ad
Deshabhimani

print edition തോൽക്കാതെ ആഫ്രിക്ക

AFRICA

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jul 03, 2026, 02:52 AM | 2 min read

ധീരന്മാരെ നിങ്ങൾ കരയരുത്‌. നിങ്ങൾ പരാജിതരല്ല. നമ്മുടെ ആത്മാഭിമാനം തിരികെ കൊണ്ടുവന്നവരാണ്‌. അരനൂറ്റാണ്ടായി നമ്മൾ ഒറ്റത്തുരുത്തായിരുന്നില്ലേ. ലോകവേദിയിൽ നോക്കിനിൽക്കുന്ന കാഴ്‌ചക്കാർ മാത്രം. ഇന്നിതാ വീണ്ടും സ്വപ്‌നം കാണാൻ നിങ്ങൾ ഞങ്ങളെ പ്രാപ്‌തരാക്കി. ആയുധമെടുത്ത്‌ പോരടിക്കുന്നതിനിടെയാണ്‌ നിങ്ങൾ വീണുപോയത്‌. ഇ‍ൗ രാജ്യം നിങ്ങളെ വണങ്ങുന്നു’. ഇംഗ്ലണ്ടിനോട്‌ പൊരുതിവീണ്‌ കോംഗോ മടങ്ങിയപ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി ജൂഡിത്‌ സുമിൻവ ടുലുക കളിക്കാരോട്‌ പറഞ്ഞ വാക്കുകൾ.

ലോകകപ്പ്‌ ഫുട്‌ബോളിൽ ആഫ്രിക്കൻ രാജ്യങ്ങളുടെ പോരാട്ടവീര്യത്തിനുള്ള അടിക്കുറിപ്പാണിത്‌.


കോംഗോയും സെനെഗലും ദക്ഷിണാഫ്രിക്കയും ഐവറികോസ്‌റ്റുമെല്ലാം ആഫ്രിക്കയുടെ അഭിമാനമുയർത്തിയാണ്‌ മടങ്ങുന്നത്‌. പോരാട്ടത്തിന്റെ പുതിയ പാഠം പകർന്നുനൽകി. ഇ‍ൗ ലോകകപ്പിന്റെ ആവേശക്കാഴ്‌ച ഇതാകുന്നു. സമ്മർദങ്ങളെ അതിജീവിക്കാനുള്ള മന:ക്കരുത്തും കൂടി കിട്ടിയാൽ ആഫ്രിക്ക ലോകം കീഴടക്കുന്ന കാലം വിദൂരമല്ല.


നോക്ക‍ൗട്ട്‌ മത്സരങ്ങൾ കളിമികവിനേക്കാൾ മാനസികമായ പോരും കൂടിയായിരുന്നു. 92–ാം മിനിറ്റിലാണ്‌ ദക്ഷിണാഫ്രിക്ക കാനഡയോട്‌ തോൽവി വഴങ്ങുന്നത്‌. നോർവെയ്‌ക്കെതിരെ ഒപ്പത്തിനൊപ്പം മുന്നേറിയ ഐവറി 86–ാം മിനിറ്റിലാണ്‌ പരാജയം സമ്മതിച്ചത്‌. ഇംഗ്ലണ്ടിനെതിരെ ഏഴാം മിനിറ്റിൽ ലീഡ്‌ നേടിയ കോംഗോയും 86–ാം മിനിറ്റിൽ പതറി. സെനെഗൽ ബൽജിയത്തിനെതിരെ 86 മിനിറ്റ്‌ വരെ രണ്ട്‌ ഗോളിന്‌ മുന്നിലായിരുന്നു. ശേഷം മ‍ൂന്ന്‌ ഗോൾ വഴങ്ങി തോറ്റു.


യോഗ്യത നേടിയ പത്ത്‌ രാജ്യങ്ങളിൽ ഒന്പതും നോക്ക‍ൗട്ടിൽ കടന്നു. ഇതിൽ മൊറോക്കോ പ്രീ ക്വാർട്ടറിലേക്ക്‌ മുന്നേറി. കേപ്‌ വെർദെ, ഘാന, ഇ‍ൗജിപ്‌ത്‌, അൾജീരിയ ടീമുകൾ നോക്ക‍ൗട്ട്‌ മത്സരങ്ങൾക്കായി ഇറങ്ങുന്നു. ഗ്രൂപ്പ്‌ ഘട്ടത്തിൽ 30 മത്സരങ്ങളിൽ പത്ത്‌ വീതം ജയവും തോൽവിയും സമനിലയുമാണ്‌ ആഫ്രിക്കൻ രാജ്യങ്ങൾ നേടിയത്‌. ടുണീഷ്യ മാത്രമാണ്‌ ഗ്രൂപ്പ്‌ ഘട്ടത്തിൽ പുറത്തായ ഏക ആഫ്രിക്കൻ ടീം. അതേസമയം, ഏഷ്യൻ ടീമുകൾക്ക്‌ 27 കളിയിൽ നേടാനായത്‌ മ‍ൂന്ന്‌ ജയം മാത്രം. 15 എണ്ണത്തിൽ തോറ്റു. നോക്ക‍ൗട്ടിലേക്ക്‌ മുന്നേറാനായത്‌ രണ്ട്‌ ടീമുകൾക്ക്‌.


സ്‌പെയ്‌നിനെ ഗോളടിപ്പിക്കാൻ വിടാതെ കേപ്‌ വെർദെയെന്ന ദ്വീപ്‌ സമൂഹമാണ്‌ ആദ്യം അത്ഭുതപ്പെടുത്തിയത്‌. 52 വർഷത്തിനുശേഷം ലോക വേദിയിലെത്തിയ കോംഗോ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ 1–1ന്‌ കുരുക്കിയപ്പോൾ ആഫ്രിക്കയുടെ ഗർജനമായി അതുമാറി. ദക്ഷിണ കൊറിയയെ വീഴ്‌ത്തിയ ദക്ഷിണാഫ്രിക്കയും തോറ്റെങ്കിലും ജർമനിയെ വിറപ്പിച്ച ഐവറിയും ആഫ്രിക്കയുടെ മറ്റൊരു മുഖംകാട്ടി.

2022 ലോകകപ്പുവരെ ക്വാർട്ടറിൽ കടന്ന മൂന്ന്‌ ആഫ്രിക്കൻ രാജ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. 2022ൽ ഒരേസമയം രണ്ട്‌ ടീമുകൾ ക്വാർട്ടറിൽ കടന്നു. മൊറോക്കോ സെമിയിലെത്തി അത്ഭുതപ്പെടുത്തി. ബൽജിയം, സ്‌പെയ്‌ൻ, പോർച്ചുഗൽ ടീമുകളെ കീഴടക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home