റോഡിലറിയാം നാടിന്റെ മാറ്റം

ആലപ്പുഴ
'മെഡിക്കൽ കോളേജ് പണിതാലും മോർച്ചറി പണിതാലും ആർട്സ് കോളേജ് പണിതാലും എല്ലാം ഒരുപോലെ, സിമെന്റ് കൂടാരങ്ങൾ. പൊതുമരാമത്തിന്റെ നിർമാണം ഇതായിരുന്നു. കുട്ടനാട്ടിൽ നിർമ്മിച്ച പാലങ്ങൾ കണ്ടിട്ടില്ലേ. സൗന്ദര്യാത്മകതയില്ലാത്ത എഞ്ചിനിയറിങ്ങ്. ഇനി അത് അനുവദിക്കില്ല.'‐ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ 'നെസ്റ്റി'ലിരുന്ന് പൊതുമരാമത്ത്‐ രജിസ്ട്രേഷൻ മന്ത്രി ജി സുധാകരൻ പറഞ്ഞത് വികസനത്തെക്കുറിച്ചു മാത്രമല്ല, മാറുന്ന വികസന സങ്കൽപ്പത്തേയും വികസനത്തിന്റെ സൗന്ദര്യത്തെയും കുറിച്ചുകൂടിയാണ്. ഇന്ന് റോഡിലിറങ്ങുന്ന ഓരോ മലയാളിക്കും അനുഭവിച്ചറിയാം, കേരളത്തിന്റെ വികസനം; ഒപ്പം വികസനത്തിന്റെ വേഗവും. കണ്ണുചിമ്മി തുറക്കുന്ന വേഗത്തിൽ എത്രയെത്ര റോഡുകളാണ് നഗര, ഗ്രാമ വ്യത്യാസമില്ലാതെ പുതുക്കിപ്പണിതത്.
അഴിമതിയുടെ ചെളിക്കുണ്ടായാണ് പൊതുമരാമത്തും രജിസ്ട്രേഷനും അറിയപ്പെട്ടിരുന്നത്. ഏതിലാണ് കൂടുതൽ എന്നേ സംശയമുണ്ടായിരുന്നുള്ളു. ഖജനാവിലെ പണം കൊള്ളയടിക്കൽ, നിർമ്മാണ സാമഗ്രികൾ ആവശ്യത്തിന് ഉപയോഗിക്കാതിരിക്കൽ, അതുമൂലം ആയുസുകിട്ടാത്ത നിർമ്മാണങ്ങൾ ഇവയൊക്കെയായിരുന്നു പൊതുമരാമത്തുവകുപ്പിന്റെ മുഖമുദ്ര. ഇപ്പോൾ ആ സ്ഥിതി മാറി.
യുഡിഎഫ് ഭരിക്കുന്ന കാലത്ത് അവരുടെ തന്നെ മണ്ഡലങ്ങളിലെ ഏതാനും ഇടങ്ങളിൽ മാത്രമായിരുന്നു വികസനം. വികസനം നടക്കണമെങ്കിൽ പ്രീതിക്ക് മന്ത്രിമാരുടെ കാൽ പിടിക്കണം. അല്ലാത്തവർക്കില്ല. റോഡുകൾ തരിപ്പണമായാണ് കിടന്നത്. എൽഡിഎഫ് സർക്കാർ ബജറ്റ് വിഹിതമില്ലാത്ത എല്ലാ പണിയും തൽക്കാലം നിർത്തിവച്ചു. തുടങ്ങിയതും ടെൻഡറായതും മാത്രം നടപ്പാക്കാമെന്നു തീരുമാനിച്ചു. ഇത് 3000 കോടിയുടെ പണി വരും. ഈ സർക്കാർ വന്ന് 24 മാസമാകുമ്പോൾ കേരളത്തിലെ ദേശീയ പാതയടക്കം മുഴുവൻ റോഡുകളും വളരെ മികച്ച രീതിയിലായി. കളിയിക്കാവിള മുതൽ കാസർകോടുവരെ ഹൈവേ വളരെ മെച്ചപ്പെട്ട നിലയിലാണ്. ബി എസ് വാരിയർ കലാകൗമുദിയിൽ പൊതുമരാമത്തു വകുപ്പിനെ അഭിനന്ദിച്ച് ലേഖനമെഴുതി. ബജറ്റ് ചർച്ചയിൽ താൻ മറുപടി പറഞ്ഞപ്പോൾ പ്രതിപക്ഷ എംഎൽഎമാർ ഡസ്കിലടിച്ചു പ്രോൽസാഹിപ്പിച്ചു. ഓരോ മണ്ഡലത്തിൽ എത്ര കിലോമീറ്റർ റോഡുണ്ട് എന്നു നോക്കിയാണ് ഇപ്പോൾ ഫണ്ട്. രണ്ടു വർഷത്തിനിടെ 60 സസ്പെൻഷൻ നടത്തി. മോശമായ പെരുമാറ്റം, അഴിമതി, കാലതാമസം തുടങ്ങിയവയുടെ പേരിൽ. തുണ്ടുകടലാസ് വന്നാൽ പോലും അന്വേഷിക്കും.
മൂന്നും നാലും ഇരട്ടി പണം തട്ടിക്കാനുള്ള മുൻ സർക്കാരിന്റെ കാലത്തെ റിവേഴ്സ് എസ്റ്റിമേറ്റ് അവസാനിപ്പിച്ചു. പരിസ്ഥിതി യടക്കം എല്ലാം വിശദമായി പഠിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിക്കൊള്ളണം. നേരത്തെ കാണാൻ പറ്റാത്ത പ്രശ്നങ്ങൾ, കോടതിവിധി, ഗവർമെന്റിന്റെ കാലതാമസം എന്നിവ ഉണ്ടായാൽ മാത്രമേ റിവേഴ്സ് എസ്റ്റിമേറ്റ് പരിഗണിക്കൂ. ഇതുമൂലം ഖജനാവിനു കോടാനുകോടി ലാഭമാണ് ഉണ്ടായത്.
പുതിയ കാലം പുതിയ നിർമ്മാണം എന്നതാണ് സർക്കാർ നയം. ഇതിന് എഞ്ചിനിയർമാരെ പ്രാപ്തരാക്കാൻ രണ്ട് എഞ്ചിനിയേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ചു. എഞ്ചിനിയർമാരിൽ വലിയ പ്രതീക്ഷയാണ്. അവരെക്കൊണ്ട് അഴിമതിയൊക്കെ ചെയ്യിച്ചതാണ്. 10 ശതമാനം എഞ്ചിനിയർമാർക്ക് ഇപ്പോഴും പണം വേണം. അത് എഞ്ചിനിയറിങ്ങ് വിദ്യാഭ്യാസത്തിന്റെ കുഴപ്പമാണ്.
കരാറുകാർക്കുവേണ്ടി അക്കാദമി സ്ഥാപിക്കും. അവരെ പ്രഫഷണലിസത്തിലേക്കു കൊണ്ടുവരികയും പുതിയ സാങ്കേതികവിദ്യയും പുതിയ യന്ത്രങ്ങളും പരിചയപ്പെടുത്തുകയുമാണ് ഉദ്ദേശ്യം. കരാർ പിടിക്കുന്ന തുകയ്ക്കനുസരിച്ച് ആധുനിക യന്ത്രങ്ങൾ കരാറുകാർ ഉപയോഗിക്കണം.
സ്വാഭാവിക റബർ, കയർ ഭൂവസ്ത്രം, പ്ലാസ്റ്റിക് മാലിന്യം എന്നിവ ഉപയോഗിച്ച് ഈ സർക്കാർ വന്ന ശേഷം 1200 കിലോ മീറ്റർ റോഡ് പണിതു. റോഡ് നിർമ്മിക്കുമ്പോൾ നിശ്ചിത ദൂരം ഇത് ഉപയോഗിക്കണമെന്ന് നിർബന്ധമാക്കി.
നോക്കുകൂലിയുടെ പ്രശ്നം പൊതുവേ റോഡുനിർമ്മാണത്തെ ബാധിച്ചിട്ടില്ലെങ്കെിലും ചിലയിടങ്ങളിലുണ്ട്. ചില കരാറുകാർ നോക്കുകൂലി കൊടുക്കാൻ തയ്യാറാണ്. കാരണം അവർ കള്ളത്തരം കാണിക്കുമ്പോൾ ആരും എതിർക്കരുത്. പത്തു പൈസ പോലും നോക്കുകൂലി കൊടുക്കരുതെന്നു കരാറുകാരോട് പറഞ്ഞിട്ടുണ്ട്. റോഡു നിർമ്മാണം വിദഗ്ധ തൊഴിലാണ്. ചെയ്യാവുന്ന തൊഴിലേ മറ്റുള്ളവർക്കു കൊടുക്കാനാകൂ.
● കേരളത്തിലെ റോഡുകളിൽ ഫുട്പാത്തുകളില്ലാത്തത് വലിയ പോരായ്മയല്ലേ?
● കാൽനടയാത്രക്കാർക്ക്സൗകര്യം ഉണ്ടാക്കിക്കൊടുത്താലും അതു കയ്യേറുകയാണ്. ഒരു റോഡ് അവബോധവും കേരളത്തിലില്ല. ഫുട്പാത്ത് ഉണ്ടാക്കിയാൽ അവിടെയൊക്കെ കാറും സ്കൂട്ടറും കയറ്റിയിടും. അനധികൃത കടകളും വരും. ഇതിനൊക്കെ തദ്ദേശ സ്ഥാപനങ്ങളിലെ ചില അംഗങ്ങൾ ഒത്താശ ചെയ്യുന്നു. അനധികൃത കടകൾ ഒഴിപ്പിക്കേണ്ട ചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണെങ്കിലും അവർ അതു ചെയ്യുന്നില്ല. കടകൾക്ക് ലൈസൻസ് കൊടുക്കുന്നത് അവരാണ്. ലൈസൻസില്ലാത്ത കടകൾ എടുത്തുമാറ്റണം. പിഡബ്ലിയുഡിക്ക് നോട്ടീസ് കൊടുക്കാനേ പറ്റൂ.
● ബൈപ്പാസുകൾ അനിവാര്യമെങ്കിലും ഒത്തിരി പ്രതിഷേധങ്ങളുണ്ടല്ലോ? ഇതിനു പരിഹാരമെന്താണ്?
● പരിസ്ഥിതി പ്രശ്നം വന്നത് കീഴാറ്റൂർ മാത്രമാണ്. മലപ്പുറത്തെ പ്രശ്നം തീർന്നു. ഹൈവേയിൽ തീ കത്തിച്ചത് വിധ്വംസക പ്രവർത്തനങ്ങളിൽ പരിശീലനം കിട്ടിയവരാണെന്നു ഞാൻ പറഞ്ഞു. തീവ്രവാദികൾ എന്നൊന്നും പറഞ്ഞില്ല. ഗെയിൽ സമരത്തിലും തീകത്തിക്കൽ ഉണ്ടായി. കഴിഞ്ഞ ഹർത്താലിൽ വീണ്ടും തീകത്തിച്ചില്ലേ? പരിസ്ഥിതിക്കും ജനങ്ങൾക്കും പരമാവധി ആഘാതം കുറച്ച് പാതകൾ ഉണ്ടാക്കണമെന്നാണ് നയം. ഭൂമി നഷ്ടപ്പെടുന്നവർക്കു നല്ല നഷ്ടപരിഹാരം നൽകും. ഇതു ചെയ്യുമ്പോൾ തന്നെ റോഡിന്റെ ശാസ്ത്രീയത നഷ്ടപ്പെടുത്താനാവില്ല. നെൽവയൽ സംരക്ഷണത്തിനുവേണ്ടിയുള്ള സമരം ആദ്യം തുടങ്ങിയത് കുട്ടനാട്ടിലാണ്. ഞാനായിരുന്നു അന്നത്തെ കുട്ടനാട് താലൂക്ക് നെൽകൃഷി സംരക്ഷണസമിതി ചെയർമാൻ. എം എം ആന്റണി ജനറൽ സെക്രട്ടറി. ബൂർഷ്വാ പത്രങ്ങൾ വെട്ടിനിരത്തൽ സമരമെന്ന് പറഞ്ഞ് ആ സമരത്തെ ആക്ഷേപിക്കുകയായിരുന്നു. ഇപ്പോൾ കീഴാറ്റൂരിലെ സുരേഷൊക്കെ നമ്മളെ പഠിപ്പിക്കുകയാണ്.








0 comments