ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിക്കാൻ കേന്ദ്ര നീക്കം

ന്യൂഡൽഹി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ വനമേഖലകളെ 'പരിസ്ഥിതി ലോലപ്രദേശങ്ങളായി' പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.
ആഗോളതലത്തിൽ തന്നെ ജൈവവൈവിധ്യ കലവറയായി കണക്കാക്കപ്പെടുന്ന പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി മുൻ ഐഎസ്ആർഒ ചെയർമാൻ കെ കസ്തൂരിരംഗൻ അധ്യക്ഷനായ സമിതിയുടെ ശുപാർശകളെ അടിസ്ഥാനമാക്കിയാണ് പുതിയ നടപടി.
ഏകദേശം 56,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശത്തെയാണ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഖനനം, വൻകിട നിർമ്മാണങ്ങൾ, താപവൈദ്യുത നിലയങ്ങൾ, മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ തുടങ്ങിയവയ്ക്ക് ഈ പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും.
തദ്ദേശീയരുടെ ഉപജീവനമാർഗ്ഗങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിൽ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര, കേരളം, കർണാടക, തമിഴ്നാട് എന്നീ ആറ് സംസ്ഥാനങ്ങളെ ഉൾപ്പെടുത്താനായിരുന്നു പദ്ധതി.
എന്നാൽ, കേരളവും കർണാടകയും ഈ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. പരിസ്ഥിതി ലോലപ്രദേശമായി നിശ്ചയിച്ചിരിക്കുന്ന ഭാഗങ്ങൾ കുറയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഈ മേഖലകളിൽ ഏർപ്പെടുത്തുന്ന ഖനന-വ്യവസായ നിരോധനങ്ങളെയാണ് ഇരു സംസ്ഥാനങ്ങളും പ്രധാനമായും എതിർക്കുന്നത്.
കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ നിർദ്ദിഷ്ട ബഫർ സോണുകളിലോ അതിനോട് ചേർന്നോ താമസിക്കുന്നവരാണ് എന്നത് വലിയ പ്രതിസന്ധിയാണ്. സമ്മതം അറിയിച്ച മൂന്ന് സംസ്ഥാനങ്ങളിൽ ഉടൻ തന്നെ വിജ്ഞാപനം ഇറക്കാനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം.
ഇതിലൂടെ പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പുതിയ ഉണർവ് ലഭിക്കുമെന്ന് അധികൃതർ കരുതുന്നു. യുനെസ്കോയുടെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എട്ട് ജൈവവൈവിധ്യ കേന്ദ്രങ്ങളിൽ ഒന്നാണ് പശ്ചിമഘട്ടം.
വംശനാശഭീഷണി നേരിടുന്ന 325-ഓളം സസ്യ-ജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണിത്. 2014 മാർച്ചിലാണ് കസ്തൂരിരംഗൻ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യ കരട് വിജ്ഞാപനം പുറത്തിറക്കിയത്.










0 comments