ad
Deshabhimani

ഉപ്പ് ജ്വലിച്ച ഉളിയത്തുകടവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2018, 06:17 PM | 0 min read

ദണ്ഡിയാത്ര നടത്തി ഗാന്ധിജി ഉപ്പുകുറുക്കി നിയമം ലംഘിച്ചതിന്റെ തുടർച്ചയായി കേരളത്തിൽ ആദ്യമായി ഉപ്പുകുറുക്കൽ സമരം നടന്നത്‌ പയ്യന്നൂർ ഉളിയത്തുകടവിൽ

ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ പയ്യന്നൂർ ഉളിയത്തുകടവ് ഐതിഹാസികപോരാട്ടത്തിന്റെ കർമഭൂമിയാണ്‌. സാമ്രാജ്യത്വവാഴ്ചയോട് സമാധാനപൂർവം എതിരിട്ട “രണ്ടാം ബർദോളി’. ഇവിടെയാണ് കെ കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുകുറുക്കി നിയമംലംഘിച്ചത്. 1920 ഓടെ പയ്യന്നൂർ ദേശീയപ്രസ്ഥാനത്തിന്റെ കനൽ ഏറ്റുവാങ്ങിയിരുന്നു. ദണ്ഡിയാത്ര നടത്തി ഗാന്ധിജി ഉപ്പുകുറുക്കി നിയമം ലംഘിച്ചതിന്റെ തുടർച്ചയായാണ്‌ കേരളത്തിൽ ആദ്യമായി പയ്യന്നൂരിൽ ഉപ്പുകുറുക്കൽ സമരം നടന്നത്‌. നിയമലംഘനപ്രസ്ഥാനം ആരംഭിക്കുന്നതിന്റെ ഭാഗമായി കെ കേളപ്പൻ, മൊയാരത്ത് ശങ്കരൻ, സി എച്ച് ഗോവിന്ദൻ നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം തീരുമാനിച്ചത്. 1930 മാർച്ച് ഒമ്പതിന് വടകരയിൽ ചേർന്ന കെപിസിസി യോഗം ഇതിന് അനുമതി നൽകി.

കൃഷ്‌ണപ്പിള്ള പാടി, “വാഴ്ക ഭാരതസമുദായം’...
32 അംഗജാഥയിൽ കെ കേളപ്പൻ ലീഡറും കെ ടി കുഞ്ഞിരാമൻ നമ്പ്യാർ ക്യാപ്റ്റനുമായിരുന്നു. പി കൃഷ്ണപിള്ളയായിരുന്നു ഒരു ഗ്രൂപ്പിന്റെ ലീഡർ. 1930 ഏപ്രിൽ 13ന് കൃഷ്ണപിള്ള പാടിയ “വാഴ്ക ഭാരതസമുദായം’ എന്നാരംഭിക്കുന്ന ബ്രിട്ടീഷ് വിരുദ്ധഗാനം ഇടിമുഴക്കം പോലെ ഏറ്റുവാങ്ങി ജാഥ പ്രയാണം തുടങ്ങി. മൊയാരത്ത്, കുഞ്ഞിശങ്കരമേനോൻ, പി കുമാരൻ, സി എച്ച് ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് വഴിയിൽ വരവേൽപ്പ് ഒരുക്കിയത്. 22ന് ജാഥ പയ്യന്നൂരിലെത്തി. പിറ്റേന്ന് ജാഥ ഉളിയത്ത് കടവിലേക്ക്. മുദ്രാവാക്യം വിളിയും ദേശീയഗാനങ്ങളും അലയടിച്ച അന്തരീക്ഷത്തിൽ  ഉപ്പുകുറുക്കി നിയമം ലംഘിച്ചതോടെ ഉളിയത്ത് കടവ് സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവർണഭൂമിയായി. കെ മാധവനായിരുന്നു പ്രായം കുറഞ്ഞ പ്രക്ഷോഭകാരി.

‘ഒരുതരം രണ്ടുതരം’ ’‐ഗാന്ധിജിയുടെ ലേലഭാഷണം
‘ഒരുതരം രണ്ടുതരം’ ഗാന്ധിജി മലയാളം പറയുന്നതുകേട്ട്‌ കയ്യടിച്ചവരിൽ പിവി അപ്പുക്കുട്ടപ്പൊതുവാളുമുണ്ടായിരുന്നു. “അന്ന് ഞാൻ പയ്യന്നൂർ മിഷൻ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ്. ഹരിജനോദ്ധാരണപ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കാനാണ് 1934 ജനുവരി 12ന് ഗാന്ധിജി പയ്യന്നൂരിലെത്തിയത്. സ്കൂളിൽനിന്ന് വിടുമായിരുന്നില്ല.  കണ്ണ് വെട്ടിച്ചാണ് കാണാൻ പോയത്. ബസ്സ്റ്റാൻഡിന് കിഴക്കുള്ള വയലിലായിരുന്നു പ്രസംഗം. ഫണ്ടിലേക്ക്‌ ലഭിച്ച സ്വർണം ലേലം ചെയ്തപ്പോഴാണ്‌ ലേലക്കാരനെ അനുകരിച്ച്‌ ഗാന്ധിജി മലയാളം പറഞ്ഞത്. പയ്യന്നൂരിലെ ഖാദി പ്രവർത്തകനായ അപ്പുക്കുട്ടപൊതുവാളിന്   ഗാന്ധിജി അസ്തമിക്കാത്ത ആവേശമാണ്. അമ്മാവൻ വി പി ശ്രീകണ്ഠപ്പൊതുവാളാണ് വീട്ടിൽ ദേശീയപ്രക്ഷോഭത്തിന്റെ വിത്തുപാകിയത്. സഹോദരങ്ങളും ഖാദി പ്രചരണത്തിൽ സജീവമായിരുന്നു. കിസാൻചർക്ക എന്ന ആധുനിക ചർക്ക ആദ്യം എത്തിയതും ഇവരുടെ വീട്ടിലാണ്. “സ്വതന്ത്രഭാരതം’ എന്ന ലഘുലേഖ വിതരണത്തിനും വിദ്യാർഥികളെ സംഘടിപ്പിക്കലിനും സജീവമായിരുന്നു  അപ്പുട്ടപ്പൊതുവാൾ. ഒരിക്കൽ പത്ത് സുഹൃത്തുക്കൾക്കൊപ്പം അറസ്റ്റ് ചെയ്ത് രണ്ടാഴ്ച കണ്ണൂർ സബ്ജയിലിലിട്ടു. പുറത്തിറങ്ങി കുറച്ചുനാൾ കഴിഞ്ഞ് ചർക്കാസംഘത്തിന്റെ ജീവനക്കാരനായി. പിന്നീട് ഖാദികമ്മീഷനിലായി ജോലി. ഇന്ത്യ മുഴുവൻ സഞ്ചരിക്കാൻ ഇത് വഴിയൊരുക്കി. ഒരിക്കൽ ഗാന്ധിജിയെ മാലയണിയിക്കാൻ സാധിച്ചതും വിലമതിക്കാനാവാത്ത ഓർമകളാണ്.

ചരിത്രത്തിലേക്ക്  നീണ്ട മാഞ്ചില്ലകൾ
അധഃസ്ഥിതർക്കായി ജീവിതം സമർപ്പിച്ച  സ്വാമി ആനന്ദതീർഥൻ സ്ഥാപിച്ച പയ്യന്നൂരിലെ ശ്രീനാരായണ വിദ്യാലയമുറ്റത്ത് ഗാന്ധിജിയുടെ  രണ്ട് സ്മാരകങ്ങളുണ്ട്. തിരുനാവായിൽ നിമജ്ജനം ചെയ്യാൻ കെ കേളപ്പൻ  കൊണ്ടുവന്ന ഗാന്ധിജിയുടെ ചിതാഭസ്മത്തിൽനിന്നും ആനന്ദതീർഥൻ എത്തിച്ച ഒരുനുള്ള് ചിതാഭസ്മം സ്ഥാപിച്ച കുടീരം. മറ്റൊന്ന് ഹരിജനോദ്ധാരണഫണ്ട് ശേഖരിക്കാൻ പയ്യന്നൂരിലെത്തിയ ഗാന്ധിജി ആശ്രമവിദ്യാലയമുറ്റത്തു നട്ട മാവ്. ഗാന്ധിമാവ് എന്നു അറിയപ്പെടുന്ന ആ വൃക്ഷത്തിന്റെ തൈ കൊണ്ടുവന്നത് എ വി ശ്രീകണ്ഠപ്പൊതുവാളാണ്. ഇന്ന് മഹാവൃക്ഷമായി തണൽ ചൊരിയുന്ന മാവിന്റെ ശിഖരം ബഡ്ഡ് ചെയ്ത് നാടാകെ ഗാന്ധിമാവിന്റെ പരമ്പരയുണ്ടാക്കിയിട്ടുണ്ട്. 1934 ജനുവരി 12നായിരുന്നു മഹാപുരുഷന്റെ വരവ്. ആനന്ദതീർഥന്റെ ക്ഷണം സ്വീകരിച്ചായിരുന്നു ഇത്. ഗോപാലകൃഷ്ണപ്രഭുവിന്റെ വസതിയിൽ വിശ്രമിച്ചശേഷമാണ് വിദ്യാലയത്തിലെത്തിയത്. ഗാന്ധിജിയുടെ കൈപ്പടയും സൂക്ഷിച്ചിട്ടുണ്ട്.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home