‘ഹാഷ് ഫ്യുച്ചർ’ തുറക്കും... ഡിജിറ്റൽ പാത: എം ശിവശങ്കർ

കൊച്ചി > ഡിജിറ്റൽ സാങ്കേതികവിദ്യ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്താൻ വിവരസാങ്കേതികരംഗത്ത് പുതിയ കർമപരിപാടികൾ ആവിഷ്കരിക്കലാണ് കൊച്ചിയിൽ സംഘടിപ്പിച്ച 'ഹാഷ് ഫ്യൂച്ചർ' ഉച്ചകോടിയുടെ ലക്ഷ്യമെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കർ. ആദ്യമായി കേരളം ആതിഥ്യമരുളുന്ന ആഗോള ഡിജിറ്റൽ ഉച്ചകോടി സംസ്ഥാനത്തിന്റെ വികസന സങ്കൽപ്പങ്ങൾ യാഥാർഥ്യമാക്കാൻ സഹായിക്കുമെന്ന് എം ശിവശങ്കർ പറഞ്ഞു. ഉച്ചകോടിയുടെ പ്രാധാന്യവും ഭാവിപരിപാടികളും 'ദേശാഭിമാനി'യുമായി പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ സാങ്കേതികവിദ്യ കേരളത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ ഐടി നയം. സർക്കാർസേവനങ്ങൾ കാര്യക്ഷമമാക്കാനും എളുപ്പത്തിൽ ലഭ്യമാക്കാനും കഴിയണം എന്നതിനാണ് ഊന്നൽ. സാങ്കേതികവളർച്ച ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാകണം. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ, ഗതാഗത മേഖലകളിൽ സാങ്കേതികയുടെ വളർച്ച പ്രയോഗിക്കുന്നത് സേവനനിലവാരം മെച്ചപ്പെടുത്തും. അത്തരം സേവനങ്ങൾ നൽകാനാകുന്ന നിരവധി വിദഗ്ധരും സംരംഭകരും സ്റ്റാർട്ടപ്പ് കമ്പനികളും ലോകമെമ്പാടുമുണ്ട്. സർക്കാരുമായി കൈകോർക്കാൻ അവർക്ക് താൽപ്പര്യമുണ്ട്. അവരിൽ മലയാളികളുമുണ്ട്. അവരെയെല്ലാം ഒരുമിച്ചുചേർത്ത്, അനുയോജ്യമെങ്കിൽ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
സർക്കാർ അഞ്ചുവർഷത്തേക്ക് അതിന്റെ പ്രധാന വിവരസാങ്കേതികനയം രൂപീകരിച്ചിട്ടുണ്ട്. അതിൽതന്നെ ചെറിയ ഇടവേളകളിൽ ചെയ്തുതീർക്കേണ്ട ഉപനയങ്ങളാണ് പ്രധാന ഐടി നയത്തെ മുന്നോട്ടുനയിക്കുന്നത്. ഉപനയങ്ങൾക്ക് ഉച്ചകോടികൾ ഊർജംപകരും. ഐടി നയങ്ങൾ കാര്യക്ഷമമായി നടപ്പാക്കാനാണ് സർക്കാർ ഉപദേശകസമിതിയെയും ഉന്നതാധികാര സമിതിയെയും നിയോഗിച്ചത്. ഉന്നതാധികാരസമിതിയുടെ ജോലി സംസ്ഥാനത്തേക്ക് വിവരസാങ്കേതിക വ്യവസായങ്ങളെ ആകർഷിക്കലാണ്. അതിന് എല്ലാ സൗകര്യങ്ങളും ഒരുക്കണം. ആ സാധ്യത അറിയാൻ ലോകമാകെയുള്ള സംരംഭകർക്ക് ഉച്ചകോടി അവസരമൊരുക്കും. നമുക്ക് പ്രയോജനപ്പെടുത്താവുന്ന വിദഗ്ധരെ കണ്ടെത്തി നെറ്റ്വർക്ക് ശക്തിപ്പെടുത്താനും കേരളത്തിന്റെ സാധ്യതകൾ ലോകത്തെ അറിയിക്കാനും മാതൃകകൾ അവതരിപ്പിക്കാനും ഉച്ചകോടി സഹായിക്കും.
വെറും സമ്മേളനം മാത്രമായി ഉച്ചകോടി അവസാനിക്കുന്നില്ല. ചർച്ചകളും വിദഗ്ധാഭിപ്രായങ്ങളും ക്രോഡീകരിച്ച് ഇടപെടേണ്ട മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകി, ഐടി ഉന്നതാധികാരസമിതി കർമപരിപാടി തയ്യാറാക്കും. ഒരുമാസത്തിനകം ഈ കർമപരിപാടികൾ രൂപപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷയെന്നും എം ശിവശങ്കർ പറഞ്ഞു.









0 comments