24 January Sunday

തൃക്കോട്ടൂര്‍ പെരുമയുടെ കഥാകാരന്‍

ഡോ കെ എസ് രവികുമാര്‍Updated: Sunday Jul 24, 2016

യു എ ഖാദര്‍ ഫോട്ടോ: കെ എസ് പ്രവീണ്‍കുമാര്‍

ഡോ. കെ എസ് രവികുമാര്‍

ഡോ. കെ എസ് രവികുമാര്‍

ജനിച്ചത് ബര്‍മയില്‍. ആദ്യം കേട്ടും പറഞ്ഞും വളര്‍ന്നത് അവിടത്തെ ഭാഷ. തൊട്ടും രുചിച്ചും അറിഞ്ഞത് ആ നാടും സംസ്കാരവും. പക്ഷേ, അമ്മ മരിച്ചതിനെത്തുടര്‍ന്ന് ആ കുട്ടി ഏഴാം വയസ്സില്‍, പിറന്ന നാട് വിട്ടു. മലയാളിയായ പിതാവിനോടൊപ്പം കേരളത്തിലേക്ക്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇരമ്പങ്ങള്‍ക്കും വെടിയൊച്ചകള്‍ക്കും ഇടയില്‍ക്കൂടി ബര്‍മയില്‍നിന്ന് അവര്‍ കല്‍ക്കത്തയിലെത്തി; പിന്നെ കേരളത്തിലേക്കും. വടക്കന്‍പാട്ടുകളുടെ ജന്മഭൂമിയായ കടത്തനാടന്‍ മണ്ണില്‍, പിതാവിന്റെ ഉമ്മ ആ കുഞ്ഞിനെ പോറ്റിവളര്‍ത്തി. പുതിയ നാട്ടില്‍ പുതിയ ഭാഷയിലേക്കും ജീവിതാന്തരീക്ഷത്തിലേക്കും പറിച്ചുനട്ട ആ കുരുന്നു ചെടി നാട്ടുചെടികളേക്കാള്‍ മണ്ണിന്റെ മണവും നാടിന്റെ സാംസ്കാരികസ്വത്വവും ഉള്‍ക്കൊണ്ടു. അവന്‍ നാട്ടുതനിമകളുടെയും വാമൊഴിക്കഥകളുടെയും അന്തരീക്ഷം ശ്വസിച്ചുവളര്‍ന്നു. പില്‍ക്കാലത്ത്, ആ ഗ്രാമജീവിതത്തിന്റെ നന്മയും തിന്മയും ഇനിമയും തനിമയും വാക്കുകളിലാവാഹിച്ച ജീവിതചിത്രങ്ങളിലൂടെ മലയാളിക്ക് മറക്കാനാകാത്ത ഒരു കഥാലോകം സൃഷ്ടിച്ചു. ആ എഴുത്തുകാരനാണ്, തൃക്കോട്ടൂര്‍ പെരുമയുടെ കഥാകാരന്‍ എന്ന് വിളിപ്പെട്ട യു എ ഖാദര്‍.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഇന്ത്യയെപ്പോലെ ബര്‍മയും ബ്രിട്ടീഷ്‘ഭരണത്തിലായിരുന്നു. അക്കാലം മലബാറില്‍നിന്നുള്ള മുസ്ളിംവ്യാപാരികള്‍ പലരും ബര്‍മയില്‍ കച്ചവടക്കാരായെത്തി. ബര്‍മയില്‍നിന്ന് കേരളത്തിലേക്ക് ധാരാളമായി അരി ഇറക്കുമതിചെയ്തിരുന്ന കാലമാണത്. കൊയിലാണ്ടിക്കാരന്‍ മൊയ്തീന്‍കുട്ടിഹാജിയും ബര്‍മയിലെത്തി വ്യാപാരിയായി. ബര്‍മയിലെ ക്വൊയ്തോണ്‍ നദിക്കരയിലുള്ള ബിലെയ്ന്‍ എന്ന ഗ്രാമത്തിലാണ് അദ്ദേഹം കച്ചവടം നടത്തിയത്. ബര്‍മക്കാരിയായ മാമൊയ്ദിയെ അദ്ദേഹം വിവാഹം കഴിച്ചു. അവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. ആ കുട്ടിയാണ് യു എ ഖാദര്‍ എന്ന കഥാകാരന്‍.

കേരളത്തിലെത്തിയ ആ ബാലന് ഇവിടത്തെ ഭാഷയും അന്തരീക്ഷവും അപരിചിതമായിരുന്നു. അത് സ്വാഭാവികമായും അവനെ ഏകാകിയും സ്വപ്നദര്‍ശിയുമാക്കി. ക്രമേണ മലയാളം പഠിച്ചു. കൊയിലാണ്ടി മാപ്പിള എലിമെന്ററി സ്കൂളില്‍ ചേര്‍ന്നു. വായനയില്‍ ആഹ്ളാദം കണ്ടെത്തി. ഭാവനയില്‍ കഥകള്‍ കരുപ്പിടിപ്പിച്ചു. അവ കടലാസില്‍ എഴുതിത്തുടങ്ങി. എട്ടാംക്ളാസില്‍ പഠിക്കുന്ന കാലത്ത് 'വിവാഹസമ്മാനം'’എന്ന കഥ പ്രസിദ്ധീകരിച്ചുവന്നു. അതോടെ യു എ ഖാദര്‍ എന്ന എഴുത്തുകാരന്റെ പിറവിയായി.

കഥയെഴുത്തില്‍മാത്രമല്ല ചിത്രമെഴുത്തിലും ഖാദര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. മദിരാശിയിലെ കോളേജ് ഓഫ് ആര്‍ട്സില്‍ ചേര്‍ന്ന് ചിത്രകലാപഠനം നടത്തി. അക്കാലത്ത് മദിരാശി മലയാളികളുടെ സാഹിത്യക്കൂട്ടായ്മയില്‍ സജീവമായി. അത് എഴുത്തിന് കൂടുതല്‍ പ്രചോദകമായി. 1956ല്‍ കുറെക്കാലം നിലമ്പൂരില്‍ മരക്കമ്പനിയില്‍ ജോലിചെയ്തു. അക്കാലത്ത് ഇടതുപക്ഷാഭിമുഖ്യം വളര്‍ന്നു. വൈവിധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ കടന്നുപോയ യു എ ഖാദര്‍, എഴുത്തിലും സാംസ്കാരികരംഗത്തും എന്നും സജീവമായിരുന്നു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു.

ആദ്യകാലത്തെഴുതിയ ചെറുകഥകളും നോവലുകളും ഏറെയും വടക്കേമലബാറിലെ മുസ്ളിം സാമൂഹികജീവിതത്തിന്റെ വൈവിധ്യങ്ങളെ ആവിഷ്കരിക്കുന്നവയായിരുന്നു. ചങ്ങലയും ഖുറൈശിക്കൂട്ടവുമൊക്കെ ആ നിലയില്‍ ശ്രദ്ധിക്കപ്പെട്ട കൃതികളായിരുന്നു.

എന്നാല്‍, യു എ ഖാദര്‍ എന്ന കഥാകൃത്ത് മലയാളസാഹിത്യത്തില്‍ തന്റെ തനതായ ഇടം നേടിയത്, എണ്‍പതുകളില്‍ അദ്ദേഹം എഴുതിയ തൃക്കോട്ടൂര്‍ കഥകളിലൂടെയാണ്. ചെറുപ്പംമുതലേ താന്‍ അടുത്തുപരിചയിച്ചിരുന്ന നാടാണ് തിക്കോടിയിലെ തൃക്കോട്ടൂര്‍ ഗ്രാമം. അവിടെ ബാപ്പയുടെ മരുമകളുടെ വീട്ടില്‍, ചെറുപ്പത്തില്‍ പലപ്പോഴും ചെന്ന് താമസിച്ചിട്ടുണ്ട്. ആ ഗ്രാമത്തിന്റെ അന്തരീക്ഷവും അവിടത്തെ നാട്ടുമൊഴിക്കഥകളും ഗ്രാമീണരുടെ വിശ്വാസാചാരങ്ങളുമെല്ലാം ആ കഥാകൃത്തിന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. പിന്നീട് അദ്ദേഹം വിവാഹം കഴിച്ചതും തൃക്കോട്ടൂരില്‍നിന്നുതന്നെ. അങ്ങനെ  ആ നാട് സ്വന്തം നാടുതന്നെയായി. ആ നാട്ടില്‍നിന്നും നാട്ടാരില്‍നിന്നും ഊര്‍ജം സംഭരിച്ച് അദ്ദേഹം ഒട്ടേറെ കഥകള്‍ എഴുതി.

തൃക്കോട്ടൂര്‍ എന്ന യഥാര്‍ഥ സ്ഥലം ഖാദറിന്റെ കഥകളിലൂടെയും നോവലെറ്റുകളിലൂടെയും ആ പേരില്‍ ഒരു ‘ഭാവനാസ്ഥലമായി മലയാളികളുടെ മനസ്സില്‍ പുനര്‍ജനിച്ചു. സവിശേഷമായ പ്രാദേശിക മിത്തുകളും ദേവതാസങ്കല്‍പ്പങ്ങളും വിശ്വാസാചാരങ്ങളും ആരാധനാലയങ്ങളും വൈചിത്യ്രംനിറഞ്ഞ പച്ചമനുഷ്യരായ കഥാപാത്രങ്ങളും മണ്ണും മരങ്ങളും എല്ലാം കലര്‍ന്ന ഒരു ലോകമാണത്. യഥാര്‍ഥ നാടിനേക്കാള്‍ ചൈതന്യപൂര്‍ണമായ ഒരു ഭാവനാസ്ഥലം. ജീവിതത്തിന്റെ തീക്ഷ്ണവും ശക്തവും ആര്‍ദ്രവുമായ ‘ഭാവങ്ങളുടെയും മനുഷ്യബന്ധങ്ങളുടെ വൈചിത്യ്രങ്ങളുടേതുമായ ഒരു ലോകമാണത്. പഴമയുടെ ജീര്‍ണതയും ഫ്യൂഡല്‍ ജീവിതാവസ്ഥയുടെ വൈചിത്യ്രങ്ങളും അവിടെയുണ്ട്. അത്തരം ജീവിതാവസ്ഥയുടെ പ്രാതിനിധ്യം വഹിക്കുന്ന ചില കഥാപാത്രങ്ങളും ആ കഥാലോകത്തുണ്ട്. സമാന്തരമായി, അന്നോളം അവഗണിക്കപ്പെട്ടിരുന്നവരില്‍നിന്ന് കരുത്തുള്ള കഥാപാത്രങ്ങള്‍ ഉയര്‍ന്നുവന്നു. പഴയ ജീവിതാവസ്ഥയുടെ പ്രതിനിധികളായ ആധിപത്യസ്വഭാവമുള്ളവരെ അപ്രസക്തരാക്കി അവഗണിതരില്‍നിന്നുയര്‍ന്നുവന്ന ആ കഥാപാത്രങ്ങള്‍ ജ്വലിച്ചുനില്‍ക്കുന്ന കാഴ്ച തൃക്കോട്ടൂരിന്റെ കഥാലോകത്ത് നാം കാണുന്നു. വിശേഷിച്ചും സ്വത്വശക്തികൊണ്ട്, താന്‍പോരിമയോടെ എഴുന്നുവരുന്ന സ്ത്രീകഥാപാത്രങ്ങള്‍. അവരുടെ നോക്കും വാക്കും നാം മുമ്പ് കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമാണ്. ജീവിതാസക്തിയുടെയും വികാരോജ്വലതയുടെയും മൂര്‍ത്തികളായ അത്തരം കഥാപാത്രങ്ങളാണ് തൃക്കോട്ടൂര്‍ കഥകളില്‍ പലതിനും വ്യക്തിത്വം നല്‍കുന്നത്. 'തൃക്കോട്ടൂര്‍ പെരുമ', 'തൃക്കോട്ടൂര്‍ കഥകള്‍', 'തൃക്കോട്ടൂര്‍ നോവെല്ലകള്‍', 'തൃക്കോട്ടൂര്‍ വിളക്ക്'എന്നിങ്ങനെ പല സമാഹാരങ്ങളിലായി ആ കഥകള്‍ പടര്‍ന്നുകിടക്കുന്നു. ഇതില്‍ തൃക്കോട്ടൂര്‍ പെരുമയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും തൃക്കോട്ടൂര്‍ നോവെല്ലകള്‍ക്ക് കേന്ദ്രസാഹിത്യ അവാര്‍ഡും ലഭിച്ചു.

കഥയെഴുത്തില്‍ സ്വന്തം ഇടം നേടിയിട്ടുള്ള പല എഴുത്തുകാരും സ്വന്തമായ ഒരു ലോകവും ഭാഷയും സൃഷ്ടിച്ചവരാണ്. യു എ ഖാദറും തൃക്കോട്ടൂര്‍ കഥകളിലൂടെ അങ്ങനെയൊരു ലോകം സൃഷ്ടിച്ചു. ഒപ്പം അത്തരം കഥകളില്‍ തനിമയുള്ള ഒരു ആഖ്യാനരീതിയും ‘ഭാഷയും അദ്ദേഹം രൂപപ്പെടുത്തി. വടക്കന്‍പാട്ടുകളുടെയും കടത്തനാടന്‍ വാമൊഴിവഴക്കത്തിന്റെയും വാങ്മയലോകത്ത് വേരുകളുള്ള ഒരു ആഖ്യാനഭാഷയാണത്. സവിശേഷതകളുള്ള നാടന്‍ ചൊല്ലുകളും വാക്കുകളും പ്രയോഗങ്ങളും ബിംബങ്ങളും അവയ്ക്ക് വ്യക്തിത്വം നല്‍കുന്നു. ഒരു പ്രത്യേകതരം ഈണവും താളവുമുള്ള ഗദ്യത്തിന്റെ മുഴക്കം ഖാദറിന്റെ ആ ആഖ്യാനഭാഷയ്ക്കുണ്ട്. ആ രചനകള്‍ക്ക് സ്വത്വബലം നല്‍കുന്ന ഒരു ഘടകമാണത്.

യു എ ഖാദറിന്റെ കഥപറച്ചിലിന്റെ മറ്റൊരു സവിശേഷത അവയുടെ ചിത്രപരതയാണ്. രേഖാചിത്രകാരന്റെ കൈമിടുക്ക് അവയുടെ ആഖ്യാനക്രമത്തില്‍ പലപ്പോഴും തെളിഞ്ഞുകാണാം. തെയ്യങ്ങളുടെയും ദൈവപ്പുരകളുടെയും കാവുകളുടെയും അങ്ങാടിയുടെയും മറ്റും ചിത്രങ്ങള്‍ മാത്രമല്ല, മനുഷ്യപ്രകൃതിയും തെളിഞ്ഞ ചിത്രങ്ങളായി ആ കഥാലോകത്ത് അനുഭവപ്പെടുന്നു.

പൊതുവില്‍, മലയാളത്തിലെ കഥാസാഹിത്യം പാശ്ചാത്യമാതൃകകളില്‍നിന്ന് ഊര്‍ജം സ്വീകരിച്ചാണ് വളര്‍ന്നത്. കഴിഞ്ഞ ഒന്നേകാല്‍ നൂറ്റാണ്ടോളം വരുന്ന കാലത്തിനിടയില്‍ രൂപപ്പെട്ട കഥാസാഹിത്യത്തിലെ  പുതിയ പ്രസ്ഥാനങ്ങള്‍ക്കും  പ്രവണതകള്‍ക്കുമൊക്കെ ഈ സ്വഭാവമുണ്ട്. നാട്ടുതനിമയുള്ള ഒരാഖ്യാനരീതി രൂപപ്പെടുത്താന്‍ വളരെക്കുറച്ച്  എഴുത്തുകാരേ ശ്രമിച്ചിട്ടുള്ളൂ. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായ ഒരു സ്ഥാനം യു എ ഖാദര്‍ എന്ന കഥാകാരനുണ്ട്. വിശേഷിച്ചും 1980കളില്‍ ഉത്തരാധുനികമായ വൈദേശികാഖ്യാനരീതികള്‍കൊണ്ട് പരീക്ഷണ വ്യഗ്രമായിരുന്ന മലയാള കഥാസാഹിത്യത്തിന്റെ  അന്തരീക്ഷത്തിലേക്കാണ് തന്റെ തൃക്കോട്ടൂര്‍ കഥകളുമായി കടന്നുവന്ന് ഈ കഥാകൃത്ത് തന്റെ രചനാശക്തി തെളിയിച്ചത്. അന്നത്തെ ഒട്ടൊക്കെ സങ്കീര്‍ണവും ദുര്‍ഗ്രഹവുമായിരുന്ന കഥകള്‍ക്കിടയില്‍ ഈ കഥകളുടെ നാടന്‍രുചി വേഗം വായനക്കാരെ ആകര്‍ഷിച്ചു. അവയിലൂടെ  കേരളീയ ആഖ്യാനരീതിയുടെ തനിമയുള്ള ഒരു മുഖമായിരുന്നു അദ്ദേഹം ആവിഷ്കരിച്ചത്.

സമ്പന്നമായ ഒരു സാഹിത്യലോകമാണ് യു എ ഖാദറിന്റേത്. നോവലുകളും ചെറുകഥകളും നോവലെറ്റുകളും ആത്മകഥാപരമായ രചനകളും ബാലസാഹിത്യവുമൊക്കെ അതില്‍ ഉള്‍പ്പെടുന്നു. അവയ്ക്കെല്ലാം പൊതുവായുള്ളത്, എഴുത്തുകാരന് അനുഭവബോധ്യമുള്ള ജീവിതത്തിന്റെയും നാടിന്റെയും ചൈതന്യാംശമാണ്. അങ്ങനെ ഈ കഥാകാരന്‍ കേരളത്തിന്റെ നാട്ടുതനിമയുടെ ഒരു സവിശേഷമുഖത്തിന്റെ എഴുത്തുകാരനായി ഉയര്‍ന്നുനില്‍ക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top