ചോഴികളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2018, 11:47 AM | 0 min read

 മധ്യകേരളത്തിൽ  നാടോടിനൃത്തരൂപമായ ചോഴികളി രണ്ട‌് വ്യത്യസ്‌തരീതിയിൽ പ്രചാരത്തിലുണ്ടായിരുന്നെങ്കിലും വളരെ കുറച്ചിടങ്ങളിലാണ്  ഇപ്പോൾ കാണപ്പെടുന്നത്.  ധനുമാസത്തിലെ തിരുവാതിരയോടനുബന്ധിച്ച് വീടുവീടാന്തരം കയറിയിറങ്ങി കളിച്ചുവന്നിരുന്ന നാടോടി നൃത്തരൂപമാണ് തിരുവാതിരച്ചോഴി. തലപ്പള്ളി താലൂക്കിലെയും ഒറ്റപ്പാലം താലൂക്കിലെയും  കരകളിൽ തിരുവാതിച്ചോഴികൾ കളിക്കാറുണ്ട്.

പരമശിവൻ പാർവതിയെ സന്തുഷ്ടയാക്കാൻ അനുഗ്രഹിച്ചുനൽകിയ ചോഴികളി ശിവന്റെ  ഭൂതഗണങ്ങളുടെ നൃത്തമാണെന്നു വിശ്വസിച്ചുവരുന്നു. ചോഴികൾ എന്നാൽ ഭൂതഗണങ്ങൾ എന്നർഥം. പാലക്കാട്, തൃശൂർ ജില്ലകളിലെ ഹിന്ദുസമുദായമാണ് ചോഴികളിയെ അനുഷ്‌ഠാനതലത്തിൽ സ്വീകരിച്ചിട്ടുള്ളത്. മകയിരം, തിരുവാതിര നാളുകളിൽ പാതിരാകഴിഞ്ഞ് പുലർച്ചയോടെ  ചോഴികൾ വീടുകളിൽ കയറിയിറങ്ങും. കാമദഹനത്തിനുശേഷം ലോകമെമ്പാടുമുള്ള സ്‌ത്രീകൾ കാമദേവന്റെ പുനഃസൃഷ്ടിക്കുള്ള പ്രാർഥനയുമായി കൈലാസത്തിലെത്തി. ശിവന്റെ തിരുനാളായ തിരുവാതിരദിവസം ഉറക്കമൊഴിഞ്ഞ് ആർദ്രാവ്രതം അനുഷ്‌ഠിച്ചാൽ പരിഹാരമുണ്ടാകുമെന്ന് ഭഗവാൻ അനുഗ്രഹിച്ചു. അപ്രകാരം  നോമ്പുനോറ്റിരിക്കുന്നവർ രാത്രിയിൽ  ഉറങ്ങുന്നുണ്ടോ എന്നറിയാൻ ശിവന്റെ ഭൂതഗണങ്ങൾ വീടുകൾ കയറിയിറങ്ങുന്നതാണ് ചോഴികളിയെന്നൊരു വിശ്വാസവും ഈ ദേശങ്ങളിലുണ്ട്.  ‘ധനുമാസത്തിൽ തിരുവാതിര ഭഗവാൻ തന്റെ തിരുനാളല്ലോ’ എന്ന ചോഴിപ്പാട്ടിലും പുരാവൃത്തം ഇതുതന്നെ.

 
ഉണങ്ങിയ വാഴയിലയും ചപ്പിലയും ദേഹത്തുകെട്ടിവച്ചാണ് ചോഴികൾ എത്തുന്നത്. പത്തിലധികം  വാഴയില  കൈയോടുകൂടി മുറിച്ചെടുത്ത് കൂട്ടിക്കെട്ടി തൊപ്പിപോലെ  തലയിലേക്ക‌് വച്ചശേഷം ഉടലിനോടു ചേർത്തുകെട്ടി ഉറപ്പിക്കുന്നു. മുഖഭാഗം മാത്രം ഇരുവശങ്ങളിലേക്കും അൽപ്പം വകഞ്ഞു പാളമുഖം വയ്‌ക്കുന്നു. കൈകാലുകളിലും വാഴത്തൂപ്പ് കെട്ടുന്നതോടെ  വേഷം പൂർണമായി. ചോഴികളെ കൂടാതെയുള്ള ചില കഥാപാത്രങ്ങളാണ്  കാലനും ചിത്രഗുപ്തനും മുത്തിയും. ഇവർക്ക് പാളയിൽ കരികൊണ്ട് എഴുതിയ മുഖമറകളുണ്ട്. വീട്ടുമുറ്റത്ത് വട്ടത്തിൽനിന്ന് പാട്ടുപാടിയാണ് കളി. ചെണ്ടയും ഇലത്താളവും പശ്ചാത്തലവാദ്യങ്ങൾ.  കാലനും ചിത്രഗുപ്തനും മുത്തിയെ പരലോകത്തേക്ക് കൊണ്ടുപോകാനാണ്‌ ശ്രമം. കാലപാശത്തിൽനിന്നു രക്ഷപ്പെടുന്നത് നാടകീയമായും കലാപരമായും അവതരിപ്പിക്കും. കളിക്കൊത്ത്   മുത്തിയമ്മ പാടും. 
 
 
‘ ആത്തോലെ ഈത്തോലെ കുഞ്ഞാത്തോലെ/കുഞ്ഞനുറുമ്പിന്റെ കാതുകുത്ത് /തെങ്ങുമുറിച്ചു കരടം വിട്ടു/ ഉപ്പും ചിരട്ടയ്‌ക്കും കണ്ണു വന്നു’.
പാട്ടിനുശേഷമാണ് കാലനോടുള്ള സംഭാഷണങ്ങൾ കടന്നുവരുന്നത്.  അലറിവിളിച്ച് കാലപാശവുമായി വരുന്ന കാലനെ കൈയിലുള്ള ഉലക്ക നിലത്തുകുത്തി  മുത്തിയമ്മ വിരട്ടും. സരസമായ സംഭാഷണങ്ങൾ രംഗം കൊഴുപ്പിക്കും. ചോഴികളിപ്പാട്ടുകൾ പലതും രാമായണ, മഹാഭാരതകഥകളുമായി ബന്ധപ്പെട്ടുള്ളതാണ്. ഒരു പാട്ടിലെ രാമായണ കഥ ഇങ്ങനെ തുടങ്ങുന്നു.
 
‘രാമദേവൻ ഭ്രാതാവോടും സീതയോടും കൂടി /കോമളമാം ചിത്രകൂടം വാഴുന്നൊരു കാലം/കാത്തിരിക്കും കാലത്തിങ്കൽ ഇന്ദ്രസൂനു താനും/കാകനുടെ വേഷം പൂണ്ടു കായ്കനികൾ തിന്നാൻ/കല്ലുമൊന്നെടുത്തു സീത മെല്ലെയൊന്നെറിഞ്ഞു’. 
 
ഭീമൻ കല്യാണസൗഗന്ധികം  തേടിപ്പോകുന്ന മഹാഭാരതകഥ ഇപ്രകാരം. 
 
‘കാറ്റിനാലെ വന്നങ്ങൊരു സൗഗന്ധികം കേട്ട്/ഇത്രനല്ല പുഷ്‌പമൊന്നും അത്ര കാണ്മാനില്ല/ എന്നുകേട്ടു ഭീമൻ താനുമെത്രയും മോദേനാൽ/തന്നുടെ ഗദയെടുത്തു സത്വരം നടന്നു/സോദരന്റെ യാത്ര കണ്ടു സാദരം ഹനുമാൻ/ മാർഗമധ്യേ പോയ്കിടന്നു പാരവശ്യത്തോടെ’     
ഇത്തരം പാട്ടുകളുടെ കൂടെ നാടോടിപ്പാട്ടുകളും കേൾക്കാം.‘ മഞ്ഞക്കാട്ടിൽ പോയാലോ/ മഞ്ഞക്കിളിയെ പിടിക്കാലോ/മഞ്ഞക്കിളിയെ പിടിച്ചാലത്തെ കാരിയമന്തെടാ ചെങ്ങായി/ മഞ്ഞക്കിളിയെ പിടിച്ചാലോ/പിന്നെ തൊപ്പേം തൂവലും പറിക്കാലോ/തൊപ്പേം തൂവലും പറിച്ചാപ്പിന്നെ കാരിയമന്തെടാ ചെങ്ങായി/ചോഴീ...ചോഴീ...ചോഴീ...’
കുട്ടികളും ചെറുപ്പക്കാരുമാണ് ചോഴികളിയിൽ വേഷമിടാറുള്ളത്. പാട്ടും കളിയും കഴിയുമ്പോൾ വീട്ടുകാർ അരിയും പഴവും ഇളനീരും വസ്‌ത്രവും ദക്ഷിണയും നൽകി സംഘത്തെ യാത്രയാക്കും. 
 
കുടച്ചോഴിയും വള്ളുവനാടിന്റെ തന്നെ കലാരൂപമാണ്. തൃത്താല, തിരുമിറ്റക്കോട്, നാഗലശ്ശേരി തുടങ്ങിയ ദേശങ്ങളിൽ വിശറിക്കളി എന്നും അറിയപ്പെടുന്ന നാടോടിക്കലാരൂപമായ കുടച്ചോഴി കളിച്ചുവരുന്നു. പുലയസമുദായത്തിലെ ചില കുടുംബങ്ങളാണ് പാരമ്പര്യമായി  ചോഴികളി തുടർന്നുവരുന്നത്. പാട്ടും ചുവടും തലമുറകളിൽനിന്ന് ഇവർക്ക് കൈമാറിക്കിട്ടുന്നു. വാളും പരിചയും കണക്കെ ഒരു കൈയിൽ പനയോലക്കുടയും മറുകൈയിൽ മുളപ്പൊളികൊണ്ടു തീർത്ത വിശറിയും പിടിച്ചുകൊണ്ടാണ് കളി. മീനം, മേടം, ഇടവം മാസങ്ങളിൽ മകരക്കൊയ്‌ത്ത്‌ കഴിഞ്ഞ പാടങ്ങളിലൂടെയാണ് ചോഴികൾ വന്നിരുന്നത്. മുഖത്തും മാറിലും പുറത്തും കൈകളിലും കോലമെഴുതുന്നതുപോലെ ചന്ദനം പൂശും. പാദത്തിനുമേൽ മുണ്ടു കയറ്റിയുടുത്ത് അരയിൽ മേൽമുണ്ട് ചുറ്റിക്കെട്ടി മുറുക്കി കണ്ണുമെഴുതിയാണ് കളിക്കാനിറങ്ങുന്നത്. പുരുഷന്മാരുടെ ഈ കലാരൂപത്തിൽ എട്ടുമുതൽ പന്ത്രണ്ടുവരെ അംഗങ്ങൾ ഓരോ സംഘത്തിലുമുണ്ടാകും. ചോഴികളിറങ്ങുന്ന ദേശത്തെ ഏതെങ്കിലും ദേവസ്ഥാനത്തുനിന്നാണ് കളിസംഘം പുറപ്പെടുന്നത്. പാട്ടിലും അതു കേൾക്കാനാകും.
 
‘മുല്ലയ്‌ക്കലമ്മേടെ കിഴക്കേ നടയീന്ന് കെട്ടിപ്പുറപ്പെട്ട ചോഴികള്’  എന്നു തുടങ്ങുന്ന പാട്ട് തൃത്താലയിലെ വെള്ളടിക്കുന്ന് ഭാഗത്തു കേൾക്കുന്നതാണ്. തുടിതാളത്തിനൊത്ത് പ്രധാന പാട്ടുകാരൻ പാടുന്നതനുസരിച്ച് കളിക്കാർ വട്ടത്തിൽനിന്ന്‌  കുട വട്ടത്തിൽ കറക്കിക്കൊണ്ടും വിശറി വീശിക്കൊണ്ടും കളിതുടങ്ങും. പതിഞ്ഞമട്ടിൽ ആരംഭിച്ച് ദ്രുതകാലത്തിലേക്ക് ചടുലമായ ചുവടുകളോടെ കളി പുരോഗമിക്കും. ഉയർന്നുചാടിയും താളാത്മകമായി ചുവടുകൾ വച്ചുമാണ് കളി പൂർണമാകുന്നത്. ചോദ്യോത്തര രീതിയാണ് പാട്ടുകളിൽ കേൾക്കുന്നത്. 
‘എവിടുന്നു വന്നൊരു ചോഴികളാണെടോ/ചോദിക്കുന്നുണ്ടൊരു തമ്പുരാനും /വള്ളുവനാട്ടീന്ന് വരുന്നവരാണേ പണ്ടാരച്ചോഴി പടച്ചോഴി/ആരുടെലെവരുടെ ചോഴികളാണെടോ/പണ്ടാരച്ചോഴി പടച്ചോഴ്യോളേ/മുല്ലയ്‌ക്കലമ്മേടെ ചോഴികളാണെടോ/പണ്ടാരച്ചോഴി പടച്ചോഴ്യോള്’ ദേവിയുടെ ഭൂതഗണങ്ങളായ തങ്ങൾക്ക് ഉഷ്‌ണരോഗങ്ങളെയും ഈതിബാധകളെയും ഉച്ചാടനം ചെയ്യാൻ കഴിയുമെന്നുള്ളതുകൊണ്ടാണ് പണ്ടാരച്ചോഴിയായും പടച്ചോഴിയായും പാട്ടിൽ സ്വയം പരിചയപ്പെടുത്തുന്നത്. പാട്ടും താളവും മുറുകുമ്പോൾ ചുവടുകളും മാറ്റിച്ചവിട്ടുന്നു. കുടകുത്തിക്കളി എന്നാണ് ചുവടുമാറ്റം അറിയപ്പെടുന്നത്. 
 
അധികാരത്തിന്റെ ചിഹ്നങ്ങളാണ് കുടയും വിശറിയും. ഫ്യൂഡൽ കാലഘട്ടത്തിൽ തങ്ങൾ അനുഭവിച്ച അസമത്വങ്ങളുടെ ലോകം  പരിഹാസ രൂപേണ പുനഃസൃഷ്ടിക്കുന്ന കീഴാളകലയായും  ചോഴികളിയെ ഇന്നത്ത തലമുറ കാണുന്നു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home