ad
Deshabhimani

അൽവിദാ... ഉസ്താദ് ; മാന്ത്രിക വിരലുകളുടെ ചക്രവർത്തിക്ക് വിട

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 16, 2024, 11:47 PM | 0 min read

സാൻ ഫ്രാൻസിസ്കോ
ആറ്‌ പതിറ്റാണ്ടോളം ലോകത്തെ സംഗീതത്തിന്റെ മാസ്മരികവലയത്തിലാക്കിയ മാന്ത്രിക വിരലുകൾ നിലച്ചപ്പോൾ സംഗീതലോകം വേദനയോടെ പറഞ്ഞു, അൽവിദാ(വിട) ഉസ്‌താദ്‌. വിഖ്യാത തബല വാദകൻ ഉസ്‌താദ്‌ സാക്കിർ ഹുസൈൻ (73) ഇനി താളനിബദ്ധമായ ഓർമ. അന്ത്യം  ഉയർന്ന രക്തസമ്മർദവും ശ്വാസകോശസംബന്ധമായ അസുഖത്തെയും തുടർന്ന്‌ തിങ്കൾ രാവിലെ.  അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ  ഒരാഴ്‌ചയായി ചികിത്സയിലായിരുന്നു. ഞായർ രാത്രി തന്നെ അദ്ദേഹം മരിച്ചതായി കിംവദന്തി പടർന്നിരുന്നു. ഇന്ത്യൻ വാർത്താപ്രക്ഷേപണ മന്ത്രാലയവും വിവരം അറിയിച്ച്‌ എക്‌സിൽ കുറിപ്പിട്ടു. എന്നാൽ കുടുംബം നിഷേധിച്ചതോടെ ഔദ്യോഗിക മാധ്യമങ്ങൾ  അടക്കം വാർത്ത പിൻവലിച്ചു.  എന്നാൽ നേരത്തെ അച്ചടിക്കേണ്ടി വന്ന മാധ്യമങ്ങളിൽ മരണവാർത്ത ഇടം പിടിച്ചു. വെന്റിലേറ്റർ നീക്കിയതോടെ ആ ഹൃദയതാളം നിലച്ചു. ഇന്ത്യൻ സമയം തിങ്കളാഴ്‌ച രാവിലെ 5.30ന്‌ മരണം സ്ഥിരീകരിച്ചു.

പ്രമുഖ തബല വാദകനായിരുന്ന ഉസ്‌താദ്‌ അല്ലാ രാഖയുടെ മൂത്ത മകനായി 1951ൽ മുംബൈയിൽ ജനിച്ചു. അഞ്ചാംവയസ്സുമുതൽ അച്ഛനിൽനിന്ന്‌ സംഗീതാഭ്യാസം തുടങ്ങി. 12 വയസ്സിനുള്ളിൽ രാജ്യത്ത്‌ അങ്ങോളമിങ്ങോളം വേദികളിൽ ആ  താളവിസ്‌മയം എത്തി. പഞ്ചാബ്‌ ഖരാനയിൽ അച്ഛന്റെ പാത പിന്തുടർന്നു. ഏഴാംവയസ്സിൽ അച്ഛന്‌ പകരക്കാരനായി സരോദ്‌ വിദ്വാൻ ഉസ്താദ്‌ അലി അക്‌ബർ ഖാനോടൊപ്പം വായിച്ചതാണ്‌ ആദ്യ പ്രധാന വേദി.  ബിസ്‌മില്ലാ ഖാൻ, പണ്ഡിറ്റ്‌ രവിശങ്കർ ഉൾപ്പെടെയുള്ള അതുല്യപ്രതിഭകൾക്കൊപ്പവും പിന്നീട്‌ ഒട്ടനവധി വേദികൾ.

മുംബൈ സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജിലായിരുന്നു പഠനം. തുടർന്ന്‌ വാഷിങ്‌ടൺ സർവകലാശാലയിൽനിന്ന്‌ ചൈനീസ്‌ ആഫ്രിക്കൻ ഇന്തോനേഷ്യൻ താളവാദ്യങ്ങൾ ശാസ്ത്രീയമായി പഠിച്ചു. പാരമ്പര്യത്തിലുറച്ച്‌ നിൽക്കുമ്പോഴും പുതിയ പരീക്ഷണങ്ങൾക്കും മടിച്ചില്ല. കർണാടിക്‌, ഹിന്ദുസ്ഥാനി അതിർവരമ്പുകൾ ഭേദിക്കാൻ ശ്രമിച്ചു. ലോകത്തുള്ള പ്രധാനപ്പെട്ട എല്ലാ താളവാദ്യങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്ലാനറ്റ് ഡ്രം അടക്കമുള്ള ആൽബങ്ങളിലും അദ്ദേഹത്തിന്റെ കൈയ്യൊപ്പ്‌ പതിഞ്ഞു. ഇന്ത്യയിലും വിദേശത്തുമായി നിരവധി സിനിമകൾക്കായി സംഗീതമൊരുക്കി.  മലയാളത്തിൽ ‘വാനപ്രസ്ഥം’ സിനിമയുടെ സംഗീത സംവിധായകനാണ്‌. 1988ൽ പത്മശ്രീയും 2002ൽ പത്മഭൂഷണും 2023ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. രാജ്യത്ത്‌ സംഗീതത്തിലെ പരമോന്നത ബഹുമതിയായ സംഗീതനാടക അക്കാദമി അവാർഡ്‌ 1990ൽ ലഭിച്ചു. അഞ്ച്‌ ഗ്രാമി അവാർഡുകൾ നേടിയിട്ടുണ്ട്‌. മൂന്നെണ്ണം ഈ വർഷം. സംഗീത പരിപാടികളുമായി ജനുവരിയിൽ ഇന്ത്യാ ടൂർ നടത്താനിരിക്കെയാണ്‌ തികച്ചും ആകസ്മികമായുള്ള വിടവാങ്ങൽ. കഥക്‌ നർത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. സംവിധായിക അനിസ ഖുറേഷി, നർത്തകി ഇസബെല്ല ഖുറേഷി എന്നിവർ മക്കൾ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home