30 September Wednesday

മരത്തൻ പറയുന്നു, മനുഷ്യനാകുക

പി വി ജീജോ jeejodeshabhimani@gmail.comUpdated: Sunday Nov 24, 2019

127 വർഷം മുമ്പ്‌ പോത്തേരി കുഞ്ഞമ്പു എഴുതിയ സരസ്വതീ വിജയം എന്ന നോവലിന്‌ കെപിഎസി ഒരുക്കിയ നാടകഭാഷ്യം–- മരത്തൻ 1892 കോഴിക്കോട്ട്‌  അരങ്ങേറി

 

മരത്തൻ–-1892  നാടകത്തിൽനിന്ന്‌

മരത്തൻ–-1892 നാടകത്തിൽനിന്ന്‌

1892ൽ രചിക്കപ്പെട്ട ഒരു  കൃതി അവലംബമാക്കി 127 വർഷത്തിനുശേഷം ഒരു നാടകമൊരുക്കുക. ഏറെക്കുറെ വിസ്‌മരിക്കപ്പെട്ട ആ  കൃതിയോ അതിന്റെ രചയിതാവോ കേരളത്തിന്റെ  സാംസ്‌കാരിക സാമൂഹ്യമണ്ഡലത്തിൽ ഒരു ഘട്ടത്തിൽ പോലും കൊണ്ടാടപ്പെട്ടിട്ടില്ല. അക്ഷരപ്രേമികളിൽ ഭൂരിഭാഗത്തിനും ഓർമ പോലുമുണ്ടാവില്ല ആ നോവലിന്റെയോ നോവലിസ്റ്റിന്റെയോ പേര്;  മലയാളത്തിലെ ആദ്യകാല നോവലുകളിൽ മികച്ച ഒന്നായിട്ടുപോലും. 
 
അത്രയും പഴയൊരു നോവൽ ഇക്കാലത്ത്‌ നാടകമാക്കുകയെന്ന സർഗാത്മക സാഹസികതയ്‌ക്ക്‌ തയ്യാറായത്‌ മറ്റാരുമല്ല. മലയാളികളുടെ ഭാവുകത്വത്തെ വിപ്ലവാത്മകമായി സ്വാധീനിച്ച, ഓരോ നാടകവും ഓരോ രാഷ്‌ട്രീയ ഇടപെടലാണെന്ന്‌ വിളിച്ചു പറഞ്ഞ കെപിഎസി തന്നെ. 
 
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പോത്തേരി കുഞ്ഞമ്പു രചിച്ച സരസ്വതീവിജയം  എന്ന നോവലിന്‌ കെപിഎസി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ‘മരത്തൻ–-1892’ എന്നപേരിൽ  നാടകഭാഷ്യം ചമച്ചത്‌ ആ നോവലിന്റ ആശയം പ്രസക്തമാണെന്നതുകൊണ്ടു തന്നെ. കെപിഎസിയുടെ അറുപത്തഞ്ചാമത്തെ ഈ നാടകം ആദ്യമായി കോഴിക്കോട്ട്‌  അരങ്ങേറി.  
നമുക്ക്‌ മനുഷ്യരാകാം, മനുഷ്യർ പാർക്കുന്ന നാടായി ഈ ദേശത്തെ മാറ്റാമെന്ന്‌  മരത്തനിലൂടെ  കെപിഎസി ആഹ്വാനംചെയ്യുന്നു.  അധഃസ്ഥിതർക്കായി വലിയ സാമൂഹ്യ ഇടപെടൽ നടത്തിയ പരിഷ്‌കർത്താവായിരുന്നു കണ്ണൂർക്കാരനായ പോത്തേരി കുഞ്ഞമ്പു വക്കീൽ. കാലങ്ങൾ പിന്നിട്ടിട്ടും വെളിച്ചവും സാമൂഹ്യജീവിതമൂല്യങ്ങളും പ്രസരിപ്പിക്കുന്ന കുഞ്ഞമ്പുവിന്റെ രചന. 
 
ദളിത്‌ യുവാവ്‌ നമ്പൂതിരിയായ ജന്മിയുടെ ക്രൂരതയാൽ നാടുവിടുന്നു. ആധുനിക വിദ്യാഭ്യാസം നേടി നാട്ടിൽ ന്യായാധിപനായി തിരിച്ചെത്തുന്നു. ദളിത്‌ യുവാവ്‌ കൊല്ലപ്പെട്ട കേസിന്റെ വിചാരണക്കിടെ, അയാൾ മരിച്ചിട്ടില്ല, ആ യുവാവാണ്‌ ജഡ്‌ജിയായ താനെന്നും വെളിപ്പെടുത്തുന്നു. പിന്നോക്ക ജാതിയിൽപ്പെട്ടവർ മനുഷ്യനായി അംഗീകരിക്കപ്പെടാൻ വഴിവച്ചത്‌ ആധുനിക വിദ്യാഭ്യാസമാണെന്ന്‌ സരസ്വതി വിജയത്തിലൂടെ പോത്തേരി കുഞ്ഞമ്പു പഠിപ്പിക്കുന്നു.  
 
127 വർഷം  മുമ്പ്‌  പിറന്ന ഈ രചനയെ ചെറിയ കൂട്ടിച്ചേർക്കലോടെ പുതിയകാലത്ത്‌ അവതരിപ്പിക്കുകയാണ്‌ മരത്തൻ 1892–-ൽ സംവിധായകൻ മനോജ്‌ നാരായണനും രചയിതാവ്‌ സുരേഷ്‌ബാബു ശ്രീസ്‌ഥയും. സുഭദ്രഅന്തർജനം, മരത്തൻ, കുബേരൻ നമ്പൂതിരി, ഭവശർമൻ, യജ്ഞൻ എന്നിവരിലൂടെയാണ്‌ നാടകവികാസം. സുഭദ്രയെ സ്‌മാർത്തവിചാരം നടത്തി  ഭ്രഷ്‌ട്‌ കൽപിച്ച്‌  പുറത്താക്കുകയാണ്‌. ആണധികാരത്തിന്റെ പ്രയോഗങ്ങളും പെൺവേട്ടയും ഏതുകാലത്തും സാധാരണമായിരുന്നുവെന്ന ഭയപ്പെടുത്തുന്ന സത്യം ഈ നാടകം വിളിച്ചു പറയുന്നു.   നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നിർവഹിച്ച രാഷ്‌ട്രീയ–-സാംസ്‌കാരികദൗത്യത്തിന്റെ ഉജ്വലമായ പിൻതുടർച്ചയാണിത്‌. 
 
 കെപിഎസിയുടെ ഏഴാമത്‌ നാടകത്തിനാണ്‌ മനോജ്‌ നാരായണൻ സാക്ഷാൽക്കാരം നിർവഹിച്ചിരിക്കുന്നത്‌.   നാടൻപാട്ടിനും ചങ്ങമ്പുഴയുടെ കവിതയ്‌ക്കും  സംഗീതം പകർന്നത്‌ എം കെ അർജുനൻ മാഷാണ്‌. 
 
‘‘എന്തര്‌ ഭേദമീ നമ്മള്‌കണ്ടാല്‌
മേനികറുപ്പും വെളുപ്പുമോ ചൊവ്വരേ
നാങ്കള്‌ നട്ടൊരു വാഴപ്പഴമല്ലേ 
നിങ്ങടെ തേവർക്ക്‌ പൂജ
ഞാങ്കള്‌ നട്ടൊരു പിച്ചകപ്പൂവല്ലേ 
നിങ്ങടെ തേവർക്ക്‌ മാല’’
  എന്ന  പാട്ട്‌ നാടകത്തിന്‌  തീവ്രത  പകരുന്നു. കല്ലറഗോപനും അപർണാ രാജീവുമാണ്‌  ഗായകർ. കെ കലേഷ്‌, ദേവൻ കൃഷ്‌ണ, കെ കെ വിനോദ്‌, ജയരാജ്‌ ഞാറ്റുവയൽ, റിജേഷ്‌ തളിയിൽ, ശെൽവി, അജീഷ്‌, അനിതാശെൽവി, ജയ പി താനം, അജിത കൃഷ്‌ണൻ എന്നിവരാണ്‌ അഭിനേതാക്കൾ. ആർടിസ്റ്റ്‌ സുജാതനാണ്‌ രംഗപടം. ബിജുലാൽ ദീപനിയന്ത്രണവും രമേശ്‌ കണ്ടല്ലൂർ വേഷവിധാനവും നിർവഹിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top