ലളിതം, ഈ ചിന്തയും വാക്കുംഎസ് കെ വസന്തന് 80 ; ഇന്ന് ആദരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2015, 10:12 AM | 0 min read

തൃശൂര്‍> ഖദര്‍നൂലുപോലെ നേര്‍ത്ത വലകെട്ടി ഇരതേടുകയും സ്വന്തം കുഞ്ഞുങ്ങളെപ്പോലും ഭക്ഷിക്കുകയും ചെയ്യുന്ന ചിലന്തിയുടെ കഥ പറഞ്ഞ "എട്ടുകാലി പുരാണം' എഴുപതുകളുടെ ഒടുവില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട കൃതിയാണ്. അടിയന്തരാവസ്ഥയ്ക്കെതിരെ ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച് എസ് കെ വസന്തന്‍ എഴുതിയ മിനിക്കഥകള്‍ വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റി.

എഴുത്തിലും സംസാരത്തിലും നര്‍മത്തിന്റെ മധുരം പൊതിഞ്ഞ് ഗൗരവ വിഷയങ്ങളിലേക്ക് അനുവാചകനെ നയിക്കുന്ന വസന്തന്‍ മാസ്റ്റര്‍ എണ്‍പതിലേക്ക് പ്രവേശിക്കുന്നു. മലയാളി വായനക്കാരന് സുപരിചിതനായ ഡോ. എസ് കെ വസന്തന് എണ്‍പതാം പിറന്നാളിന്റെ ഭാഗമായി തൃശൂര്‍ പൗരാവലി ആദരമര്‍പ്പിക്കും. ഞായറാഴ്ച കേരള സാഹിത്യ അക്കാദമിഹാളിലാണ് ചടങ്ങ്.തെളിമലയാളത്തിന്റെ മുഖമുദ്രയാണ് എസ് കെ വസന്തന്‍. കോളേജ് അധ്യാപകനായപ്പോഴും പിന്നീട് പിഎച്ച്ഡി നേടിയപ്പോഴും അദ്ദേഹം പേരെഴുതുമ്പോള്‍ എസ് കെ വസന്തന്‍ എന്ന് അവസാനിപ്പിച്ചു.

പ്രൊഫസര്‍, ഡോക്ടര്‍ തുടങ്ങിയ വിശേഷണങ്ങള്‍ ഒരിക്കലും പേരിനൊപ്പം ഉപയോഗിച്ചില്ല. തന്റെ വേഷംപോലെതന്നെ ലളിതമാണ് അദ്ദേഹത്തിന്റെ ജീവിതവും സാഹിത്യവും. ഇടപ്പള്ളിയില്‍ ജനിച്ച് അച്ഛന്റെ സുഹൃത്തുക്കളായ ചങ്ങമ്പുഴയേയും ഇടപ്പള്ളിയേയും വായിച്ചുവളര്‍ന്ന വസന്തന്‍ തൃശൂരുകാരുടെ പ്രിയപ്പെട്ട വസന്തന്‍ മാഷാണ്. ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് സാംസ്കാരിക രംഗത്ത് സജീവമാകുന്നത്. ഇടപ്പള്ളിയില്‍ നടന്ന ചങ്ങമ്പുഴ അനുസ്മരണത്തിലെ പ്രഭാഷണത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇ എം എസ് അധ്യക്ഷനും മുണ്ടശേരി മുഖ്യപ്രസംഗകനുമായ ചടങ്ങില്‍ വസന്തന്റെ പ്രഭാഷണം ഇ എം എസിനെ ആകര്‍ഷിച്ചു. പിന്നീട് ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ പ്രാരംഭ ചര്‍ച്ചകള്‍ മുതല്‍ പങ്കാളിയായി.

സ്റ്റഡിസര്‍ക്കിള്‍ രൂപീകരണത്തിനുശേഷം ദക്ഷിണമേഖലാ കണ്‍വീനറായി. എം എന്‍ കുറുപ്പ് ജനറല്‍ കണ്‍വീനറും എരുമേലി പരമേശ്വരന്‍ പിള്ള ഉത്തരമേഖലാ കണ്‍വീനറും. ഇക്കാലത്താണ് ചെറുകാടിനെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക പഠനം"ചെറുകാടിന്റെ പ്രതിഭ' എന്ന പുസ്തകം പുറത്തിറക്കിയത്.ചിന്ത പബ്ലിഷേഴ്സ് നടത്തിയ നോവല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ "എന്റെ ഗ്രാമം, എന്റെ ജനത' എന്ന നോവല്‍ പിന്നീട് ചിന്ത പ്രസിദ്ധീകരിച്ചു.

രണ്ടാമത്തെ നോവലായ "അരക്കില്ലം' മാതൃഭൂമിയില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ചു. നിരവധി മിനിക്കഥകളും എഴുതി. കാലടി ശങ്കര കോളേജില്‍ അധ്യാപകനായിരിക്കെ നാലുതവണ പിരിച്ചുവിടലിന് വിധേയനായി. നാലുതവണയും സമരത്തിലൂടെ തിരിച്ചുകയറി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി എസ് കെ വസന്തന്‍ എഴുതിയ "കേരള സാംസ്കാരിക ചരിത്ര നിഘണ്ഡു' ഇന്നും അറിവിന്റെ അക്ഷയഖനിയാണ്. ബിഥോവന്റെ ജീവിത കഥയെ ആസ്പദമാക്കി റൊമെയ്ന്‍ റോളണ്ട് രചിച്ച "ജീന്‍ ക്രിസ്റ്റോഫ്' എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം, അപ്പന്‍ തമ്പുരാന്‍-ഒരുപഠനം, പടിഞ്ഞാറന്‍ കാവ്യമീമാംസ മലയാളികള്‍ക്ക്, നാലപ്പാട്ട്, സമസ്തകേരള സാഹിത്യ പരിഷത്തിന്റെ ചരിത്രം, നമ്മള്‍ നടന്ന വഴികള്‍, കാവ്യാനുശീലനം,പ്രാസവാദം, ചെറുശേരിപ്രണാമം, പഴയതേന്‍(സമ്പാദനം), അരക്കില്ലം(നോവല്‍), എന്റെ ഗ്രാമം എന്റെ ജനത(നോവല്‍) എന്നിവയാണ് പ്രധാന കൃതികള്‍.

1935 നവംബര്‍ 17ന് ഇടപ്പിള്ളിയിലാണ് ജനം. കുരിയച്ചിറയിലാണ് ഇപ്പോള്‍ താമസം. കേരള സര്‍വകലാശാലയില്‍നിന്ന് മലയാളത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും. കാലടി ശ്രീശങ്കര കോളേജിലും സംസ്കൃത സര്‍വകലാശാലയിലും 35 വര്‍ഷത്തെ അധ്യാപനം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുവര്‍ഷം അസിസ്റ്റന്റ് എഡിറ്റര്‍. വിവിധ സര്‍വകലാശാലകളുടെ ബോര്‍ഡുകളില്‍ അംഗം. സി പി മേനോന്‍ അവാര്‍ഡ്, ആകാശവാണി അവാര്‍ഡ്, തുഞ്ചന്‍ പ്രബന്ധമത്സരത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ഹിസ്റ്ററി അസോസിയേഷന്‍ അവാര്‍ഡ്, കെ ദാമോദരന്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി വൈജ്ഞാനിക സാഹിത്യ പുരസ്കാരം, സമഗ്ര സംഭാവനാ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home