ad
Deshabhimani

വയോജന സ്ത്രീകളുടെ വേദനകൾ, കദന കഥകൾ

elderly house wife.
avatar
വി എ എൻ നമ്പൂതിരി

Published on May 26, 2025, 05:45 PM | 2 min read

വയോജനങ്ങളുടെ എണ്ണവും ജനസംഖ്യയിലെ അനുപാതവും വർധിച്ചു വരികയാണ്. കേരളത്തിലാകട്ടെ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് വയോജന വിഭാഗത്തിൽ. ഏകദേശം 60 ശതമാനത്തോളം വയോജന സ്ത്രീകൾ വിധവകളാണ്. പുരുഷന്മാരിൽ വിഭാര്യർ 10 ശതമാനവും. വിവാഹ സമയത്ത് വയസിലുള്ള വ്യത്യാസവും സ്ത്രീകളുടെ താരതമ്യേന വർധിച്ച ആയുഷ്കാലവുമാണ് ഇതിനു കാരണം. കേരളത്തിൽ സ്ത്രീകളുടെ ശരാശരി ആയുസ് 79 ആണ്. പുരുഷന്മാരുടെത് 76 ആണെന്നാണ് ഒരു സ്ഥിതിവിവരകണക്ക്‌.


സ്ത്രീ വയോജനങ്ങൾ ഒട്ടേറെ വിഷമതകളും പ്രശ്നങ്ങളും നേരിടേണ്ടി വരുന്നു. ഒട്ടേറെ പേർ വീട്ടമ്മമാരായത് കൊണ്ട് അവർക്ക് പ്രത്യേക വരുമാനമില്ല. പുരുഷന്മാരെ പൂർണമായും ആശ്രയിക്കേണ്ടി വരുന്നു. കൊച്ചു മക്കൾ വലുതായി കഴിഞ്ഞാൽ മക്കൾ അവരെ അവഗണിക്കുന്നു. ഭർത്താവ് മരിച്ചു കഴിഞ്ഞാൽ അവരുടെ ജീവിതം ദുരിത പൂർണമാകുന്നു. പൂർണമായും ഒറ്റപ്പെടുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ട ഒട്ടേറെ സംഭവങ്ങൾ ഇതിനകം മാധ്യമങ്ങളിൽ വന്നു കഴിഞ്ഞിട്ടുണ്ട്.


ഭർത്താവിന്റെ ചിതയിൽ ഭാര്യയെ തള്ളിയിടുന്ന സതി എന്ന അതി ക്രൂര പ്രാകൃത സമ്പ്രദായം അവസാനിച്ചെങ്കിലും വടക്കേ ഇന്ത്യയിൽ വിധവകളെ തല മുണ്ഡനം ചെയ്ത്, വെള്ള സാരിയുമുടുപ്പിച്ച്, താലി പൊട്ടിച്ച്, പൊട്ടു മായ്ച്ചു (ശ്രീ കൃഷ്ണന്റെ) മഥുരയിൽ തള്ളിവിടുന്നത് ഇന്നും ഇല്ലാതായിട്ടില്ല. ബസിൽ മാതാപിതാക്കളെയും കൊണ്ട് ഗുരുവായൂരിൽ പോയി അവിടെ അവരെ ഉപേക്ഷിച്ച സംഭവങ്ങൾ കേരളത്തിലും ഉണ്ടായത് നാം കണ്ടതാണല്ലോ. ഇതിൽ കൂടുതലും ജീവിത പങ്കാളി നഷ്ടപ്പെട്ടവരാണ്. പുരുഷന്മാരെപ്പോലെ മറ്റുള്ളവരുമായി അടുത്ത ബന്ധമില്ലാത്തത് കൊണ്ടുള്ള പ്രശ്നവുമുണ്ട്. തങ്ങളുടെ മക്കളെക്കുറിച്ച് പരാതിപ്പെടാൻ സ്ത്രീകൾ പൊതുവെ മടിക്കും. കാരണം ഭയം തന്നെ. മറ്റൊന്ന് സ്വന്തം മക്കളോടുള്ള അമിത സ്നേഹവും.


സമപ്രായക്കാർ വിവാഹം കഴിച്ചാൽ വിധവകളുടെ എണ്ണം ഭാവിയിൽ കുറക്കാൻ കഴിയും. കൂടുതൽ കാലം സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കാനും. മുതിർന്ന പൗരന്മാർക്കെന്ന പോലെ വയോജന പെൻഷനും മറ്റ് ആനുകൂല്യങ്ങളും വയസ് കണക്കിലെടുക്കാതെ ജീവിതപങ്കാളിയെ നഷ്ടപ്പെട്ട സ്ത്രീകൾക്ക് നൽകുന്നത് അവർക്ക് സഹായകമാവും. സ്ത്രീകൾക്ക് ബസുകളിലും തീവണ്ടിയിലും സൗജന്യ യാത്ര അനുവദിക്കുകയും വേണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി വിദ്യാഭ്യാസമില്ലാത്തവർക്ക് പഠനവും വരുമാന മാർഗങ്ങളും ഏർപ്പാട് ചെയ്യുന്നത് അവരെ ശാക്തീകരിക്കും.


ഗർഭ കാലത്തും കുഞ്ഞുകാലത്തും ഭാവി പൗരന്മാരെ എല്ലാ വിഷമതകളും അനുഭവിച്ച് വളർത്തിയെടുക്കുന്ന നമ്മുടെ അമ്മമാർക്ക്‌ പ്രായമാകുമ്പോൾ തുണയും ആശ്വാസവും നൽകേണ്ടത് ഒരു പരിഷ്കൃത സമൂഹത്തിന്റെ കടമയാണ്, ഉത്തരവാദിത്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home