തലസ്ഥാനത്തിന്റെ ജനകീയ മുഖമായി വി ശിവൻകുട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 18, 2021, 02:04 PM | 0 min read

തിരുവനന്തപുരം> തലസ്ഥാനത്തിന്റെ ജനകീയ മുഖമാണ്‌ വി ശിവൻകുട്ടി. തൊഴിലാളികളുടെ പ്രിയ നേതാവ്‌, മികച്ച കായിക സംഘാടകൻ, ഭരണക്കർത്താവ്‌ എന്നിങ്ങനെ എന്തിലും ഏതിലും എവിടെയും ഒരു ‘ശിവൻകുട്ടി സ്‌പർശം’ തലസ്ഥാനത്ത്‌ ദൃശ്യം. കഴിഞ്ഞ അഞ്ചുവർഷം തെരഞ്ഞെടുക്കപ്പെടാത്ത എൽഎൽഎ ആയിരുന്നു നേമത്തുകാർക്ക്‌ ശിവൻകുട്ടി. ജനങ്ങൾക്കൊപ്പം നിൽക്കാൻ എന്തിന്‌ ഔദ്യോഗിക സ്ഥാനം എന്നായിരുന്നു ശിവൻകുട്ടിയുടെ മറുചോദ്യം. ആ സേവന തൽപരതയ്‌ക്കുള്ള അംഗീകാരമാണ്‌ ഇത്തണത്തെ മന്ത്രിസഭാ അംഗത്വം.

പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ ത്രസിപ്പിക്കുന്ന വിജയം ഉറപ്പാക്കിയാണ്‌ ശിവൻകുട്ടി നിയമസഭയിലേക്ക്‌ എത്തുന്നത്‌. രാജ്യം ശ്രദ്ധിച്ച ത്രികോണ പോരാട്ടത്തിൽ,  നേമത്ത്‌ കുമ്മനം രാജശേഖരൻ, കെ മുരളീധരൻ എന്നീ അതികായകരെ തറപറ്റിച്ച ‘ജയിന്റ്‌ കില്ലർ’‌.  നിയമസഭയിൽ ഇത്‌ മൂന്നാമൂഴം. 2011ൽ നേമത്തെയും, 2006ൽ തിരുവനന്തപുരം ഈസ്‌റ്റ് മണ്ഡലത്തെയും പ്രതിനിധീകരിച്ചു.

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. നിലവിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം‌. സിഐടിയു സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും. കെഎസ്‌ആർടി എംപ്ലോയീസ്‌ അസോസിയേഷൻ വർക്കിങ്‌ പ്രസിഡന്റ്‌. കിലെ ചെയർമാനും ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ്‌ ഡയറക്ടർ ബോർഡ്‌ അംഗവുമായിരുന്നു.  
1954 നവംബർ 10ന്‌ എം വാസുദേവൻ പിള്ളയുടെയും പി കൃഷ്‌ണമ്മയുടെയും മകനായി ചെറുവക്കലിൽ ജനനം. ബിരുദധാരി. എൽഎൽബി പൂർത്തിയാക്കി. എസ്‌എഫ്ഐ ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ചുമതലകൾ വഹിച്ചു.. ചെമ്പഴന്തി എസ്‌എൻ കോളേജിൽ വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത്‌‌ ജയിലിലായി. കേരള സർവകലാശാല സെനറ്റ്‌, കാർഷിക സർവകലാശാല ജനറൽ കൗൺസിൽ എന്നിവയിൽ  അംഗമായിട്ടുണ്ട്‌.
 ശിവൻകുട്ടി പ്രസിഡന്റായിരിക്കെ ഉള്ളൂർ പഞ്ചായത്ത്‌ തലസ്ഥാന ജില്ലയിൽ ഒന്നാമതെത്തി. തിരുവനന്തപുരം മേയർ ആയിരിക്കെ നഗര ശുചീകരണത്തിന്‌ നൂതന പദ്ധതികൾക്ക്‌ തുടക്കമിട്ടു. ഓൾ ഇന്ത്യാ മേയേഴ്‌സ്‌ കമ്മിറ്റി  ജോയിന്റ്‌ സെക്രട്ടറിയുമായി.

ഒട്ടേറെ ട്രേഡ്‌യൂണിയനുകളുടെയും കായിക സംഘടനകളുടെയും ഭാരവാഹിയും മികച്ച സംഘാടകനും. തിരുവനന്തപുരം എയർപോർട്‌‌ ടാക്‌സി വെൽഫയർ അസോസിയേഷൻ പ്രസിഡന്റ്‌, ഗവൺമെന്റ്‌ പ്രസസ്‌ യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറി, ടൈറ്റാനിയം ലേബർ യൂണിയൻ പ്രസിഡന്റ്‌ തുടങ്ങിയ പ്രധാന ചുമതലകളും വഹിക്കുന്നു. തിരുവനന്തപുരം സുഭാഷ്‌ നഗറിൽ മുളക്കൽവീട്ടിലാണ്‌ താമസം. പി ഗോവിന്ദപിള്ളയുടെ മകളും പിഎസ്‌സി അംഗവുമായ ആർ പാർവതിദേവി ഭാര്യ. മകൻ: ഗോവിന്ദ്‌ ശിവൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home