ഉദുമക്ക് നൽകിയത് 500 കോടി

കിഫ്ബി പദ്ധതിയിൽ പൂർത്തിയായ തെക്കിൽ ആലട്ടി റോഡ്
ഉദുമ
പശ്ചാത്തല സൗകര്യവികസനത്തിനായി ഒന്നാം പിണറായി സർക്കാർ ആവിഷ്കരിച്ച കിഫ്ബി പദ്ധതിയിലൂടെ ഉദുമ മണ്ഡലത്തിൽ നടപ്പാക്കുന്നത് 500 കോടിയുടെ പദ്ധതികൾ. ഇതിൽ ഭൂരിഭാഗം പദ്ധതികളും പൂർത്തിയായി. പശ്ചാത്തല സൗകര്യവികസനത്തിൽ വൻ കുതിപ്പാണ് കിഫ്‌ബിയിലൂടെ സാധ്യമായത്. 49 കിലോമീറ്റർ മലയോര ഹൈവേ വികസനത്തിന് - 86.64 കോടി രൂപ അനുവദിച്ചതോടെ മലയോര മേഖലയിൽ കണ്ണഞ്ചിപ്പിക്കുന്ന വികസനമെത്തി. ഉദുമ, കോട്ടിക്കുളം റെയിൽവേ മേൽപ്പാലങ്ങൾക്ക് - 36.56 കോടി രൂപ കിഫ്‌ബി അനുവദിച്ചു. റോഡുകൾ, പാലങ്ങൾ എന്നിവയ്‌ക്കും കിഫ്‌ബി ഫണ്ട് ലഭ്യമായി. കുറ്റിക്കോൽ പ്രീ മെട്രിക് ഹോസ്റ്റൽ 4.2 കോടി രൂപയും വെള്ളച്ചാൽ ഹോസ്റ്റൽ കെട്ടിടത്തിന് അഞ്ചുകോടിയും 100 പെൺകുട്ടികൾക്ക് താമസിക്കാവുന്ന ബേഡഡുക്ക - പ്രമെട്രിക് ഹോസ്റ്റൽ 4.7 കോടിയും ചെലവഴിച്ചു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും ക്ലാസ്‌മുറികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനുമായി മണ്ഡലത്തിൽ 21 വിദ്യാലയങ്ങൾക്ക് ഫണ്ട് അനുവദിച്ചു. പെരിയ, അഡൂർ, ബന്തടുക്ക, പുല്ലൂർ, അസറഗൊള, കീഴൂർ, പള്ളിക്കര, പാക്കം, ഇരിയണ്ണി, ചെമ്മനാട്, ബേത്തൂർപാറ, കോളിയടുക്കം, മുളിയാർ, ബാര, തച്ചങ്ങാട്, കൊളത്തൂർ, ബേക്കൽ, ചന്ദ്രഗിരി, അമ്പലത്തറ, ദേലംപാടി, കുണിയ സ്‌കൂളുകൾക്കാണ് തുക അനുവദിച്ചത്. തെക്കിൽ –ആലട്ടി റോഡ് (75.11 കോടി), ബോവിക്കാനം–കാനത്തൂർ എരിഞ്ഞിപ്പുഴ–കുറ്റിക്കോൽ റോഡ് അഭിവൃദ്ധിപ്പെടുത്തൽ (-58.30 കോടി), പയസ്വിനി പുഴയ്ക്ക് കുറുകെ ചൊട്ട പാലം നിർമാണം - (18.30 കോടി), ബേഡഡുക്ക താലൂക്ക് ആശുപത്രി വികസനം -(10.17 കോടി), ഉദുമ സബ് രജിസ്റ്റാർ ഓഫിസ് 1.06 കോടി എന്നിങ്ങനെയും ഫണ്ട് അനുവദിച്ചു. ഇതിൽ സ്കൂളുകളുടെ പശ്ചാത്തല വികസനം, റോഡ് ഉൾപ്പെടെയുള്ള പദ്ധതികളിൽ മിക്കതും പൂർത്തീകരിച്ചു. ചില പദ്ധതികൾ അന്തിമഘട്ടത്തിലും ചിലത് പ്രാരംഭഘട്ടത്തിലുമാണെന്ന് സി എച്ച് കുഞ്ഞമ്പു എംഎൽഎ പറഞ്ഞു.









0 comments