കുരുമുളക് പെരുമയുമായി പന്നിയൂര്‍

ആഗോളവിപണിയിൽ മലബാർ പെപ്പർ എന്ന പേരിൽ നമ്മുടെ കറുത്ത പൊന്ന് പ്രതാപം പിടിച്ചെടുത്തിരിക്കുകയാണ്. വില കൂടുന്നതിനനുസരിച്ച് കർഷകർക്കും കുരുമുളകിനോട് താൽപ്പര്യം കൂടുന്നു. ജൂൺ 22 മുതൽ ജുലൈ 6 വരെ നീളുന്ന തിരുവാതിര ഞാറ്റുവേലയാണ് കുരുമുളകിന്റെ നടീൽകാലം. ഉൽപ്പാദനശേഷി കൂടിയതും രോഗപ്രതിരോധശേഷിയുമുള്ള ഇനങ്ങൾക്ക് ആവശ്യക്കാരേറയാണ്. കണ്ണൂർ ജില്ലയിലെ ഉൾനാടൻ ഗ്രാമമായ പന്നിയൂരിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തതും പന്നിയൂർ 1 മുതൽ 7 വരെയുള്ള ഇനങ്ങളാണ്.അത്യുൽപ്പാദന ശേഷിയുള്ള കുരുമുളക് തൈകൾ കർഷകർക്കിടയിൽ പ്രചരിക്കുന്നതിനായി ധാരാളം പദ്ധതികളാണ് പന്നിയൂർ കൃഷി വിജ്ഞാനകേന്ദ്രം ആവിഷ്കരിച്ചു നടപ്പാക്കുന്നത്.
ലോകത്തിലെ ആദ്യത്തെ സങ്കരയിനം കുരുമുളകാണ് പന്നിയൂർ–-1. ഉതിരൻകൊട്ടയും ചെറിയകന്നിയക്കാടനും മാതാപിതാക്കളായ പന്നിയൂർ–-1 തുറസ്സായസ്ഥലത്തേക്ക് യോജിച്ച ഇനമാണ്. കുരുമുളകിന്റെ ഗുണമേന്മ നിർണയിക്കുന്ന ഒളിയോറെസിനും പൈപ്പറിനും പന്നിയൂർ–-1ൽ കൂടുതൽ തോതിൽ അടങ്ങിയിരിക്കുന്നു. വെള്ളക്കുരുമുളക് തയ്യാറാക്കാൻ ഏറ്റവും യോജിച്ച ഇനം പന്നിയൂർ–-1 ആണ്. ബാലൻ കൊട്ടയിൽനിന്ന‌് ഉരുത്തിരിച്ചെടുത്ത ഇനമാണ് പന്നിയൂർ–-2. തെങ്ങിൻ തോട്ടത്തിലെ ഇടവിളയാക്കാൻ യോജിച്ച ഇനമാണ്. തെങ്ങിൻ ചുവട്ടിൽനിന്ന‌് 2 മീറ്റർ അകലെയായി വടക്കുഭാഗത്തായാണ് തൈ നടേണ്ടത്. ഒരു ഹെക്ടറിൽ 2570 കിലോഗ്രാം വരെ ഉൽപ്പാദനം തരാൻ പന്നിയൂർ–-2ന് കഴിയും.
ഉതിരൻകൊട്ടയും ചെറിയകന്നിയക്കാടനും സങ്കരണത്തിലൂടെ പുറത്തിറക്കിയ ഹൈബ്രിഡാണ് പന്നിയൂർ–-3. ഒളിയോറൈസിന്റെ അളവ് കൂടുതലായ ഈ ഇനം എല്ലാ സ്ഥലത്തും നന്നായി വളരും. കുതിരവാലിയിൽനിന്ന‌് ഉരുത്തിരിച്ചെടുത്ത പന്നിയൂർ–-4ന് കാലാവസ്ഥ പ്രശ്നങ്ങളെയും തരണം ചെയ്ത് മുന്നേറാനുള്ള കഴിവുണ്ട്.
പെരുംകൊടിയുടെ പിന്മുറക്കാരിയാണ് പന്നിയൂർ–-5. നേഴ്സറിയിൽരോഗാവസ്ഥ വളരെ കുറയുമെന്നത് അഞ്ചാമന്റെ പ്രധാന പ്രത്യേകത.
കുരുമുളകിന്റെ മൂടോടെ നശിപ്പിച്ചുകളഞ്ഞ ദ്രുതവാട്ട രോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ള ഇനങ്ങളാണ്പന്നിയൂർ 6ഉം 7ഉം. കർഷകർക്കിടയിൽ ഗുണമേന്മയുള്ള ഇനങ്ങൾ പ്രചരിപ്പിക്കുന്നതിനായി കുരുമുളക് ഗ്രാമം പദ്ധതി നടപ്പാക്കുന്നു. തെരഞ്ഞെടുത്ത കർഷകർക്ക് അത്യുൽപ്പാദനശേഷിയുള്ള നടീൽ വസ്തുക്കൾ നൽകുകയും നാഗപതിയുൾപ്പെടെയുള്ള മാർഗങ്ങളിലൂടെ തൈകൾ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്ന് പന്നിയൂർ കൃഷി വിജ്ഞാന കേന്ദ്രം ഹെഡും പ്രോഗ്രാം കോ–-ഓർഡിനേറ്ററുമായ ഡോ. പി ജയരാജ് പറയുന്നു.










0 comments