ശാസ്ത്ര രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ക്വാണ്ടം പൂച്ചയെത്തുന്നു

കാഞ്ഞങ്ങാട്
വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ എർവിൻ ഷ്രോഡിങ്ങറുടെ ക്വാണ്ടം പൂച്ച ജനുവരി നാലിന് കാഞ്ഞങ്ങാടെത്തും. "കാക്കയും പ്രാവും പറക്കുന്ന പോലെന്തെൻ പൂച്ച പറക്കാത്തതെന്തു കൊണ്ടെന്ന്’ പാട്ടുപാടി കടുകട്ടിയായ ക്വാണ്ടം സയൻസ് ലളിതമായി പറഞ്ഞുതരും. പ്രകാശത്തിന്റെ തരംഗ ദൈർഘ്യം പഠിച്ച ഡോ. സി വി രാമന്റെ മുറി, മേരി ക്യൂറിയുടെ മേശ എന്നിവയും വിവരിച്ചുതരും. ഫ്ലൂറസെന്റിന്റെ തിളക്കത്തിന് പിന്നിലെ രഹസ്യത്തിന്റെ ചുരുളഴിക്കും. അണുഘടനയും സൗരയൂഥവും വരെ വെർച്വൽ റിയാലിറ്റിയിലൂടെ അറിയാം. ഐക്യരാഷ്ട്ര സംഘടന ക്വാണ്ടം സിദ്ധാന്തത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ശാസ്ത്ര സാമൂഹ്യ കേന്ദ്രം മുൻകൈയെടുത്ത് സംഘടിപ്പിക്കുന്നതാണ് ക്വാണ്ടം പൂച്ചയുടെ കേരള പര്യടനമെന്ന് പേരിട്ട ശാസ്ത്ര മാമാങ്കം. ക്വാണ്ടം ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നേട്ടം ലോകമെങ്ങും ആഘോഷിക്കുന്ന വേളയിൽ കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജാണ് പ്രദർശനത്തിന് വേദിയൊരുക്കുന്നത്. ഓരോ സ്ഥാപനത്തിൽനിന്നും 100 വീതം കുട്ടികൾക്ക് ജില്ല ഇതുവരെ കണ്ടിട്ടില്ലാത്ത വിപുലമായ ശാസ്ത്ര വിജ്ഞാനമേളയിൽ പങ്കെടുക്കാം. ഓൺ ലൈൻ വഴിയാണ് രജിസ്ടേഷൻ. അഞ്ചുദിവസം ദിവസവും രാവിലെ 9 മുതൽ 7 വരെ നടക്കുന്ന പ്രദർശനത്തിന് നെഹ്റു കോളേജും ശാസ്ത്ര സാഹിത്യ പരിഷത്തും ലൂക്കാ പോർട്ടലുമാണ് നേതൃത്വം നൽകുന്നത്. ലൂക്ക സയൻസ് പോർട്ടലിൽ ഓരോ സ്ഥാപനവും വിദ്യാർഥികളുടെ എണ്ണവും തീയതിയും സമയവും രേഖപ്പെടുത്തി ടൈം സ്ലോട്ട് രജിസ്ട്രേഷൻ പൂർത്തിയാക്കണം. ക്വാണ്ടം സയൻസിന്റെ ആരംഭ കാലം, ഇന്ത്യൻ സംഭാവനകൾ, ആവർത്തന പട്ടികയിലെ മൂലകങ്ങൾ, റേഡിയേഷൻ കാണാവുന്ന ക്ലൗഡ് ചേമ്പറുകൾ, പരീക്ഷണങ്ങൾ, ഇൻസ്റ്റലേഷനുകൾ, മോഡലുകൾ, മത്സരങ്ങൾ, ഹോളോഗ്രാം, സ്റ്റിമുലേഷനുകൾ, വെർച്ചൽ റിയാലിറ്റി, ലേസർ പരീക്ഷണങ്ങൾ എന്നിവയുടെ സമന്വയമാണ് പ്രദർശനത്തിലെ സവിശേഷത. പ്രത്യേകം പരിശീലനം ലഭിച്ച കോളേജ് വിദ്യാർത്ഥികളാണ് ശാസ്ത്രസംവാദത്തിന് നേതൃത്വം നൽകുക.









0 comments