ad
Deshabhimani

തപാൽ ഓഫീസുകൾക്ക് പൂട്ട്: ജീവനക്കാരും ഉദ്യോഗാർഥികളും വെട്ടിലാകും, പൊതുജനവും വലയും

post
വെബ് ഡെസ്ക്

Published on Aug 13, 2026, 01:45 PM | 1 min read

പാലക്കാട്‌: തപാൽ മേഖല സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ അഞ്ച്‌ ഡിവിഷനുകളും 15 സബ്‌ ഡിവിഷനുകളും അടച്ചുപൂട്ടാനുള്ള കേന്ദ്ര നീക്കത്തിൽ ജീവനക്കാരും ഉദ്യോഗാർഥികളും വെട്ടിലാകും. പൊതുജനങ്ങളും കേന്ദ്രനീക്കത്തിന്റെ ദുരിതം അനുഭവിക്കേണ്ടിവരും. ജോലിഭാരവും പുനർവിന്യാസത്തിന്റെ ഭാഗമായുള്ള സ്ഥലംമാറ്റവുമാണ്‌ ജീവനക്കാരെ പ്രതിസന്ധിയിലാക്കുന്നത്‌. ഗ്രാമീണ മേഖലയിലുള്ള ജീവനക്കാർ ഉൾപ്പടെ കിലോമീറ്ററുകൾ ദൂരമുള്ള മറ്റ്‌ ഓഫീസുകളിൽ ജോലിചെയ്യേണ്ടിവരും. സ്‌ത്രീകളും അസുഖബാധിതരുമാണ്‌ ഏറെ പ്രയാസത്തിലാവുക.


സ്ഥലംമാറ്റമുൾപ്പടെ ഓഫീസിന്റെ വലിപ്പവും ചുമതലകളും അനുസരിച്ച് ഡിവിഷണൽ ഓഫീസിൽ 15 മുതൽ 35 വരെ ജീവനക്കാരാണുണ്ടാവുക. ഡിവിഷൻ മേധാവിയായ സുപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, അസിസ്റ്റന്റ് സുപ്രണ്ട്, ഓഫീസ് സൂപ്പർവൈസർ, ഡിവിഷണൽ ഓഫീസ് ക്ലർക്കുമാർ, ഒന്നോ രണ്ടോ മൾട്ടി ടാസ്‌കിങ് സ്റ്റാഫ്‌ ഓഫീസ് പരിപാലനം എന്നിവ നടത്തുന്ന ജീവനക്കാർ എന്നിവരാണ് ഇവിടെയുള്ളത്. സബ്‌ ഡിവിഷൺ ഹെഡ്‌, ഒന്നോ രണ്ടോ മെയിൽ ഓവർസിയർ, ക്ലർക്ക്‌, ഒരു മൾട്ടി ടാസ്‌കിങ് സ്റ്റാഫ്‌ എന്നിങ്ങനെ മൂന്നുമുതൽ അഞ്ചുവരെ ജീവനക്കാരാണ്‌ സബ് ഡിവിഷണൽ ഓഫീസിൽ ഉണ്ടാവുക.


നൂറുകണക്കിന്‌ തസ്‌തികകൾ ഇല്ലതാകുന്നത്‌ അഭ്യസ്‌തവിദ്യരായ ആയിരക്കണക്കിന്‌ ഉദ്യോഗാർഥികളെ ബാധിക്കും. നിലവിലുള്ള ഒഴിവുകൾ ഇല്ലാതാവുകയും പുതിയ നിയമനങ്ങൾ നടക്കാതിരിക്കുകയും ചെയ്യുന്നത്‌ തൊഴിലവസരങ്ങൾ ഇല്ലാതാക്കും.


കത്തുകൾ, സ്പീഡ് പോസ്റ്റ്, പാഴ്സലുകൾ, ആധാർ സേവനങ്ങൾ, മണി ഓർഡറുകൾ തുടങ്ങിയവയുടെ വിതരണ മേൽനോട്ടം വഹിക്കുന്നത് ഡിഷണൽ ഓഫീസുകളാണ്‌. ഇതില്ലാതായാൽ തപാൽ വിതരണം അവതാളത്തിലാകും. പോസ്റ്റ് ഓഫീസ് പാർസൽ സർവീസുകളുടെ ഏകോപനവും താളംതെറ്റും. താപാൽ സേവനം സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ അകലെയുള്ള റീജിയണൽ ഓഫീസുകളെ ആശ്രയിക്കേണ്ടി വരുന്നത്‌ ജനങ്ങളെ ദുരിതത്തിലാക്കും. ഗ്രാമങ്ങളിലെ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തനം സുഗമമാക്കേണ്ടത്‌ സബ് ഡിവിഷണൽ ഇൻസ്പെക്ടർമാരാണ്. സബ് ഡിവിഷണൽ ഓഫീസുകൾ ഇല്ലാതായാൽ ഗ്രാമീണ മേഖലയിലെ തപാൽ സർവീസുകളെ ബാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home