ഫെയ്സ്ബുക്ക് മ്യൂട്ട് ചെയ്യാന്‍ പുതുവഴികള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 20, 2017, 05:33 PM | 0 min read

 നമ്മുടെ ഫെയ്സ്ബുക്കില്‍ കയറിയാല്‍ ചില സുഹൃത്തുക്കള്‍ നമ്മളെ അസൂയപ്പെടുത്തുന്നതിനുവേണ്ടി മാത്രം ജീവിക്കുന്നവരാണോ എന്ന് തോന്നിപ്പോകും. ജോലിസ്ഥലത്തെ ബോറന്‍ ഭക്ഷണം കഴിച്ചിരിക്കുന്ന നമ്മളുടെ ഫോണില്‍ നോക്കിയാല്‍ സുഹൃത്തിന്റെ വക രുചിയുള്ള ഭക്ഷണത്തിന്റെ ചിത്രങ്ങള്‍. നമ്മള്‍ ലീവ്കിട്ടാതെയിരുന്ന് കമ്പനിയെ പ്രാകുമ്പോള്‍ ഫെയ്സ്ബുക്കില്‍ ചിലരുടെ വെക്കേഷന്‍ ചിത്രങ്ങള്‍. നമ്മളെ മാനസികമായി തളര്‍ത്തുന്ന ഇത്തരക്കാരെ ഇരുചെവി അറിയാതെ ഒഴിവാക്കാന്‍ പല സൂത്രങ്ങളുണ്ട്. ആദ്യത്തേത് ഫെയ്സ്ബുക്കിനോട് ഇത്തരം പോസ്റ്റുകള്‍ എനിക്ക് ഇഷ്ടമല്ല എന്നുപറയുന്ന പരിപാടിയാണ്. പോസ്റ്റിന്റെ വലത്തെ മൂലയ്ക്കുള്ള മൂന്ന് കുത്തില്‍ പോയാല്‍ ഹൈഡ് (അതായത് ഒളിപ്പിക്കുക) എന്നൊരു ഓപ്ഷന്‍ കാണാം.

ഫെയ്സ്ബുക്ക് എന്ന യന്ത്രത്തോട്’ ഈ പോസ്റ്റ് ഇനി എന്നെ കാണിക്കാതിരിക്കുക എന്നു പറയുന്ന പരിപാടിയാണ്. ഇതുകൂടാതെ ഇതുപോലത്തെ പോസ്റ്റുകള്‍ അധികം കാണിക്കേണ്ട. ഒരു മയത്തില്‍ കാണിച്ചാല്‍മതി എന്നുകൂടി ഇതിന് അര്‍ഥമുണ്ട്. പക്ഷെ ഇവിടെ “ഇതുപോലത്തെ പോസ്റ്റുകള്‍” എന്നതിന്റെ തര്‍ജമ ഫെയ്സ്ബുക്കിന്റെ ‘വിവരവും വിദ്യാഭാസവുംഒക്കെ വച്ചാണെന്നു മാത്രം. ചിത്രത്തിലെയും, അതിന്റെ കൂടെയുള്ള പോസ്റ്റിലെയും ഒക്കെ വിവരങ്ങള്‍ മനസ്സിലാക്കി ഫെയ്സ്ബുക്ക് ഇത്തരം പോസ്റ്റുകളെ നിങ്ങളുടെ മെയില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കും. ഇങ്ങനെ ചെയ്താല്‍ ഹൈഡ്ചെയ്ത സുഹൃത്തിന്റെ ഇപ്പോള്‍ കാണുന്നതിലും കുറവ് പോസ്റ്റുകള്‍ മാത്രമേ നിങ്ങള്‍ കാണൂ. എന്തൊരു റിലാക്സേഷന്‍!

ഇനി അടുത്ത ലെവല്‍ എന്തെന്നാല്‍ അണ്‍ ഫോളോ.  സുഹൃത്തിന്റെ പ്രൊഫൈലില്‍ പോയാല്‍ ഫോളോയിങ്  എന്ന് കാണും. അതില്‍ ഒന്ന് അമര്‍ത്തി അണ്‍ ഫോളോചെയ്യാം. സുഹൃത്താണുതാനും, പുള്ളിയുടെ ഒരു പോസ്റ്റ്പോലും കാണുകയും വേണ്ട അവര്‍ നമ്മള്‍ ഈ ചെയ്ത പാരിപാടിയെക്കുറിച്ച് അറിയാനും വഴിയില്ല. ഇങ്ങനെ സുഹൃത്തുക്കളെ ശിക്ഷിച്ചാല്‍ നമ്മള്‍ അവരുടെ പോസ്റ്റുകള്‍ ഒന്നും തന്നെ കാണാതാവുകയും, ഒരിക്കല്‍പ്പോലും ലൈക്ക് ലഭിക്കാത്തപ്പോള്‍ അവള്‍ക്ക് നമ്മള്‍ ഇങ്ങനെ ചെയ്തോ എന്ന് സംശയം തോന്നാനും ഇടയുണ്ട്. 

പരിപാടിയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമായിരിക്കുമല്ലോ.   ഇങ്ങനെ സുഹൃത്ത് ബന്ധങ്ങളിള്‍ വിള്ളല്‍ വീഴാതിരിക്കാനാണ് ഫെയ്സ്ബുക്ക് Snooze എന്ന പരിപാടിയുമായി വരുന്നത്. ഒരു കണക്കിന് അണ്‍ ഫോളോതന്നെയാണിത്. പക്ഷെ 30 ദിവസം മാത്രമുള്ള ശിക്ഷ. അതു കഴിഞ്ഞാല്‍ ഇനിയും ഇങ്ങനെ മ്യൂട്ട്’അടിച്ചുവയ്ക്കണോ, അല്ല സുഹൃത്തിന്റെ പോസ്റ്റുകള്‍ കാണാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ഫെയ്്സ്ബുക്ക് ചോദിക്കും. ഒന്നുകില്‍ മ്യൂട്ടായിത്തന്നെ തുടരാം; അല്ല ഇനി വെറുപ്പിക്കല്‍ പോസ്റ്റുകള്‍ സുഹൃത്ത് നിര്‍ത്തിയെന്ന് മനസ്സിലായാല്‍ വീണ്ടും പഴയപോലെ ‘ആത്മമിത്രങ്ങളായി തുടരാം. ഇതിലും അങ്ങേതലയ്ക്കല്‍ സുഹൃത്തിനു നമ്മള്‍ ചെയ്ത മ്യൂട്ട് പരിപാടിയെക്കുറിച്ച് അറിയുകപോലുമില്ല.

സ്കൂളിലൊക്കെ കുട്ടികള്‍ ഇടയ്ക്കൊക്കെ മിണ്ടാതിരിക്കുന്നതുപോലെ ഇനി അല്‍പ്പസ്വല്‍പ്പം അസ്വാരസ്യങ്ങള്‍ ഉണ്ടായാല്‍ അണ്‍ ഫ്രണ്ട്, അണ്‍ ഫോളോ, ഹൈഡ് പോസ്റ്റ് പരിപാടികള്‍ ഒന്നും വേണ്ട. 30 ദിവസത്തെ മ്യൂട്ട് അടിച്ച് ജീവിതം പഴയതുപോലെ തുടരാം. നിലവിലുള്ള ഒഴിവാക്കല്‍ വഴിയിലൂടെ രണ്ട് പ്രൊഫൈലുകള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയും അത് ഫെയ്സ്ബുക്ക് എന്ന ആശയത്തിനുതന്നെ ക്ഷതമേല്‍പ്പിക്കുന്ന തരത്തിലുള്ളതാണ്. അപ്പോള്‍ ഈ വക 30 ദിവസത്തേക്കുള്ള മ്യൂട്ട് പരിപാടികൊണ്ട്, ഫെയ്സ്ബുക്ക് എന്ന പ്ളാറ്റഫോമും നമ്മളും സന്തുഷ്ടരാണ്. അപ്പോള്‍ ഇനി ആരെയാണ് മ്യൂട്ടുന്നെ?
 



deshabhimani section

Related News

View More
0 comments
Sort by

Home