കോട്ടയം
അതിസാഹസിക യാത്രയാണ് അബുദബിയിൽനിന്ന് വാകത്താനത്തെ മൂലയിൽ വീട്ടിലേക്ക് സൂസൻ ബേബി നടത്തിയത്. 37 ആഴ്‌ച പ്രായമുള്ള ഗർഭസ്ഥശിശുവുമായി ഒരമ്മ നടത്തിയ അതിജീവന യാത്ര. വ്യാഴാഴ്‌ച രാത്രി പ്രവാസികളുമായി നെടുമ്പാശേരിയിൽ എത്തിയ എയർഇന്ത്യ എക്‌സ്‌പ്രസിലെ ഏറ്റവും ധൈര്യവതിയായ അമ്മയാണവർ. മേയ് 28 നാണ് 41 കാരിയായ സൂസന് ഡോക്ടർ നൽകിയ പ്രസവത്തീയതി.
അബുദാബിയിൽ നേഴ്‌സായ സൂസൻ ഏപ്രിൽ 16ന് ടിക്കറ്റ് ബുക്ക് ചെയ്‌ത് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുകയായിരുന്നു. ആശുപത്രി ലീവും അനുവദിച്ചു. ലോക്‌ഡൗൺ എല്ലാം തകിടംമറിച്ചു. ഉറ്റവരോ ഉടയവരോ ഇല്ലാതെ അബുദബിയിലെ വീട്ടിൽ ഒറ്റപ്പെട്ടു. ഭർത്താവും രണ്ട്‌പെൺമക്കളും കോട്ടയത്തെ വീട്ടിൽ. ബന്ധുക്കളും വീട്ടുകാരും ഒരുപോലെ ആശങ്കപ്പെട്ട ദിനരാത്രങ്ങൾ. നാട്ടിലേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്‌റ്റർചെയ്‌തപ്പോൾ കിട്ടിയത് 31100–-ാം സ്ഥാനം. അതോടെ പ്രതീക്ഷയറ്റു. മനക്കരുത്ത് കൈവിടാതെ കാത്തിരുന്നു. ചെക്കപ്പുകൾ എല്ലാം നടത്തി. പ്രതീക്ഷകൾക്കൊടുവിൽ വിളിയെത്തി ആദ്യവിമാനത്തിൽ നാട്ടിലേക്ക് മടക്കം.
‘‘എനിക്കറിയില്ല എന്തുപറയണമെന്ന്. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം. ’’ സൂസൻ പറയുന്നു. ‘എത്തിയയുടൻ ആരോഗ്യവകുപ്പും പൊലീസ് ഉദ്യോഗസ്ഥരും എന്റെ സുഖവിവരം അന്വേഷിച്ചു. എന്ത് കരുതലാണ് നമ്മുടെ നാടിന്. അഭിമാനം തോന്നിയ യാത്രാനുഭവം. ആശാവർക്കർ ഫോണിൽ ബന്ധപ്പെട്ടു. എന്ത് ആവശ്യത്തിനും കോട്ടയം മെഡിക്കൽ കോളേജിനെ ബന്ധപ്പെടാൻ ആരോഗ്യവകുപ്പ് നിർദേശമുണ്ട്. ഇപ്പോൾ കുഴപ്പമൊന്നുമില്ല. ക്വാറന്റയിനല്ലേ, വിശേഷമെന്തങ്കിലും ഉണ്ടെങ്കിലേ ആശുപത്രിയിൽ പോകുന്നുള്ളൂ–- സൂസൻ പറഞ്ഞു. അബുദബിയിൽ ജോലിചെയ്‌തിരുന്ന ഭർത്താവ് സിജു മാത്യു ഇപ്പോൾ നാട്ടിൽ ഇലക്‌ട്രിക്കൽ ജോലികൾ ഏറ്റെടുത്തു നടത്തുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..