കാൽപ്പന്ത് ലോകത്തെ ബ്രസീലിയൻ നിത്യവസന്തം

photo credits: FIFA youtube
സ്പെയിനിൽ വച്ച് നടന്ന 1982ലെ ഫിഫ ലോകകപ്പിന്റെ പന്ത്രണ്ടാമത് പതിപ്പായിരുന്നു. സമനിലയാകുന്ന മത്സരങ്ങൾക്ക് പെനാൽറ്റി ഷൂട്ടൗട്ട്, കപ്പ് നേടാനായില്ലെങ്കിലും ആരാധകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ ബ്രസീലിയൻ സുന്ദര ഫുട്ബോൾ, ഇറ്റലിയുടെ അവിസ്മരണീയമായ കിരീടനേട്ടം തുടങ്ങിയവയായിരുന്നു ടൂർണമെന്റിന്റെ പ്രധാന സവിശേഷതകൾ.
1982 ലോകകപ്പിൽ കിരീടം നേടാൻ കഴിഞ്ഞില്ലെങ്കിലും, ഫുട്ബോൾ ചരിത്രത്തിൽ 'ലോകകപ്പ് നേടാത്ത ഏറ്റവും മികച്ച ടീം' എന്നാണ് ടെലെ സന്റാന പരിശീലിപ്പിച്ച അന്നത്തെ ബ്രസീൽ ടീം അറിയപ്പെടുന്നത്. ഫലത്തേക്കാളുപരി കളിയുടെ സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്ന ജോഗോ ബോണിറ്റോ (സുന്ദരമായ കളി) ശൈലിയാണ് അവർ കാഴ്ചവെച്ചത്. സീക്കോ (Zico), സോക്രട്ടീസ് (Sócrates), ഫാൽക്കാവോ (Falcão), ടൊനീഞ്ഞോ സെറീസോ (Toninho Cerezo) എന്നിവരടങ്ങുന്ന ചരിത്രത്തിലെ ഏറ്റവും മികച്ച മിഡ്‌ഫീൽഡും എഡർ (Éder), സെർജീഞ്ഞോ (Serginho) എന്നിവർ നയിച്ച മുന്നേറ്റനിരയും ടീമിന്റെ കരുത്തായിരുന്നു. ആക്രമണങ്ങൾക്ക് കൂടി കരുത്തേകിയിരുന്ന ഫുൾബാക്കുകളായ ജൂനിയറും (Júnior) ലിയാൻഡ്രോയും (Leandro), അവർക്ക് കവചമൊരുക്കിയ സെൻട്രൽ ഡിഫൻഡർമാരായ ഓസ്കാറും (Oscar) ലൂസിഞ്ഞോയും (Luizinho), ഗോൾകീപ്പർ വാൽദിർ പെരസും (Valdir Peres) ചേർന്നതായിരുന്നു ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രതിഭാസമ്പന്നരായ ആ ഇതിഹാസ നിര.

ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ബ്രസീലിന് സെമിഫൈനലിൽ എത്താൻ ഇറ്റലിക്കെതിരായ നിർണായക മത്സരത്തിൽ ഒരു സമനില മാത്രം മതിയായിരുന്നു. എന്നാൽ അതിനായി പ്രതിരോധത്തിലേക്ക് പിന്മാറാതെ, പൂർണമായും ആക്രമിച്ചു കളിച്ചു. പൗലോ റോസിയുടെ ഉജ്വല ഹാട്രിക്കിലൂടെ ഇറ്റലി 3-2 ന് ബ്രസീലിനെ അട്ടിമറിച്ചു. ഈ പരാജയം ഫുട്ബോൾ ചരിത്രത്തിൽ സാറിയയിലെ ദുരന്തം (Tragedy of Sarrià, കളി നടന്നത് ബാഴ്സലോണയിലെ Estadi de Sarrià സ്റ്റേഡിയത്തിലാണ്) എന്നാണ് അറിയപ്പെടുന്നത്.
സൗന്ദര്യാത്മക ഫുട്ബോളിനേക്കാൾ ഫലത്തിന് മുൻതൂക്കം നൽകുന്ന തന്ത്രപരമായ കളിക്കാണ് ലോകകപ്പ് നേടാൻ കൂടുതൽ സാധ്യത ഒരുക്കുന്നതെങ്കിലും ഒരു സ്വർണക്കപ്പ് കൊണ്ട് അളക്കാനാകാത്ത പ്രതിഭയും കലാസൗന്ദര്യവും നിറഞ്ഞിരുന്ന ആ ടീം.
photo credits: facebook.com/fifaworldcup/posts
‘ചിരിക്കുന്ന പഴം’
1982ലെ സ്പെയിൻ ലോകകപ്പിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായിരുന്നു നാരൻജിതോ (Naranjito). ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു പഴത്തെ ഭാഗ്യചിഹ്നമാക്കി. സ്പാനിഷ് ഭാഷയിൽ ചെറിയ ഓറഞ്ച് എന്നർത്ഥം. സ്പാനിഷ് ടീമിന്റെ ജേഴ്സിയണിഞ്ഞ് കൈയിൽ ഫുട്ബോളുമായി പുഞ്ചിരിക്കുന്ന ഈ ഓറഞ്ച് പഴം ആരാധകരുടെ മനസ് കീഴടക്കി.
photo credits: FIFA youtube
ആദ്യ പെനാൽറ്റി ഷൂട്ടൗട്ട്
സമനിലയിലാകുന്ന മത്സരങ്ങളുടെ ഫലം നിശ്ചയിക്കാൻ ലോകകപ്പിൽ പെനാൽറ്റി ഷൂട്ടൗട്ട് രീതി കൊണ്ടുവന്നത് 82ലെ ടൂർണമെന്റിലാണ്. പശ്ചിമ ജർമനിയും ഫ്രാൻസും തമ്മിൽ നടന്ന ആവേശകരമായ സെമി ഫൈനലിലാണ് ചരിത്രത്തിലെ ആദ്യ ഷൂട്ടൗട്ട് അരങ്ങേറിയത്. ജർമനി 5-4ന് ജയിച്ചു.
photo credits: facebook.com/fifaworldcup/posts
ഏറ്റവും വലിയ ഗോൾ മാർജിൻ
ഗ്രൂപ്പ് ഘട്ടത്തിൽ ഹംഗറി ഒന്നിനെതിരെ പത്ത് ഗോളുകൾക്ക് (10-1) എൽ സാൽവദോറിനെ തകർത്തു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയ മാർജിനായി ഈ റെക്കോർഡ് ഇന്നും നിലനിൽക്കുന്നു.
ഗിഹോണിലെ നാണക്കേട് (Disgrace of Gijón)
1982 ലോകകപ്പിൽ പശ്ചിമ ജർമനിയും ഓസ്ട്രിയയും തമ്മിലുള്ള ഗ്രൂപ്പ് മത്സരം ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട മത്സരം (The Most Disgraceful Match) എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കരുത്തരായ പശ്ചിമ ജർമനിയെ അൾജീരിയ അട്ടിമറിച്ചിരുന്നു (2-1). തങ്ങളുടെ അവസാന മത്സരത്തിൽ ചിലിയെയും തോൽപ്പിച്ചതോടെ (3-2) നാല് പോയിന്റുമായി അൾജീരിയ അടുത്ത റൗണ്ട് പ്രതീക്ഷ സജീവമാക്കിയിരുന്നു.

എന്നാൽ അൾജീരിയയുടെ മത്സരത്തിന് ശേഷം നടന്ന ജർമനി- ഓസ്ട്രിയ പോരാട്ടത്തിൽ പത്താം മിനിറ്റിൽ തന്നെ ജർമ്മനി 1-0 ന് മുന്നിലെത്തി. ഈ സ്കോർ തുടർന്നാൽ ഇരു ടീമുകൾക്കും ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ അടുത്ത റൗണ്ടിലേക്ക് യോഗ്യത ലഭിക്കുകയും അൾജീരിയ പുറത്താവുകയും ചെയ്യുമായിരുന്നു. ഇത് കണക്കാക്കി ഇരു ടീമുകളും പിന്നീട് പരസ്പരം ആക്രമിക്കാൻ മുതിരാതെ മൈതാനത്ത് വെറുതെ പന്ത് തട്ടി സമയം കളഞ്ഞു. ഗിഹോണിലെ നാണക്കേട് എന്നറിയപ്പെടുന്ന ഈ സംഭവത്തെത്തുടർന്നാണ്, ഇത്തരം ഒത്തുകളികൾ ഒഴിവാക്കാൻ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളെല്ലാം ഒരേ സമയം തന്നെ നടത്താൻ ഫിഫ തീരുമാനിച്ചത്.
32 വർഷങ്ങൾക്ക് ശേഷം 2014 ലോകകപ്പിലെ പ്രീ- ക്വാർട്ടറിൽ അൾജീരിയ വീണ്ടും ജർമനിയെ നേരിട്ടു. ഗിഹോണിലെ ഒത്തു കളിക്കുള്ള അൾജീരിയയുടെ പകരം വീട്ടലായാണ് ഫുട്ബോൾ ലോകം ആ മത്സരത്തെ കണ്ടത്. മത്സരത്തിൽ ഒടുവിൽ ജർമ്മനി ജയിച്ചെങ്കിലും (2-1), നിശ്ചിത സമയത്ത് ഗോൾ രഹിത സമനില പാലിക്കാനും എക്സ്ട്രാ ടൈം വരെ വമ്പന്മാരായ ജർമനിയെ വിറപ്പിക്കാനും അൾജീരിയയ്ക്ക് കഴിഞ്ഞു. അവസാന വിസിലിന് തൊട്ടുമുമ്പ് അബ്ദൽമൗമെൻ ജാബൗ (Abdelmoumene Djabou) ആണ് അൾജീരിയയ്ക്കായി അന്ന് ഗോൾ നേടിയത്.
photo credits: FIFA Museum
17 വയസുകാരനായ പ്രതിഭ, 40 കാരനായ ഇതിഹാസം
നോർത്തേൺ അയർലൻഡിന്റെ നോർമൻ വൈറ്റ്‌സൈഡ് (Norman Whiteside) ലോകകപ്പ് ചരിത്രത്തിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. കളത്തിലിറങ്ങുമ്പോൾ വെറും 17 വയസു 41 ദിവസവുമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. ഇറ്റലിയുടെ ഇതിഹാസ ഗോൾകീപ്പർ ഡിനോ സോഫ് (Dino Zoff) തന്റെ 40-ാം വയസിൽ ക്യാപ്റ്റനായി ടീമിന് ലോകകപ്പ് നേടിക്കൊടുത്തു. ലോകകപ്പ് കിരീടം ഉയർത്തുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ എന്ന റെക്കോർഡ് ഇദ്ദേഹത്തിനാണ്.
ഷേക്കിന്റെ ഭീഷണിയിൽ ഷോക്കായ റഫറി
1982 ലോകകപ്പിൽ ഫ്രാൻസും കുവൈത്തും തമ്മിലുള്ള മത്സരത്തിലാണ് ഈ നാടകീയ സംഭവം അരങ്ങേറിയത്. ഫ്രാൻസ് 3-1 ന് മുന്നിട്ടുനിൽക്കവെ ഫ്രഞ്ച് താരം അലൈൻ ഗിറെസ്സെ ടീമിനായി നാലാമത്തെ ഗോൾ നേടി. എന്നാൽ ഗാലറിയിൽ നിന്നുള്ള വിസിൽ ശബ്ദം കേട്ട് റഫറിയാണ് കളി നിർത്തിയതെന്ന് കരുതിയ സമയത്താണ് ഗോൾ വീണതെന്ന വാദവുമായി കുവൈത്ത് താരങ്ങൾ പ്രതിഷേധിച്ചു.

കുവൈത്ത് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റും രാജകുടുംബാംഗവുമായ ഷെയ്ഖ് ഫഹദ് നേരിട്ട് മൈതാനത്തിറങ്ങി റഫറിയുമായി തർക്കിക്കുകയും, ഗോൾ പിൻവലിച്ചില്ലെങ്കിൽ ടീമിനെ കളിയിൽ നിന്ന് പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കടുത്ത സമ്മർദ്ദത്തിന് വഴങ്ങി റഫറി മിറോസ്ലാവ് സ്റ്റുപാറിന് ആ ഗോൾ റദ്ദാക്കേണ്ടി വന്നു. ഈ അത്യപൂർവ്വ സംഭവത്തെത്തുടർന്ന് ഷെയ്ഖിന് ഫിഫ പിഴ ചുമത്തുകയും, സമ്മർദ്ദത്തിന് വഴങ്ങിയ റഫറിയുടെ അന്താരാഷ്ട്ര പദവി എന്നെന്നേക്കുമായി റദ്ദാക്കുകയും ചെയ്തു (മത്സരം ഫ്രാൻസ് 4-1 ന് വിജയിച്ചു).
കുവൈത്ത് ഫുട്ബോളിനെ ലോകവേദിയിൽ എത്തിക്കാൻ മുൻകൈയെടുത്ത ഇദ്ദേഹം 1990ൽ ഇറാഖ് കുവൈറ്റിനെ ആക്രമിച്ചപ്പോൾ, കുവൈത്ത് ഭരണാധികാരിയുടെ ദസ്മാൻ കൊട്ടാരം സംരക്ഷിക്കുന്നതിനിടെ ഇറാഖി സൈന്യവുമായുള്ള പോരാട്ടത്തിലാണ് കൊല്ലപ്പെട്ടത്.
photo credits: facebook.com/fifaworldcup/posts
റോസി സൃഷ്ടിച്ച ചരിത്രം
ഫൈനലിൽ പശ്ചിമ ജർമനിയെ 3-1 ന് പരാജയപ്പെടുത്തി ഇറ്റലി മൂന്നാം ലോക കിരീടം നേടി. ഇറ്റലിയുടെ ഇതിഹാസ താരം പൗലോ റോസി (Paolo Rossi) ഒരു കലണ്ടർ വർഷത്തിൽ തന്നെ ലോകകപ്പ് കിരീടവും, മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും (ഇതുവരെ മികച്ച കളിക്കാരനെ പ്രഖാപിച്ചിരുന്നെങ്കിലും ഈ കപ്പിലാണ് ഗോൾഡൻ ബോൾ നൽകി തുടങ്ങിയത്) ടോപ് സ്കോറർക്കുള്ള ഗോൾഡൻ ഷൂവും വിഖ്യാതമായ ബാലൺ ഡി ഓർ (Ballon d'Or) പുരസ്കാരം നേടിയ ആദ്യ താരം. ഇതുവരെ ആരും ഈ റെക്കോർഡിന് ഒപ്പമെത്തിയിട്ടില്ല.
ടൂർണമെന്റിലെ ടോപ്പ് സ്കോറർക്കുള്ള പുരസ്കാരം 1982ലാണ് ഔദ്യോഗികമായി ഗോൾഡൻ ഷൂ (Golden Shoe) എന്ന പേരിൽ നൽകിത്തുടങ്ങിയത്. പിന്നീട് 2010 ലാണ് ഇത് ഗോൾഡൻ ബൂട്ട് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്.










0 comments