൻഡറികളുടെയും കെട്ടിടങ്ങൾ തിളക്കത്തോടെ ശോഭിക്കുന്ന കിഫ്‌ബി പദ്ധതികളാണ്. മഞ്ചേശ്വരം മണ്ഡലത്തിലാകട്ടെ കാസർകോടിനേക്കാൾ ഫണ്ടാണ് കിഫ്‌ബിയിലൂടെ അനുവദിച്ചത്. പ്രധാന പദ്ധതിയായ മഞ്ചേശ്വരം ഹാർബറിന്റെ പ്രവൃത്തിക്ക് മാത്രം 12.75 കോടിയാണ് അനുവദിച്ചത്. സ്‌കൂളുകൾക്ക് കെട്ടിടവും അടിസ്ഥാന സൗകര്യവും മെച്ചപ്പെടുത്തുന്നതിനായി 40 കോടിയിലേറെ രൂപയും അനുവദിച്ചു. കിഫ്‌ബിയിലൂടെ 17 ഹയർസെക്കൻഡറി സ്‌കൂളുകളാണ് അടിസ്ഥാന സൗകര്യത്തിൽ ഉന്നത നിലവാരത്തിലേക്കുയർന്നത്. മലയോര ഹൈവേക്ക് 141 കോടി രൂപയാണ് അനുവദിച്ച് പ്രവൃത്തി പൂർത്തിയാക്കിയത്. നന്ദാരപ്പദവ് – ചേവാർ ഒന്നാം റീച്ചിന് 54.76 കോടിയും ചേവാർ – എടപ്പറന്പ് രണ്ടാം റീച്ചിന് 86.63 കോടിയുമാണ് അനുവദിച്ചത്. ഇതിനെല്ലാം പുറമെ ആശുപത്രികൾക്ക് കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമൊരുക്കാൻ അനുവദിച്ചതും കോടിക്കണക്കിന് രൂപയാണ്. കിഫ്‌ബിയെ യുഡിഎഫ് എതിർക്കുന്പോഴും നാടിന്റെ വികസനത്തിൽ രാഷ്ട്രീയ വേർതിരിവില്ലെന്ന് പ്രഖ്യാപിച്ചാണ് എൽഡിഎഫ് സർക്കാർ എല്ലാ മണ്ഡലങ്ങളിലും വികസനമെത്തിച്ചത്.









0 comments