മനസ്സിനും ശരീരത്തിനും

മനസ്സിനും ശരീരത്തിനും സ്വാസ്ഥ്യവും, സൗഖ്യവും നേടിത്തരാനായി പരമ്പരാഗതമായി ആചരിച്ചു തെളിയിച്ച ജീവിതസൂത്രമാണ് യോഗ.
യോഗം എന്നാൽ സംയോജനം എന്നാണർഥം. മനസ്സിന്റെയും ശരീരത്തിന്റെയും സംയോജനം. മനസ്സിനും ശരീരത്തിനും ഏറെ ഗുണങ്ങൾ ചെയ്യുന്ന ഒരു ജീവിതശൈലിയാണ് യോഗ.
സ്ഥിരമായി യോഗ ചെയ്യുന്നതുവഴി ആരോഗ്യമുള്ള, ദുർമേദസ്സില്ലാത്ത ശരീരം സ്വന്തമാക്കാൻ കഴിയുന്നു. രക്തസമ്മർദം സാധാരണഗതിയിലാക്കുന്നു. സംഘർഷഭരിതമായ മനസ്സ് ശാന്തമാക്കുകയും കൊളസ്ട്രോളും ശരീരഭാരവും കുറയ്ക്കുകയും ചെയ്യുന്നു. പ്രമേഹരോഗികൾക്ക് വളരെയധികം ഫലപ്രദമായി പ്രമേഹം നിയന്ത്രിക്കാൻ യോഗാഭ്യാസത്തിലൂടെ സാധ്യമാകുന്നു. വിവിധ തരത്തിലുള്ള ശ്വസനക്രിയകൾവഴിയും, ആസനകൾ വഴിയും തലച്ചോറിന്റെ ഇരുവശങ്ങളിലും ഉണർവും ആരോഗ്യവും ലഭിക്കുന്നതോടൊപ്പം കൂടുതൽ ബുദ്ധിപരമായ വികാസവും സാധ്യമാകുന്നു.
അങ്ങനെ ചിന്തയും പ്രവൃത്തിയും തമ്മിലുള്ള കൃത്യമായ സന്തുലനത്തിലൂടെ വളരെ എളുപ്പം ജീവിതത്തിൽ വിജയങ്ങൾ എത്തിപ്പിടിക്കാൻ കഴിയുന്നു.
സ്ത്രീകൾ ഗർഭകാലത്ത് യോഗ ചെയ്യുന്നത് വളരെ ഗുണകരമാണ്. ഗർഭകാലത്തുണ്ടാകുന്ന ഉറക്കക്കുറവ്, ഉദര സംബന്ധമായ പ്രശ്നങ്ങൾ, ശരീരവേദന, മനംപുരട്ടൽ എന്നിവ മാറാൻ യോഗ ഉപകരിക്കും.
വിവിധ രീതിയിലുള്ള ആസനങ്ങളും ശ്വസനവ്യായാമവും വഴി ശരിയായ രീതിയിലുള്ള രക്തചംക്രമണംവഴി ഓക്സിജനും, ന്യൂട്രിയൻസും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും കൃത്യമായി എത്തുകയും അതുവഴി ആരോഗ്യമുള്ള ശരീരത്തോടൊപ്പം നല്ല സുന്ദരമായ തിളക്കമുള്ള ചർമവും ലഭിക്കുന്നു.
ആരോഗ്യമെന്നത് ശരീരത്തിന് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, മനസ്സും വികാരങ്ങളും ശരിയായ രീതിയിൽ സന്തുലനം ചെയ്യപ്പെടുന്ന അവസ്ഥകൂടിയാണ്. യോഗ സ്ഥിരമായി ചെയ്യുകവഴി മനസ്സിന്റെയും ശരീരത്തിന്റെയും എല്ലാ തരത്തിലുള്ള ആരോഗ്യവും നിലനിർത്തി രോഗങ്ങളെ അകറ്റിനിർത്തി, ഊർജസ്വലവും, സന്തോഷവുമായി കഴിയാൻ സഹായിക്കുന്നു.
ഹൃദയാരോഗ്യം നിലനിർത്തി ആരോഗ്യവും ആയുസ്സും നിറഞ്ഞ ജീവിതം സ്വന്തമാക്കാൻ യോഗാഭ്യാസംവഴി കഴിയുന്നു. ശ്വാസത്തെ നിയന്ത്രിച്ചുള്ള യോഗാഭ്യാസം ഹൃദയത്തെയും ധമനികളെയും ബലപ്പെടുത്താൻ സഹായിക്കുന്നു. അതുവഴി രക്തയോട്ടം കൂട്ടാനും ഹൃദയാഘാതം ഇല്ലാതാക്കാനും കഴിയുന്നു.
വയർ കുറയ്ക്കാൻ ഏറ്റവും നല്ല മാർഗമാണ് യോഗ. യോഗയിലെ എല്ലാ ആസനങ്ങളും ഓരോ രോഗങ്ങൾ മാറുന്നതിനുള്ളതാണ്. സ്ഥിരമായി അഭ്യസിക്കുന്നതുവഴി നല്ല സൗന്ദര്യവും ആരോഗ്യവും ശരീരവടിവും ലഭിക്കുന്നു. യോഗയെ സ്നേഹിക്കുക. ആരോഗ്യകരമായ ജീവിതം നയിക്കാം.
(എറണാകുളം വടുതല എവർസ്‌മാർട്ട് യോഗസെന്റർ ഡയറക്ടറാണ് ലേഖിക)










0 comments