06 October Thursday

വിഷുക്കാലം കണിക്കൊന്നയുടെ പൂക്കാലം

ഡോ പ്രിയ ദേവദത്ത്Updated: Thursday Apr 14, 2016

പൂങ്കുലകള്‍ നിറയുന്ന പൂമരമായി മാറിയാണ് കണിക്കൊന്ന വേനലിനെ വരവേല്‍ക്കുക. മീനമാസത്തിലെ കടുത്ത വേനലിനെ അതിജീവിക്കാന്‍ കണിക്കൊന്നയിലുണ്ടാകുന്ന രാസമാറ്റങ്ങളാണ് ഇതിനുപിന്നില്‍. ഇലകളിലെ സുഷിരങ്ങള്‍ വഴിയുള്ള ജലനഷ്ടം കുറയ്ക്കാന്‍ ഇലകളെ പരമാവധി കൊഴിച്ചും പകരം പുക്കളെ അണിനിരത്തിയുമാണ് കാണിക്കൊന്ന വേനലിനെ സൌമ്യമായി നേരിടുക.

ഒരു തണല്‍മരമോ അലങ്കാരവൃക്ഷമോ എന്നതിലുപരി ഔഷധഗുണം ഏറെയുള്ള ഒരു ചെറുവൃക്ഷമാണ് കണിക്കൊന്ന. ത്വക്രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധങ്ങളുടെ ഗണത്തിലാണ് ആയുര്‍വേദം കണിക്കൊന്നയെപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെയും തായ്ലന്‍ഡിന്റെയും ഔദ്യോഗിക പുഷ്പവും കൊന്നപ്പൂവാണ്. തായ്ലന്‍ഡ് ഔദ്യോഗിക വൃക്ഷമായും കണിക്കൊന്നയെയാണ് തെരഞ്ഞെടുത്തത്. 'ഫേബേസി' കുടുംബത്തില്‍പ്പെട്ട കണിക്കൊന്നയുടെ ശാസ്ത്രനാമം കേസിയ ഫിസ്റ്റുല എന്നാണ്.

തുടര്‍ച്ചയായി വേനല്‍കിട്ടുന്ന സ്ഥലങ്ങളിലൊക്കെ കണിക്കൊന്ന തഴച്ചുവളരാറുണ്ട്. തണുപ്പിനെ കുറഞ്ഞതോതില്‍ പ്രതിരോധിക്കുമെങ്കിലും തുടര്‍ച്ചയായിനില്‍ക്കുന്ന മഴയും തണുപ്പും കണിക്കൊന്നയ്ക്ക് പഥ്യമല്ല. ഔഷധാവശ്യങ്ങള്‍ക്കും അലങ്കാരത്തിനുമായി കണിക്കൊന്ന വഴിയരികിലും വീട്ടുവളപ്പിലുമൊക്കെ നട്ടുവളര്‍ത്താറുണ്ട്.

വിവിധയിനം കൊന്നകള്‍
അമ്പലമണിയുടെ ആകൃതിയിലുള്ള വെളുത്ത ചെറിയ പൂക്കളുള്ള ഒരു നിത്യഹരിതവൃക്ഷമാണ് കാട്ടുകൊന്ന അഥവാ പന്നിവാക. അസമിലും കേരളത്തിലും കാടുകളിലാണ് കൂടുതലായി കാണുക. 'കടക്കൊന്ന' എന്ന പേരിലുള്ള മറ്റൊരലങ്കാരവൃക്ഷവും ദക്ഷിണേന്ത്യയിലെ ഇലപൊഴിയുംകാടുകളില്‍ കാണാറുണ്ട്. ഇവ കൂടാതെ പൊന്നാരവീരന്‍, ചുവന്ന കൊന്ന, പുഴുക്കടിക്കൊന്ന, ചിന്നാമുക്കിക്കൊന്ന തുടങ്ങി നിരവധി സസ്യങ്ങള്‍ കൊന്ന കുടുംബത്തിലുണ്ടെങ്കിലും ഘടനയിലും ഔഷധഗുണത്തിലും ഇവ ഓരോന്നും വ്യത്യസ്തമാണ്.

വിഷുവും കണിക്കൊന്നയും
'വിഷുവത്' എന്ന സംസ്കൃതപദത്തിന് രാവും പകലും തുല്യമായത് എന്നാണര്‍ഥം. വിഷു ഒരു കാര്‍ഷികോത്സവമാണ്. ഞാറ്റുവേല അഥവാ സൂര്യന്റെ നില അനുസരിച്ചാണ് ഉത്സവവും കൃഷിയും ഒക്കെ കൊണ്ടാടുന്നത്. കൃഷിക്ക് തുടക്കമിടുന്ന അശ്വതി ഞാറ്റുവേല വിഷുദിനത്തിലാണ്. ആദ്യത്തെ ഞാറ്റുവേലയും അശ്വതിഞാറ്റുവേലയാണ്. വിഷുവിന് കണി ഒരുക്കുന്നതിന് കൊന്നയുടെ പൂക്കള്‍ ഉപയോഗിക്കാറുണ്ട്. കൊന്നയ്ക്ക് 'കണിക്കൊന്ന' എന്ന് പേര് വന്നതും ഇങ്ങനെയാണ്.

വിഷു പല പേരുകളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇതേ ദിവസം ആഘോഷിക്കാറുണ്ട്. അസമില്‍ ബിഹു, തമിഴ്നാട്ടില്‍  പുത്തേന്ദു, പഞ്ചാബില്‍ ബൈസാഖി, ഒഡിഷയില്‍ വിഷുസംക്രാന്തി എന്നീ പേരുകളിലാണ് ആഘോഷിക്കുക.

കൊന്നപ്പൂവ് സവിശേഷതകളേറെ
വര്‍ഷത്തില്‍ രണ്ടുതവണയാണ് കണിക്കൊന്ന പൂവിടുക. മാര്‍ച്ച്–ഏപ്രില്‍ മാസമാണ് ഒന്നാമത്തെ പൂക്കാലം. രണ്ടാമതായി ഒക്ടോബറിലും പൂക്കാറുണ്ട്. ഇലകളെല്ലാം കൊഴിഞ്ഞുപോയ മരത്തില്‍ മഞ്ഞപ്പൂക്കള്‍മാത്രമായി നിറഞ്ഞുനില്‍ക്കുന്നത് കൂടുതലും ഏപ്രില്‍മാസത്തിലാണ്. നേരിയ മണമുള്ള പൂങ്കുലകള്‍ക്ക് 50 സെ. മീ. വരെ നീളമുണ്ടാകും.
കണിക്കൊന്നയുടെ പൂക്കള്‍ ഔഷധഗുണമുള്ളവയാണ്. പൂക്കള്‍ക്ക് മഞ്ഞനിറം നല്‍കുന്നത് സാന്തോഫില്ലുകള്‍ ആണ്. 'വയോളാക്സാന്തിന്‍' എന്ന വര്‍ണഘടകമാണ് പൂക്കളില്‍ കൂടുതലായുള്ളത്. നിറം കൊടുക്കുന്നതോടൊപ്പം ഇലകളിലൂടെയുള്ള ജലനഷ്ടത്തിന് കാരണമാകുന്ന സുഷിരങ്ങളെ തല്‍ക്കാലമായി അടച്ചുവയ്ക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകളുടെ നിര്‍മാണത്തിനും വയോളാക്സാന്തിന്‍ മുഖ്യപങ്ക് വഹിക്കാറുണ്ട്. ഫോട്ടോ ഓക്സിഡേഷന്‍മൂലമുണ്ടാകുന്ന അപകടങ്ങളില്‍നിന്ന് സസ്യത്തെ സംരക്ഷിക്കാനും വയോളാക്സാന്തിന് കഴിയാറുണ്ട്.
പൂങ്കുലയില്‍ ഏറ്റവും താഴെയുള്ള പുഷ്പമാണ് ആദ്യം വിരിയുക. ഓരോ പൂവിനും പച്ചകലര്‍ന്ന മഞ്ഞനിറമുള്ള അഞ്ചു ബാഹ്യദളങ്ങളും മഞ്ഞനിറമുള്ള അഞ്ചു ദളങ്ങളും ഉണ്ട്. കേസരങ്ങളുടെ നിറം മഞ്ഞയാണ്.

കണിക്കൊന്ന വിവിധഭാഷകളില്‍:
മലയാളം – കര്‍ണികാരം, ഓഫീര്‍പ്പൊന്ന്, വിഷുക്കൊന്ന
ഹിന്ദി– അമല്‍താസ്
ബംഗാളി – സോന്‍ഡല്‍
തമിഴ്– കൊന്നൈയ്
തെലുങ്ക് – ആരഗ്യധമു, കൊന്‍ഡ്രക്കായ്
കന്നഡ – അരഗിന
ആസാമീസ് – സൊനാരു
മറാത്തി – ഗിരിമാല
ഇംഗ്ളീഷ് – ഇന്ത്യന്‍ ലാബര്‍ണം, ഗോള്‍ഡന്‍ ഷവര്‍ (Indian Laburnam, golden shower),
വിരേചനഗുണമുള്ളതിനാല്‍ പര്‍ജിങ് കാസിയ (Purging Casia) എന്നും പറയാറുണ്ട്.

സംസ്കൃതത്തില്‍:
ആരഗ്വധ  രോഗങ്ങളെ നശിപ്പിക്കുക.
രാജവൃക്ഷ – വലുത്, കാണാനഴകുള്ളത്
ചതുരംഗുല – നാലംഗുലം നീളമുള്ള കായ
സുവര്‍ണക – നല്ല നിറം
ദീര്‍ഘഫല – നീളമുള്ള ഫലങ്ങള്‍

കണിക്കൊന്നയും ശലഭങ്ങളും
മഞ്ഞപ്പാപ്പാത്തി, തകരമുത്തി, മഞ്ഞത്തകരമുത്തി എന്നീ ശലഭങ്ങള്‍ മുട്ടയിടുന്നതിനും ലാര്‍വകള്‍ക്ക് ഭക്ഷണത്തിനുമായി കണിക്കൊന്നയെയാണ് ആശ്രയിക്കുന്നത്.

മഞ്ഞപ്പാപ്പാത്തി:
കൊന്നപ്പൂവിന് ചിറകുവച്ചതുപോലെയുള്ള ഒരു പൂമ്പാറ്റയാണ് മഞ്ഞപ്പാപ്പാത്തി കാലത്തും വൈകിട്ടും സജീവമാകുന്ന ഇവയുടെ ഇഷ്ടസസ്യം കണിക്കൊന്നയാണ്. കണിക്കൊന്നയുടെ തളിരിലകളിലാണ് ഇവ മുട്ടിയിടുക. വാക, തകര ഇവയിലും മുട്ടയിടാറുണ്ട്. ഇടുമ്പോള്‍ മുട്ട വെളുത്തിട്ടാണെങ്കിലും താമസിയാതെ മഞ്ഞനിറം വരും. കൂട്ടമായിട്ടാണ് ശലഭപ്പുഴുവിനെ കാണുക.

തകരമുത്തി:
ദേശാടനത്തിന് പേരുകേട്ട ഒരു പൂമ്പാറ്റയാണ് തകരമുത്തി. കണിക്കൊന്നയും തകരയുമാണ് തകരമുത്തിയുടെ പ്രിയസസ്യങ്ങള്‍. പലപ്പോഴും ഒരു പ്രദേശത്തെതന്നെ കണിക്കൊന്നയില്‍ 10–15 പൂമ്പാറ്റകള്‍ ഒരേസമയം മുട്ടയിടാറുണ്ട്. വിശ്രമിക്കാന്‍ താല്‍പ്പര്യമില്ലാത്ത സദാ ഉന്‍മേഷവാനായ പൂമ്പാറ്റയാണിത്. കണിക്കൊന്നയുടെ തണ്ടിലും ഇലയിലും ഇത് മുട്ടയിടാറുണ്ട്.

മഞ്ഞത്തകരമുത്തി:
ഒരു ദേശാടന ശലഭമാണ് മഞ്ഞത്തകരമുത്തി. കാട്ടുതീ അണയുന്നിടത്തേക്ക് മഞ്ഞുത്തകരമുത്തി പാഞ്ഞെത്താറുണ്ട്. ഇഷ്ടസസ്യം കണിക്കൊന്നയാണ്. പല വലുപ്പത്തിലും മഞ്ഞത്തകരമുത്തിയെ കാണാറുണ്ട്. കാട്ടിലെ ശലഭത്തിന് വലുപ്പം കൂടുതലാണ്. കണിക്കൊന്നയുടെ ഇലയ്ക്കടിയിലാണ് മഞ്ഞത്തകരമുത്തി മുട്ടയിടുക. പുഴുവിന്റെ ദേഹത്ത് ചെറുകുഴലുകള്‍ കാണാം. ശലഭപ്പുഴുവിനെ ശല്യംചെയ്താല്‍ പുഴുവിന്റെ വായില്‍നിന്ന് ദുര്‍ഗന്ധമുള്ള ദ്രാവകം പുറത്തുവരാറുണ്ട്.ഔഷധഗുണങ്ങള്‍
കണിക്കൊന്നയുടെ ഇല, പൂവ്, വേര്, കായ്, ഫലമജ്ജ, വേരിന്‍മേല്‍ത്തൊലി, മരപ്പട്ട, കാതല്‍ ഇവ വിവിധരോഗങ്ങളുടെ ശമനത്തിന് ആയുര്‍വേദം പ്രയോജനപ്പെടുത്താറുണ്ട്. കണിക്കൊന്നയുടെ വേരിലും തൊലിയിലും ബാഷ്പശീലതൈലവും ടാനിനും അടങ്ങിയിട്ടുണ്ട്. ആന്ത്രാക്വിനൈന്‍, ഫ്ളേവനോയ്ഡുകള്‍, ഗ്ളൈക്കോസൈഡുകള്‍, ഫിനോലിക് കോമ്പൌണ്ടുകള്‍ തുടങ്ങിയവയാണ് മറ്റു പ്രധാന ഘടകങ്ങള്‍.

ഇല: 40 സെ. മീ. വരെ നീളമുള്ള തണ്ടുകളില്‍ ഇരുവശത്തുമായി എട്ടുജോഡി ഇലകള്‍ വരെയുണ്ടാകും. വിരേചനസ്വഭാവമുള്ള ഇലകള്‍ ത്വക്രോഗം, നീര്, മഞ്ഞപ്പിത്തം, അര്‍ശസ് ഇവയുടെ ശമനത്തിന് ഉപയോഗപ്പെടുത്താറുണ്ട്.

പ്രാണികള്‍ കടിച്ചുണ്ടാകുന്ന വേദനയ്ക്കും നീരിനും ഇലകളരച്ച് പുരട്ടാം.
കണ്ണിലെ എരിച്ചിലും ചുവപ്പും മാറാന്‍ കൊന്നയില ഉപയോഗിക്കാറുണ്ട്.
കൊന്നയില കാടിയിലരച്ചുപുരട്ടുന്നത് ത്വക്രോഗം ശമിപ്പിക്കും.
വാതസംബന്ധമായ വേദനകള്‍ക്കും ഇല അരച്ച് പുറമെപുരട്ടാം.

സ്റ്റാഫൈലോകോകസ് ഓറിയസ്, സ്യൂഡോമോണസ് ഓറുജിനോസ (ടമുേവ്യഹീരീരരൌ മൌൃലൌ, ുലൌെറീാീിമ മലൃൌഴശിീമെ) തുടങ്ങിയ ബാക്ടീരികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും ഇലകള്‍ക്ക് കഴിവുണ്ട്. വേഗത്തില്‍ മുറിവുണക്കാനും കോശങ്ങളുടെ പുനരുജ്ജീവനത്തിനും കൊന്നയില ഉപയോഗിക്കാറുണ്ട്.

കൊന്നത്തൊലി:
വിരേചനസ്വഭാവമുള്ള തൊലി ത്വക്രോഗങ്ങള്‍, വയറുവേദന, അര്‍ശസ് ഇവയുടെ ശമനത്തിനായാണ് പ്രധാനമായും ഉപയോഗിക്കുക. ടാനിന്‍ അടങ്ങിയ തൊലി തുകല്‍ സംസ്കരിക്കാന്‍ ഉപയോഗിക്കാറുണ്ട്.
കൊന്നക്കാതല്‍:
പ്രായമാകാത്ത കൊന്നയുടെ കാതല്‍ മൃദുവായിരിക്കും. മൂപ്പെത്തുന്നതോടെ കാതല്‍ കട്ടിയുള്ളതും കടുത്ത ബ്രൌണ്‍ നിറത്തിലുള്ളതുമാകും. കൃഷിക്കുവേണ്ട ഉപകരണങ്ങളുടെ നിര്‍മിതിക്കാണ് കാതല്‍ കൂടുതലും ഉപയോഗിക്കുക. ഇലയും കാതലുംകൂടി ചേര്‍ത്തരച്ച് പഴകിയ ത്വക്രോഗങ്ങളുടെ ശമനത്തിന് ഉപയോഗിക്കാം.
കൊന്നപ്പൂക്കള്‍:
കൊന്നപ്പൂക്കള്‍ ചേര്‍ത്ത് എണ്ണകാച്ചി പുരട്ടുന്നത് ചൊറി, ചിരങ്ങ് ഇവ ശമിപ്പിക്കും. ചില ഊരുകളില്‍ കൊന്നപ്പൂക്കള്‍ ആഹാരമായി ഉപയോഗിക്കാറുണ്ട്.
കൊന്നവേര്:
കൊന്നവേര് പ്രധാനമായും വിരേചനഔഷധമായാണ് ഉപയോഗിക്കുക.
കായ:
മുരിങ്ങക്കപോലെ ഉരുണ്ട് നീണ്ടതാണ് കൊന്നക്കായ. കട്ടിയുള്ള തോടിനുള്ളില്‍ 50ലേറെ വിത്തുകളുണ്ടാകും. വിത്തുകള്‍വഴിയാണ് പ്രവര്‍ധനം. ഇളംപ്രായത്തില്‍ കായകള്‍ക്ക് പച്ചനിറവും മൂക്കുമ്പോള്‍ കറുപ്പുമാണ് നിറം. കൊന്നക്കായയുടെ തോലും കുങ്കുമപ്പൂവും ചേര്‍ത്ത് പ്രസവസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രയോജനപ്പെടുത്തുന്നു.
ഫലമജ്ജ:
കൊന്നക്കായയുടെ മജ്ജ കുരങ്ങന്‍മാര്‍ക്ക് വളരെ പ്രിയമാണ്. എന്നാല്‍, വിത്ത് അവ തിന്നാറില്ല. കുരങ്ങുകള്‍ക്ക് പ്രിയമാതിനാല്‍ ബന്തര്‍ലത്തി (കുരങ്ങുവടി) എന്നൊരു പേര് കൊന്നക്കായ്ക്കുണ്ട്. ഫലമജ്ജ കുരുകളഞ്ഞ് പാലില്‍ക്കാച്ചി പഞ്ചസാരചേര്‍ത്ത് കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാറുണ്ട്. കുട്ടികള്‍ക്കും ഉപയോഗിക്കാം.

(മാന്നാറിലെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറാണ് ലേഖിക)
drpriyamannar@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top