കേരളത്തെ തീറെഴുതാൻ ‘ഭൂപരിഷ്കരണം 2.0’; കോർപറേറ്റുകൾക്കായി ഭൂനിയമങ്ങൾ പൊളിച്ചെഴുതാൻ സതീശൻ

തിരുവനന്തപുരം: കേരളത്തെ തീറെഴുതി, കോർപ്പറേറ്റുകൾക്കായി ഭൂനിയമങ്ങൾ പൊളിച്ചെഴുതാനുള്ള യുഡിഎഫ് നീക്കം അണിയറയിൽ ആരംഭിച്ചുവെന്നതാണ് സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് വ്യക്തമാക്കുന്നത്. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക അടിത്തറ പാകിയ ചരിത്രപ്രസിദ്ധമായ ഭൂപരിഷ്കരണ നിയമങ്ങളെ അട്ടിമറിക്കുന്ന കാഴ്ച മാത്രമല്ല ബജറ്റിൽ കാണാൻ സാധിക്കുക. മറിച്ച് സംസ്ഥാനത്തിന്റെ പൊതുഭൂമിയും കൃഷിഭൂമിയും ആഗോള കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കാനുള്ള ഗൂഢശ്രമം യുഡിഎഫ് സർക്കാർ ബജറ്റിലൂടെ പുറത്തുവിട്ടിരിക്കുന്നു.
'ഭൂപരിഷ്കരണം 2.0' എന്ന ആകർഷകമായ പേരിട്ട് വിളിക്കുന്ന ഈ പുതിയ ലാൻഡ് മാനേജ്‌മെന്റ് നയം യഥാർത്ഥത്തിൽ കേരളത്തിനെ വിൽപ്പനച്ചരക്കാക്കുന്ന വിൽപ്പത്രമാണ്. നിയമങ്ങളെ കാറ്റിൽപ്പറത്തി വൻകിട ബിസിനസുകാർക്ക് ചുവപ്പുപരവതാനി വിരിക്കാനുള്ള തന്ത്രമാണ് സതീശന്റെ ബജറ്റ്. വികസനത്തിന്റെ പേരിലും 'ചുവപ്പുനാട' ഒഴിവാക്കാനെന്ന വ്യാജേനയും സർക്കാർ ഭൂമി വൻകിട കമ്പനികൾക്ക് എഴുതിക്കൊടുക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത്.
വിവിധ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കൈവശമുള്ള 'ഉപയോഗിക്കാത്ത ഭൂമി' കണ്ടെത്തി 'ലാൻഡ് ബാങ്ക്' രൂപീകരിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. പൊതുമുതലായ ഈ ഭൂമി തന്ത്രപരമായി കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള ആദ്യപടിയാണിത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിനായി മാറ്റിവെച്ചിരിക്കുന്ന ഭൂമി പോലും ഇനിമുതൽ 'മിച്ചഭൂമി' എന്ന ലേബലിൽ സ്വകാര്യ മുതലാളിമാർക്ക് കൈമാറ്റം ചെയ്യപ്പെട്ടേക്കാം എന്നതിൽ സംശയമില്ല.
പൊതു-സ്വകാര്യ പങ്കാളിത്തം എന്ന മറവിൽ വിലപിടിപ്പുള്ള സർക്കാർ ഭൂമി തുച്ഛമായ വിലയ്ക്കോ ദീർഘകാല ലീസിനോ സ്വകാര്യ വ്യക്തികൾക്കും കമ്പനികൾക്കും എഴുതിക്കൊടുക്കാനുള്ള നിയമപരമായ ഫ്രെയിംവർക്കാണ് സർക്കാർ ഇതിലൂടെ നിർമ്മിക്കുന്നത്. കോർപ്പറേറ്റുകളുടെ താല്പര്യങ്ങൾക്കനുസരിച്ച് ഭൂമി പരിവർത്തനം ചെയ്യുന്നത് വേഗത്തിലാക്കുമെന്ന പ്രഖ്യാപനം കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെപ്പോലും തകിടം മറിക്കുന്നതാണ്.
ഭൂമി ഏറ്റെടുക്കൽ പ്രക്രിയ 'പ്രൊഫഷണൽ' ആക്കാൻ കിൻഫ്ര , ഇൻകെൽ എന്നീ ഏജൻസികളെ ചുമതലപ്പെടുത്തുമെന്നാണ് നയം വ്യക്തമാക്കുന്നത്.കോർപ്പറേറ്റുകൾക്ക് ആവശ്യമായ ഭൂമി അതിവേഗം ഒഴുക്കിക്കൊടുക്കാനുള്ള 'ലാൻഡ് ബ്രോക്കർമാരായി' ഈ പൊതുസംവിധാനങ്ങളെ മാറ്റാനാണ് നീക്കം. വികസനത്തിന്റെ ആധുനിക മുഖംമൂടിയണിഞ്ഞ് വരുന്ന ഈ ഭൂനയം കേരളത്തെ വീണ്ടുമൊരു കാർഷിക തകർച്ചയിലേക്കും ഭൂകേന്ദ്രീകരണത്തിലേക്കും നയിക്കും. പൊതുമുതൽ വൻകിട ബിസിനസുകാർക്ക് തുച്ഛമായ വ്യവസ്ഥകളിൽ എഴുതിക്കൊടുക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഈ കോർപ്പറേറ്റ് പ്രീണന നയത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരേണ്ടതുണ്ട്.










0 comments